തൃശൂർ: പാർട്ടി സെക്രട്ടറിയുടെ മകൻ ചെയ്ത തെറ്റിന്റെ ധാർമിക ഉത്തരവാദിത്തം സിപിഎമ്മിന് ഇല്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ബിനീഷ് സിപിഎം നേതാവല്ലെന്നും മകൻ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം അച്ഛനെന്ന നിലയിൽ കോടിയേരിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കേണ്ടെന്നും എ വിജയരാഘവൻ വ്യക്തമാക്കി.
നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഇക്കാര്യത്തിൽ സിപിഎമ്മിന് യാതൊരു ബന്ധവുമില്ല. പാർട്ടി സെക്രട്ടറിയുടെ മകൻ ചെയ്ത തെറ്റിന് മകൻ തന്നെ ശിക്ഷ അനുഭവിക്കും. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി നേരത്തെ വ്യക്തമാക്കിയതാണെന്നും എൽഡിഎഫ് കൺവീനർ ആവർത്തിച്ചു.
ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റ് പാർട്ടിയെ സംബന്ധിച്ച് രാഷ്ട്രീയ വിഷയമല്ല. പ്രതിപക്ഷം രാഷ്ട്രീയ താത്‌പര്യങ്ങൾ ലക്ഷ്യമിട്ടാണ് ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരുതെറ്റിനേയും പ്രോത്സാഹിപ്പിക്കില്ല. അന്വേഷണ ഏജൻസികൾ രാഷ്ട്രീയമായി നീങ്ങുകയാണെങ്കിൽ അതിനെക്കുറിച്ച് അപ്പോൾ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
content highlights:ldf convener a vijayaraghavan on bineesh kodiyeri arrest