
പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന മയ്യത്ത് നമസ്കാരം.സാദിഖലിശിഹാബ് തങ്ങൾ സമീപം | ഫോട്ടോ: സതീശ് കുമാർ കെ.ബി. / മാതൃഭൂമി
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം പൂർത്തിയായി. ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദിൽ വെച്ചായിരുന്നു ഖബറടക്കം. അർധരാത്രിയിലും ആയിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ വേണ്ടി എത്തിയത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പാണക്കാട്ടെ വസതിയില്‍ എത്തിച്ച മൃതദേഹം മലപ്പുറം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ചു. അർധരാത്രി പന്ത്രണ്ടരയോടെ പൊതുദർശനം അവസാനിപ്പിച്ചു. ശേഷം ഖബറടക്കുകയായിരുന്നു. അനിയന്ത്രിതമായ ജനപ്രവാഹത്തെ തുടര്‍ന്നാണ് മുന്‍നിശ്ചയിച്ചതിലും നേരത്തെ ഖബറടക്കിയതെന്ന് മുസ്ലിംലീഗ് നേതൃത്വം അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിനായിരുന്നു നേരത്തെ ഖബറടക്കം നിശ്ചയിച്ചിരുന്നത്.
മുസ്ലീം ലീഗ് നേതാക്കള്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹീക സാംസ്കാരിക മേഖലയിലെ പ്രമുഖര്‍, പ്രവര്‍ത്തകര്‍, സാധാരണക്കാര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവർ പാണക്കാട്ടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
അര്‍ബുദബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയായിരുന്നു തങ്ങള്‍.
1947 ജൂണ്‍ 15-നായിരുന്നു ജനനം. 2009 ഓഗസ്റ്റില്‍ സഹോദരന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് മുസ്ലിംലീഗ് അധ്യക്ഷപദം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. 13 വര്‍ഷത്തോളമായി ഈ പദവിയില്‍ തുടര്‍ന്നുവരികയായിരുന്നു. 25 വര്‍ഷത്തോളം മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു.
പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലായിരുന്നു സംഘടനാ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അവിടുത്തെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമയുടെ പ്രസിഡന്റായി. 1973-ല്‍ സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫ് രൂപവത്കരിച്ചപ്പോള്‍ അതിന്റെ സ്ഥാപക പ്രസിഡന്റായി. 1979-വരെ ഈ പദവിയില്‍ തുടര്‍ന്നു. 1983-ലാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകുന്നത്. രണ്ടര പതിറ്റാണ്ടിന് ശേഷം സഹോദരന്റെ ഒഴിവില്‍ സംസ്ഥാന അധ്യക്ഷ പദത്തിലേക്കും എത്തി.
നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അഗതി അനാഥ മന്ദിരങ്ങളുടേയും സംഘടനകളുടേയും അധ്യക്ഷനും മഹല്ലുകളുടെ ഖാസിയും കൂടിയായിരുന്നു തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗവുമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..