കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്ത കാരാട്ട് ഫൈസലിനോട്‌ തദ്ദേശ തിരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് പിന്‍മാറാന്‍ സിപിഎം ആവശ്യപ്പെട്ടു. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലാണ് ഫൈസല്‍ മത്സരിക്കുമെന്ന് അറിയിച്ചിരുന്നത്. 

നിലവില്‍ നഗരസഭാ ഇടത് കൗണ്‍സിലറായ ഫൈസലിനെ ചുണ്ടപ്പുറം ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി പി.ടി.എ.റഹീം എംഎല്‍എയാണ് പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനായിരുന്നു തീരുമാനം. 

സിപിഎം ജില്ലാ കമ്മിറ്റിയാണ് ഫൈസലിനോട് മത്സര രംഗത്ത് നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണിത്. 

സ്വര്‍ണക്കടത്ത് കേസില്‍ ഫൈസലിനെ കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാണ് ഫൈസല്‍.

കാരാട്ട് ഫൈസലിനെ മത്സരിപ്പിക്കുന്നതില്‍ സിപിഎമ്മിനുള്ളില്‍ തന്നെ എതിര്‍വികാരം ഉയര്‍ന്നിരുന്നു. സിപിഎമ്മിന് ചില മാനദണ്ഡങ്ങളുണ്ട്. അതനുസരിച്ചാകും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ തവണത്തെ മാനദണ്ഡമല്ല ഇത്തവണത്തേതെന്നും സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു.

Content Highlights: ldf candidate karat faisal-cpm-koduvally municipality