ഉപ്പള (കാസർകോട്): അസാധ്യമാണെന്ന് തോന്നിയ കാര്യങ്ങള്‍ ഇന്ന് കേരളത്തില്‍ യാഥാര്‍ത്ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  എല്‍ഡിഎഫ് വടക്കന്‍ മേഖല പ്രചരണ ജാഥ കാസര്‍കോട് ഉപ്പളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ നേട്ടങ്ങൾ ഓരോന്നും എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

''ഈ കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ നിരാശക്ക് മാറ്റം വന്നു, അത് പ്രത്യാശയായി മാറി. എല്ലാ വിഭാഗം ജനങ്ങളും എല്‍ഡിഎഫ് ചെയ്ത കാര്യങ്ങള്‍ക്ക് തുടര്‍ച്ച വേണമെന്ന് ആഗ്രഹിക്കുകയാണ്''.-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

നമ്മുടെ നാടിനെ ശരിയായ ദിശാബോധത്തോടെ മുന്നോട്ട് നയിക്കാന്‍ എല്‍ഡിഎഫിനേ കഴിയൂവെന്നും ആളുകള്‍ പറയുന്നു. ജനങ്ങളിലാകെ ആത്മവിശ്വാസം വര്‍ധിച്ചു. ജനങ്ങളും സര്‍ക്കാരും തമ്മില്‍ ഒരു ആത്മബന്ധമുണ്ടായി. ഇത് തങ്ങളുടെ അടിവേര് വല്ലാതെ ഇളകുന്നുവെന്ന് നമ്മുടെ നാട്ടിലെ പ്രതിപക്ഷ ശക്തികള്‍ മനസ്സിലാക്കി. അവരെ പോലെ കെട്ടവരാണ് എല്‍ഡിഎഫ് എന്ന് അവര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇതിനായി വലിയ നശീകരണ വാസനയോടെയുള്ള പ്രചാരണം പ്രതിപക്ഷം ഏറ്റെടുത്തു. കൂടെ അട്ടിമറി ദൗത്യവുമായി ചില കേന്ദ്ര ഏജന്‍സികളും വന്നു. ഒപ്പം ഈ സര്‍ക്കാരിനെ എങ്ങനെയെങ്കിലും താഴെയിറക്കണമെന്ന് ശപഥം ചെയ്തിട്ടുള്ള ചില മാധ്യമങ്ങളും. ആ മലവെള്ളപ്പാച്ചിലിനൊന്നും എല്‍ഡിഎഫിനെ ഒന്നും ചെയ്യാനായില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തങ്ങളില്‍ പ്രതിസന്ധി ഉണ്ടായപ്പോഴും നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ആകാവുന്നതെല്ലാം ചെയ്തു. ജനങ്ങളുടെ ഒരുമയ്ക്കും ഐക്യത്തിനും വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊണ്ടത്. അതിന് ഫലമുണ്ടായി. ഈ വലിയ ദുരന്തങ്ങളെ ഏകോപിതമായി നേരിടാനായി. 

കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങള്‍ അധികാരത്തിലേറിയാന്‍ ചിലത് ചെയ്യുമെന്ന് ജനങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഒന്നും ചെയ്തില്ലെങ്കിലും ഈ നാശം ഒന്ന് ഒഴിഞ്ഞ് കിട്ടിയാല്‍ മതിയെന്നാണ് അന്ന് ജനം പറഞ്ഞതെന്നും മുൻ സർക്കാരിനെ പരാമർശിച്ച് പിണറായി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയ മുഖ്യമന്ത്രി പ്രതിപക്ഷത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.