m vijayaraghavan
തിരുവനന്തപുരം: മഹാമാരിയെ തടയുന്നതിനേക്കാള്‍ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. മുഖ്യമന്ത്രിക്കെതിരെ പത്രസമ്മേളന പരമ്പര നടക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കോവിഡിനെ പ്രതിരോധിക്കാനുള്ള കേരളസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷത്തിന് ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ട് പ്രളയങ്ങള്‍, ഓഖി ദുരന്തം, കോവിഡ്-19 കാലത്തൊക്കെ ഇടതുസര്‍ക്കാര്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷത്തിന് ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യാനുള്ള വാദങ്ങള്‍ നിരന്തരം ഉയര്‍ത്തുക എന്ന പ്രവര്‍ത്തനശൈലിയിലേക്ക് പ്രതിപക്ഷം മാറിയിരിക്കുന്നു. നാടിന് വേണ്ടത് ഇത്തരം പ്രവര്‍ത്തനമല്ല. അതിജീവനത്തിന്റെ ഈ കേരള മാതൃകയെ പ്രതിപക്ഷം കരിവാരിത്തേക്കരുത്.
പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാം, കുറവുകള്‍ ചൂണ്ടിക്കാണിക്കാം. അത് സ്വാഭാവികമാണ്. എന്നാല്‍ കുടുംബാംഗങ്ങളെ ആക്ഷേപിക്കരുത്. പൊതുപ്രവര്‍ത്തകന്റെ സ്വകാര്യ ജീവിതം ഇത്തരത്തില്‍ ചികയുന്നത് മാന്യതയല്ല. യുഡിഎഫ് നേതാക്കളുടെ മക്കളുടെ ഇടപാടുകളെ ഇങ്ങനെ ചികഞ്ഞെടുക്കാന്‍ തുടങ്ങിയാല്‍ അത് പൊതുജീവിത മാന്യതയില്‍ ഉള്‍ക്കൊള്ളിക്കാനാവുമോ എന്നും അദ്ദേഹം ചോദിച്ചു.
ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എത്ര നികൃഷ്ടമായാണ് പെരുമാറുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇന്നലെ കണ്ടത്. ആസൂത്രിതമായ ആക്രമണമാണ് ഇത്.
മികച്ച പ്രവര്‍ത്തനം നടത്തിയ മുഖ്യമന്ത്രിയെ ആസൂത്രിതമായി ആക്രമിക്കുന്നതിലൂടെ കേരളീയ സമൂഹത്തെയാണ് പ്രതിപക്ഷം വെല്ലുവിളിക്കുന്നത്. സ്വയം അപഹാസ്യരാവുന്ന ഇവരെ കേരളം നിരാകരിക്കുക തന്നെ ചെയ്യുമെന്നും എം വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..