വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പ്രതിഷേധക്കാർ അടിച്ചു തകർത്ത നിലയിൽ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വിശദീകരിച്ച് ലത്തീന്‍ സഭയ്ക്കു കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ചു. സര്‍ക്കാരിനെയും പോലീസിനെയും കുറ്റപ്പെടുത്തുന്നതാണ് ഇടയലേഖനം. അക്രമ സംഭവങ്ങള്‍ അരങ്ങേറിയ ദിവസം പോലീസും ജനങ്ങളും തമ്മില്‍ വാക്കേറ്റം നടക്കുന്നതിനിടെ സ്റ്റേഷന് എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ ടെറസില്‍നിന്നും സ്റ്റേഷന് ലക്ഷ്യമാക്കി കല്ലേറ് തുടങ്ങിയെന്ന് ഇടയലേഖനത്തില്‍ പറയുന്നു. പ്രകോപിതരായ പോലീസ് സ്ത്രീകളെയടക്കം മര്‍ദിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് ഇടയലേഖനത്തില്‍ അവകാശപ്പെടുന്നത്.
പ്രകോപനപരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചതാണ് വിഴിഞ്ഞത്ത് അനിഷ്ട സംഭവങ്ങളുണ്ടാകാന്‍ കാരണമെന്നാണ് ഇടയലേഖനത്തിലെ വിമര്‍ശനം. അതിജീവനത്തിനായി നടത്തുന്ന സമരത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നവരെ തീവ്രവാദികളായും രാജ്യദ്രോഹികളായും മുദ്രകുത്തുന്ന സര്‍ക്കാര്‍ സമീപനമാണ് പ്രകോപനമുണ്ടാക്കിയത്. സമാധാനമാണ് സഭ ആഗ്രഹിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നിസ്സംഗമനോഭാവം പ്രതിഷേധാര്‍ഹമാണ്.
തീരശോഷണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട്, മത്സ്യബന്ധനം ദുഷ്കരമായി പുനരധിവാസം മുടങ്ങിയപ്പോഴാണ് സമരം ആരംഭിച്ചത്. ഈ വിഷയത്തിലുണ്ടായ ചര്‍ച്ചകളിലുടനീളം സമയവായത്തിന് പകരം തീരുമാനം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഗോഡൗണുകളിലും സ്കൂളുകളിലും കഴിയുന്നവരെ 5500 രൂപ വാടക നല്കി മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. മറ്റാവശ്യങ്ങളിലും സമരസമിതിയുമായി സമവായത്തിലെത്താന്‍ മന്ത്രിസഭാ ഉപസമിതി സന്നദ്ധമായില്ലെന്നും ഇടയലേഖനം കുറ്റപ്പെടുത്തുന്നു.
നവംബര്‍ 27-ന് വിഴിഞ്ഞം മുക്കോല ഭാഗത്തുവെച്ച് രണ്ടുപ്രദേശവാസികളെ ഷാഡോ പോലീസ് കസ്റ്റഡിയിലെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിവരമന്വേഷിച്ച് പോലീസ് സ്റ്റേഷനിലെത്തിയവര്‍ക്ക് പോലീസ് കൃത്യമായ വിവരം നല്‍കിയില്ല. തുടര്‍ന്ന്, പോലീസുമായി സംസാരിക്കാന്‍ ഇടവക കൗണ്‍സിലിലെ നാലുപേരെ വികാരി ഫാ. മെല്‍ക്കോണ്‍ ചുമതലപ്പെടുത്തി. പോലീസും ജനങ്ങളും തമ്മില്‍ വാക്കേറ്റം നടക്കുമ്പോള്‍ സ്റ്റേഷന് എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ ടെറസില്‍നിന്നും സ്റ്റേഷന് ലക്ഷ്യമാക്കി കല്ലേറ് തുടങ്ങി. പ്രകോപിതരായ പോലീസ് സ്ത്രീകളെ അടക്കം മര്‍ദിക്കുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് ഇടയലേഖനത്തില്‍ പറയുന്നത്.
വിഴിഞ്ഞത്ത് സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അത്തരം നടപടികളൊന്നും ഉണ്ടാവുന്നില്ല. പകരം സമരം നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അതിനാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതുവരെ സമരം തുടരുമെന്നും ഇടയലേഖനത്തില്‍ പറയുന്നു.
Content Highlights: latin diocese circular, vizhinjam protest, accusing government and police for outbreak of violence
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..