അഭിഭാഷകർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചപ്പോൾ, അഭിഭാഷകന്റെ മുതുകിലെ അടിയേറ്റ പാട്
ആറ്റിങ്ങല്‍: പോലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനെ ഇന്‍സ്പെക്ടര്‍ മര്‍ദിച്ചുവെന്നാരോപിച്ച് അഭിഭാഷകര്‍ പോലീസ് സ്റ്റേഷന് മാര്‍ച്ചും ഉപരോധവും നടത്തി. ബാര്‍ അസോസിയേഷന് പ്രതിനിധികളും പോലീസ് അധികൃതരും തമ്മില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്ന്, ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ചുമതലകളില്‍നിന്നു മാറ്റി. തുടര്‍ന്നാണ് അഭിഭാഷകര്‍ ഉപരോധം അവസാനിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം.
വിവരാവകാശരേഖയുമായി ബന്ധപ്പെട്ട ആവശ്യത്തിന് ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനിലെത്തിയ ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകന് കിളിമാനൂര്‍ സ്വദേശി മിഥുന് മധുസൂദനനെ സി.ഐ. പ്രതാപചന്ദ്രന് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തെക്കുറിച്ച് ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ പറയുന്നതിങ്ങനെ: പോലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകന് സ്റ്റേഷനകത്ത് കയറിയതിനെ പാറാവുനിന്ന പോലീസുകാരന് ചോദ്യംചെയ്തു. ഇത് ഇരുവരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. അഭിഭാഷകന് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ബാര്‍ അസോസിയേഷന് പ്രസിഡന്റ് രാജ്മോഹന്‍, സെക്രട്ടറി ഷിഹാബുദീന്‍, വൈസ് പ്രസിഡന്റ് ലിഷാരാജ് എന്നിവര്‍ സ്റ്റേഷനിലെത്തി.
സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ. സെന്തില്കുമാറുമായി സംസാരിച്ച് വിഷയം പരിഹരിച്ച് പുറത്തിറങ്ങി. ഈ സമയം വാഹനത്തില്‍ സ്റ്റേഷനിലെത്തിയ സി.ഐ., അസോസിയേഷന് ഭാരവാഹികളെ തള്ളിപ്പുറത്തിറക്കിവിടുകയും ലാത്തികൊണ്ട് മിഥുന് മധുസൂദനന്റെ മുതുകത്ത് അടിക്കുകയും ചെയ്തു.
അനുവാദമില്ലാതെ സ്റ്റേഷനകത്തുകയറിയ അഭിഭാഷകന് രേഖകള്‍ സൂക്ഷിക്കുന്ന മുറിയിലേയ്ക്ക് പോകുന്നതു കണ്ട് പാറാവുകാരന് തടയുകയും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ പ്രകോപിതനായ അഭിഭാഷകന് പാറാവുകാരനെ അധിക്ഷേപിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബാര്‍ അസോസിയേഷന് ഭാരവാഹികളെത്തി സംസാരിക്കുന്നതിനിടയില്‍ പാറാവുകാരനെ അഭിഭാഷകന് പിടിച്ച് തള്ളുകയും ചെയ്തു. എസ്.ഐ.യുമായി സംസാരിച്ച് പുറത്തിറങ്ങിയശേഷവും മിഥുന് മധുസൂദനന് പോലീസുകാരനെ ആക്ഷേപിച്ചു.
വിശ്രമത്തിലായിരുന്ന സി.ഐ. സ്റ്റേഷനില്‍ സംഘര്‍ഷം നടക്കുന്നതറിഞ്ഞ് വാഹനത്തില്‍ സ്ഥലത്തെത്തുകയും അഭിഭാഷകരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
മര്‍ദനമേറ്റ മിഥുന് മധുസൂദനന് വലിയകുന്ന് താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലും ചികിത്സതേടി.
അഭിഭാഷകനെ മര്‍ദിച്ച ഇന്‍സ്പെക്ടര്‍ക്കും പോലീസുകാരനും എതിരേ വകുപ്പുതല നടപടിയെടുക്കണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകര്‍ വൈകീട്ട് നാലുമണിയോടെ സ്റ്റേഷന് മാര്‍ച്ച് നടത്തിയത്. സ്റ്റേഷന്‍കവാടത്തില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് അഭിഭാഷകര്‍ സ്റ്റേഷന്കവാടം ഉപരോധിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധിയായെത്തിയ സ്പെഷ്യല്‍ബ്രാഞ്ച് ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട് കീലര്‍, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. സുനീഷ്ബാബു, വര്‍ക്കല ഡിവൈ.എസ്.പി. നിയാസ് എന്നിവരും ബാര്‍ അസോസിയേഷന് പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തി.
എസ്.പി.യുടെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടറെ ആറ്റിങ്ങല്‍ സ്റ്റേഷന്റെ ചുമതലയില്‍നിന്നു മാറ്റിയതായും പരാതി ലഭിക്കുന്ന മുറയ്ക്ക് അന്വേഷിച്ച് തുടര്‍നടപടികളെടുക്കുമെന്നും പോലീസ് അധികൃതര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് അഭിഭാഷകര്‍ ഉപരോധം അവസാനിപ്പിച്ച് പിരിഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജില്ലയിലെ മുഴുവന്‍ കോടതികളും അഭിഭാഷകര്‍ ബഹിഷ്കരിക്കുമെന്ന് ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷന് സെക്രട്ടറി ഷിഹാബുദീന്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..