തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് എന്‍.സി.പിയില്‍ ചേരും. ചേരും. എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയുമായി ലതികാ സുഭാഷ് ചര്‍ച്ച നടത്തി. ലതിക തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.

'പി.സി. ചാക്കോയുമായി ആശയ വിനിമയം നടത്തിയിരുന്നു. ഞാന്‍ വളരെ ചെറിയ പ്രായം മുതല്‍ കാണുന്ന ഒരു കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹം. അത്തരം ചര്‍ച്ചകള്‍ ആലോചിച്ച് വരികയാണ്. വൈകാതെ എന്റെ നിലപാട് വ്യക്തമാക്കും. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതല്ലാത്ത മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകാന്‍ എനിക്ക് കഴിയുകയില്ല. കോണ്‍ഗ്രസിന്റെ പാരമ്പര്യത്തില്‍ വന്ന വ്യക്തി എന്ന നിലയില്‍ അത്തരം ചില ആലോചനകളുണ്ട്. വളരെ വൈകാതെ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെക്കും,'ലതികാ സുഭാഷ് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ലതികാ സുഭാഷ് കോണ്‍ഗ്രസുമായി അകന്നത്. തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു അവര്‍. തുടര്‍ന്ന് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്നു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തു.

ഇതിനിടെ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ് എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത പി.സി.ചാക്കോ. അതിന്റെ ആദ്യപടിയാണ് ലതികാ സുഭാഷിനെ പാര്‍ട്ടിയിലെത്തിക്കല്‍. അടുത്തിടെയാണ് തന്നെ അവഗണിക്കുന്നുവെന്നാരോപിച്ച് പി.സി.ചാക്കോ കോണ്‍ഗ്രസ് വിട്ടത്.

content highlights: lathika subhash to join NCP; PC Chacko targets more Congress leaders