നയങ്ങളില്‍ യൂ ടേണ്‍ അടിച്ച് പിണറായി സര്‍ക്കാര്‍; മലക്കം മറിച്ചില്‍ യു.എ.പി.എ മുതല്‍ ലോകായുക്ത വരെ


ബിജു പരവത്ത്

യു.എ.പി.എ. മുതല്‍ ലോകായുക്തവരെയുള്ള വിഷയങ്ങളില്‍ സി.പി.എമ്മിന്റെ നയംമാറ്റം ഈ ചോദ്യമാണുയര്‍ത്തുന്നത്

മുഖ്യമന്ത്രി പിണറായി വിജയൻ|ഫോട്ടോ:മാതൃഭൂമി

ഇടതുപക്ഷം എത്രശതമാനം ഇടതുപക്ഷത്താണ്? യു.എ.പി.എ. മുതല്‍ ലോകായുക്തവരെയുള്ള വിഷയങ്ങളില്‍ സി.പി.എമ്മിന്റെ നയംമാറ്റം ഈ ചോദ്യമാണുയര്‍ത്തുന്നത്. മുന്‍കാലങ്ങളില്‍ ഇടതുപക്ഷം സ്വീകരിച്ച നയങ്ങളില്‍നിന്ന് ഏറെ മാറിയാണ് സര്‍ക്കാരിന്റെ പോക്ക്. വികസനത്തിനും സാമൂഹികമുന്നേറ്റത്തിനും അടിസ്ഥാനസൗകര്യവികസനത്തിനും അനിവാര്യമായ മാറ്റമെന്നാണ് ഇതിന് രാഷ്ട്രീയമായുള്ള വിശദീകരണം

കടിക്കാത്ത ലോകായുക്ത- 2019 നവംബര്‍ 16

കുരയ്ക്കാനറിയുന്ന എന്നാല്‍, കടിക്കാനറിയാത്ത കാവല്‍നായയാണ് ഓംബുഡ്‌സ്മാന്‍ എന്ന് പൊതുവിലൊരു വിലയിരുത്തലുണ്ട്. എന്നാല്‍, കുരയ്ക്കാന്‍ മാത്രമല്ല, കടിക്കാനും കഴിയുന്ന അധികാരം സര്‍ക്കാര്‍ കേരളത്തിലെ ലോകായുക്തയ്ക്ക് നല്‍കിയിട്ടുണ്ട്. അഴിമതിക്കും ദുര്‍ഭരണത്തിനും വിരുദ്ധമായ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് ലോകായുക്ത.

- മുഖ്യമന്ത്രി പിണറായി വിജയന്‍ (ലോകായുക്ത ദിനാഘോഷത്തിലെ പ്രസംഗം)

പിണറായിയുടെ ഈ പ്രസംഗത്തിന് മൂന്നുവര്‍ഷമാകും മുമ്പ് ലോകായുക്തയുടെ 'കടിക്കാനുള്ള അധികാരം' എടുത്തുകളയാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സര്‍ക്കാര്‍. ഒരുകാലത്ത് ശക്തമായ ലോക്പാല്‍ നിയമത്തിനുവേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയ പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടിതന്നെ കേരളം ഭരിക്കുമ്പോഴാണ് പൊതുപ്രവര്‍ത്തകരെ ലോകായുക്തയുടെ കാര്‍ക്കശ്യത്തില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കം. ലോകായുക്തയുടെ പല്ലുകൊഴിക്കുന്ന ഭേദഗതിബില്‍ ചൊവ്വാഴ്ചയാണ് വീണ്ടും നിയമസഭയുടെ പരിഗണനയ്ക്കുവരും.

സ്വകാര്യമായൊരു നയംമാറ്റം- 2016 ജനുവരി 19

2016 ജനുവരി 19-യു.ഡി.എഫിന്റെ ഭരണകാലം. കോവളത്ത് ആഗോളവിദ്യാഭ്യാസ ഉച്ചകോടി നടക്കുന്നു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച സമിതി സ്വകാര്യസര്‍വകലാശാലകള്‍ക്ക് അനുകൂലമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഉച്ചകോടി.

ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചു. 'ചില വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് സര്‍വകലാശാലകൂടി നല്‍കി അവരുടെ 'വില്‍പ്പന നിലവാരം' മെച്ചപ്പെടുത്താനാണ് യു.ഡി.എഫ്. സര്‍ക്കാര്‍ സ്വകാര്യസര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനു തത്രപ്പെടുന്നത്' എന്നാണ് അന്ന് സി.പി.എം. കുറ്റപ്പെടുത്തിയത്.

പിണറായി സര്‍ക്കാര്‍ വന്നതോടെ യു.ഡി.എഫ്. കാലത്തുചെയ്ത അതേനടപടി ആവര്‍ത്തിച്ചു. സ്വകാര്യസര്‍വകലാശാലയ്ക്ക് അനുകൂലമായി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി.

ഇതു നടപ്പാക്കുന്നതിന് മാര്‍ഗരേഖയുണ്ടാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതിയും രൂപവത്കരിച്ചു. 15 സ്ഥാപനങ്ങളാണ് സ്വകാര്യസര്‍വകലാശാല സ്ഥാപിക്കാന്‍ അപേക്ഷയുമായി ഇതിനോടകം സര്‍ക്കാരിന്റെ മുമ്പിലെത്തിയത്.

ആ തൊഴിലാളിയല്ല ഈ തൊഴിലാളി- 2019 നവംബര്‍ 18

കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുകമാത്രമല്ല, തടയാന്‍ പ്രത്യക്ഷസമരം നടത്തുകയും ചെയ്യുന്നത് ഇടതുപക്ഷമാണ്. കേരളത്തിലെ കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള തീരുമാനമുണ്ടായപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കാനും തയ്യാറായി. എച്ച്.എന്‍.എല്‍. അങ്ങനെ ഏറ്റെടുക്കുകയും ചെയ്തു.

പക്ഷേ, പൊതുമേഖലാസ്ഥാപനങ്ങളില്‍ മറ്റൊരു രീതിയിലുള്ള സ്വകാര്യവത്കരണപരീക്ഷണം സംസ്ഥാനസര്‍ക്കാരും നടപ്പാക്കി. കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ഈ പരീക്ഷണമാണ്. കെ.എസ്.ആര്‍.ടി.സി.ക്ക് ബാധകമായ സര്‍ക്കാര്‍ നിയമനം, തൊഴിലവകാശം, കൂലിനിബന്ധന ഇതെല്ലാം സ്വിഫ്റ്റില്‍ ഒഴിവാക്കി. പൊതുമേഖലയുടെ സ്വകാര്യവത്കരണത്തിന്റെ കേരളമോഡല്‍ ആണ് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ്.

വ്യവസായസൗഹൃദകേരളം എന്ന പേരുണ്ടാക്കാന്‍ ഉദാരസമീപനവും അതിനുതകുന്ന പദ്ധതികളുമാണ് ഇപ്പോഴത്തെ ഇടതുസര്‍ക്കാരിനുള്ളത്. സ്വകാര്യവ്യവസായങ്ങള്‍ക്ക് അനുമതി വേഗത്തിലാക്കി. എന്നാല്‍, ഒരുപടികൂടി കടന്ന് സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ തുടങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു. പ്രത്യേക സാമ്പത്തികമേഖലയെ ഇടതുപക്ഷം എതിര്‍ത്തത് തൊഴിലാളികളുടെ അവകാശം നിഷേധിക്കപ്പെടുമെന്നത് ചൂണ്ടിക്കാട്ടിയാണ്. പ്രത്യേക സാമ്പത്തികമേഖലയുടെ വ്യാവസായികരൂപമാണ് സ്വകാര്യ വ്യവസായപാര്‍ക്ക്. ഇവിടത്തെ നിയന്ത്രണാധികാരി സ്വകാര്യഗ്രൂപ്പാകും.

രാജ്യത്തിന്റെ സ്വാശ്രയത്വം തകര്‍ക്കുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ ശിങ്കിടിമുതലാളിത്തം പ്രോത്സാഹിപ്പിക്കുകയാണ്. പൊതു ആസ്തികള്‍ സംരക്ഷിക്കണം. ഇതിനായി പ്രക്ഷോഭപരിപാടികള്‍ നടത്തും.

-സി.പി.എം. പൊളിറ്റ് ബ്യൂറോ പ്രസ്താവന,

ചോരയില്‍പിറന്ന സ്വാശ്രയം

വര്‍ഷം 2002-എ.കെ. ആന്റണിയുടെ ഭരണകാലം. രണ്ട് സ്വാശ്രയകോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന നയവുമായി സംസ്ഥാനത്ത് സ്വകാര്യ-സ്വാശ്രയ എന്‍ജിനിയറിങ്, മെഡിക്കല്‍ കോളേജുകള്‍ക്ക് സര്‍ക്കാര്‍ വ്യാപകമായി അംഗീകാരം നല്‍കി. 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ കോളേജിലെ ഫീസ്. അവശേഷിച്ച 50 ശതമാനം സീറ്റില്‍ മാനേജ്മെന്റ് നിശ്ചയിക്കുന്ന ഫീസ്. സി.പി.എം. ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളും എസ്.എഫ്.ഐ. ഉള്‍പ്പെടെയുള്ള ഇടതുവിദ്യാര്‍ഥി സംഘടനകളും അഴിച്ചുവിട്ടത് വമ്പന്‍ പ്രതിഷേധം. സമരമുഖങ്ങള്‍ ചോരച്ചാലുകളായി.

2006-'11 കാലഘട്ടത്തിലെ വി.എസ്. സര്‍ക്കാരിന്റെ കാലത്തും സ്വാശ്രയകോളേജുകളും സ്വാശ്രയകോഴ്‌സുകളും തുടങ്ങേണ്ടെന്നായിരുന്നു പാര്‍ട്ടിനയം. അത്തരം സ്ഥാപനങ്ങള്‍ക്കും കോഴ്സുകള്‍ക്കും അനുമതിയും നല്‍കിയില്ല. പിണറായി സര്‍ക്കാര്‍ സ്വാശ്രയകോളേജുകളും കോഴ്‌സുകളും അനുവദിച്ചു. മൂന്ന് സ്വകാര്യ എന്‍ജിനിയറിങ് കോളേജുകള്‍ക്ക് ഇതിനോടകം സ്വയംഭരണപദവിയും നല്‍കി. സര്‍ക്കാര്‍ മേഖലയിലെ കോളേജുകള്‍ക്കുപോലും സ്വയംഭരണപദവി നല്‍കുന്നതിന് എതിരായിരുന്നു ഇടതുനയം. എറണാകുളം മഹാരാജാസ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എന്നീ സര്‍ക്കാര്‍ കോളേജുകള്‍ക്ക് സ്വയംഭരണപദവി നല്‍കുന്നത് പരിശോധിക്കാനെത്തിയ യു.ജി.സി. സംഘത്തെ ഇടതുയൂണിയനുകള്‍ തടയുന്ന സ്ഥിതിയില്‍നിന്നാണ് ഈ നയംമാറ്റം.

മാവോവാദി ചാപ്പകുത്തല്‍- 2020 ഒക്ടോബര്‍ 21

യു.എ.പി.എ.ക്കെതിരേ സി.പി.എമ്മിന്റെ ഈ പ്രഖ്യാപിതനിലപാട് യെച്ചൂരി പറയുന്നതിന് ഒരുവര്‍ഷംമുമ്പാണ് കോഴിക്കോട് പന്തീരാങ്കാവില്‍ അലന്‍, താഹ എന്ന രണ്ടു ചെറുപ്പക്കാരു?െട പേരില്‍ യു.എ.പി.എ. ചുമത്തപ്പെട്ടത്. മാവോവാദിബന്ധം ആരോപിച്ചായിരുന്നു ഇത്. കുറ്റംചുമത്തി മൂന്നുവര്‍ഷത്തിനുശേഷം കഴിഞ്ഞദിവസമാണ് ഹൈക്കോടതിയില്‍ ഇവര്‍ക്കുമേലുള്ള യു.എ.പി.എ. ഒഴിവാക്കാന്‍ തീരുമാനമെടുക്കുന്നത്. സമരക്കാരെ 'അര്‍ബന്‍ നക്‌സലൈറ്റ്' എന്ന് മുദ്രകുത്തി തീവ്രവാദികളാക്കുന്ന രീതി കേന്ദ്രസര്‍ക്കാരാണ് തുടങ്ങിയത്. സംസ്ഥാനത്ത് സമാനരീതിയില്‍ 'മാവോവാദികളെ' സൃഷ്ടിക്കുന്ന പോലീസ് നയമുണ്ടായി.

ഈയടുത്ത് കോഴിക്കോട് വെള്ളയില്‍ മാലിന്യപ്ലാന്റിനെതിരേ സമരം നടത്തുന്നവരില്‍വരെ 'മാവോവാദി' ചാപ്പകുത്താന്‍ സി.പി.എം. നേതാക്കളും സര്‍ക്കാരും ശ്രമിച്ചു.പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം എട്ടു മാവോവാദികളെയാണ് വെടിവെച്ചുകൊന്നത്. മാവോവാദികള്‍ കൊല്ലപ്പെട്ടപ്പോള്‍, ഏറ്റുമുട്ടലില്‍ മരിച്ചെന്നാണ് സര്‍ക്കാര്‍വാദം. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം എന്നാണ് സി.പി.ഐ. ഇതിനെ വിശേഷിപ്പിച്ചത്.

യു.എ.പി.എ.യും രാജ്യദ്രോഹനിയമവും പിന്‍വലിക്കണം. ബ്രിട്ടീഷ് ഭരണകാലത്തെ കിരാതനിയമമാണ് ഇതിന്റെ പേരില്‍ നടപ്പാക്കുന്നത്. ഇതിനായി രാജ്യത്ത് രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പൗരാവകാശസംഘടനകളുടെയും കൂട്ടായ്മകള്‍ ഉയര്‍ന്നുവരണം.

-സീതാറാം യെച്ചൂരി, സി.പി.എം. ജനറല്‍ സെക്രട്ടറി

Content Highlights: LDF Government cpm pinarayi vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented