തിരുവനന്തപുരം: ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ നൽകിയ ഹൈക്കോടതി വിധി സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന കേന്ദ്ര നീക്കത്തിനുള്ള തിരിച്ചടിയെന്ന് എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനക്കാരുടെ നീക്കം പരാജയപ്പെട്ടെന്നും വിജയരാഘവൻ വ്യക്തമാക്കി.
കേരളത്തിലെ ഭവന നിർമാണ പദ്ധതിയെ അട്ടിമാറിക്കാൻ ഗൂഢാലോചന നടത്തുന്ന പ്രതിപക്ഷത്തിനും അസത്യപ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു സംഘം മാധ്യമങ്ങൾക്കുമുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ഏതെങ്കിലും ആക്ഷേപവുമായി സംസ്ഥാന സർക്കാരിന് ബന്ധമില്ലെന്ന് വിധിയിലൂടെ ബോധ്യമായി. ലൈഫ് മിഷൻ പദ്ധതിക്ക് പുറത്ത് നടന്ന കാര്യമാണിതെന്ന് അംഗീകരിക്കപ്പെട്ടു. പദ്ധതിയിൽ വിദേശസഹായ നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ലംഘനം ഉണ്ടായിട്ടില്ലെന്ന സർക്കാർ വാദവും ഹൈക്കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേയുള്ള സി.ബി.ഐ അന്വേഷണത്തിന് രണ്ട് മാസത്തേക്കാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്. അതേസമയം യൂണിടാക്കിനെതിരായ അന്വേഷണവുമായി സിബിഐക്ക് മുന്നോട്ടുപോകാമെന്നും കോടതി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
content highlights: life mission scam, A Vijayaraghavan, CBI enquiry