തിരുവനന്തപുരം: ഭൂമി കയ്യേറ്റങ്ങള്‍ തടയാന്‍ പുതിയ നിയമം വരുന്നു. നിയമത്തിന് സാധുതയുണ്ടെന്ന് നിയമവകുപ്പ് ഉപദേശം നല്‍കി. ആന്റി ലാന്‍ഡ് ഗ്രാബ് ആക്ട് എന്നാണ് നിയമം അറിയപ്പെടുക.

നിയമത്തിന്റെ കരട് രൂപം റവന്യൂ വകുപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. നിയമത്തിലൂടെ പുതിയ ട്രൈബ്യൂണല്‍ രൂപീകരിക്കും. ആന്ധ്രാ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നിയമമുണ്ട്. ഇവയുടെ മാതൃകയിലാണ് കേരളവും പുതിയ നിയമം രൂപീകരിക്കുന്നത്. 

കേരളത്തില്‍ ഭൂമിയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമങ്ങളുണ്ട്. പല ഭൂമിയുമായും അനുബന്ധിച്ച് കേസുകളും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ പുതിയൊരു നിയമത്തിന് സാധുതയുണ്ടോ എന്ന് റവന്യൂ വകുപ്പ് നിയമവകുപ്പിനോട് ഉപദേശം തേടിയിരുന്നു. ഇതിലാണിപ്പോള്‍ റവന്യൂവകുപ്പിന് അനുകൂലമായ മറുപടി വന്നിരിക്കുന്നത്. ഏറെ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ നിയമമുണ്ടാക്കാം എന്ന മറുപടി അവര്‍ നല്‍കിയിരിക്കുന്നത്.

നിയമമുണ്ടാക്കുന്നതുകൊണ്ട് ഭരണഘടനാലംഘനം ഉണ്ടാവുന്നില്ല. മറ്റ് നിയമങ്ങള്‍ ഉണ്ടെങ്കില്‍പ്പോലും ഈ നിയമത്തിന് സാധുത നിലനില്‍ക്കുന്നു എന്നാണ് നിയമവകുപ്പ് അറിയിച്ചിരിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസങ്ങളില്‍ നിയമം സഭയില്‍ അവതരിപ്പിക്കാനാണ് റവന്യൂ വകുപ്പിന്റെ നീക്കം.