തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വലിയ ശ്രമം നടന്നുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ മുന്നണി പിന്തുണയ്ക്കുകയാണ്. എന്നാല്‍, സര്‍ക്കാരിനെതിരെ ബി.ജെ.പിയും യു.ഡി.എഫും നടത്തിയ പ്രചാരണങ്ങളെ മറികടക്കാനായില്ല. നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരികെ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കും. ഒരു തിരഞ്ഞെടുപ്പ് തോല്‍വികൊണ്ട് ഇടതുപക്ഷം ഇല്ലാതാവില്ലെന്നും എല്‍.ഡി.എഫ് യോഗത്തിനുശേഷം കണ്‍വീനര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ അകന്നുപോയ ആളുകളെ ഇടതുപക്ഷ മുന്നണിയോട് അടുപ്പിക്കാനുള്ള സംഘടന പ്രവര്‍ത്തനവും പ്രചാരണ പ്രവര്‍ത്തനവും നടത്തും. ആ ജനവിഭാഗങ്ങളെ മുന്നണിയോട് അടുപ്പിക്കണം എന്ന സമീപനമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. തിരഞ്ഞെടുപ്പ് നവോഥാന പ്രവര്‍ത്തനമല്ല. നവോഥാനം തുടര്‍ച്ചയായ പ്രക്രിയമാണ്.

ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോട് എല്ലാ കാലത്തും സ്നേഹം ഉണ്ട്. ഒരു തിരഞ്ഞെടുപ്പ് തോല്‍വി കൊണ്ട് ഇടതുപക്ഷം ഇല്ലാതാവില്ല. 17 ലോകസഭ തിരഞ്ഞെടുപ്പില്‍ നാല് തവണ മാത്രമാണ് ഇടതുപക്ഷത്തിന് മേല്‍ക്കൈ ഉണ്ടായിട്ടുള്ളത്. ഘടകകക്ഷികളെല്ലാം തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്തി. ദേശീയ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. മോദിക്കെതിരായ ജനവിധിയാണ് കേരളത്തിലുണ്ടായത്. മതേതര സര്‍ക്കാര്‍ എന്ന ഇടത് പക്ഷ പ്രചരണത്തെക്കാള്‍ സ്വീകാര്യത കോണ്‍ഗ്രസിന് ലഭിച്ചു. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചതും കോണ്‍ഗ്രസിന് അനുകൂലമായെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

content highlights: LDF Convener, A Vijayaraghavan, press meet, CPIM, CPI