മൂന്നാറിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി


വാഹനത്തിന് മുമ്പിലേക്ക് കല്ലുവന്നുവീണപ്പോൾതന്നെ ബിജേഷിന് അപകടം മനസ്സിലായി. എത്രയും പെട്ടെന്ന് വണ്ടിയിലുണ്ടായിരുന്നവർ ഇറങ്ങണമെന്ന് നിർബന്ധം പിടിച്ചു. ചെളിയിലൂടെ യാത്രക്കാരെ പുറത്തെത്തിക്കാൻ രൂപേഷിനൊപ്പം ബിജേഷും സഹായിച്ചു.

• മൂന്നാർ-കുണ്ടള റോഡിൽ പുതുക്കടിയിൽ ഉരുൾപൊട്ടി മിനിബസ് തകർന്നനിലയിൽ, ഇൻസൈറ്റിൽ രൂപേഷ്‌

വട്ടവട (ഇടുക്കി): മൂന്നാർ മേഖലയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരത്തിനെത്തിയ കോഴിക്കോട് അശോകപുരം കുന്നിയിൽകാവ് കല്ലട വീട്ടിൽ രൂപേഷിന്റെ (40) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു രൂപേഷ് അടക്കമുള്ള 11 അംഗ സംഘം സഞ്ചരിച്ച ട്രാവലർ അപകടത്തിൽപെട്ടത്. മണ്ണിടിച്ചിലിൽ നൂറടി താഴ്ചയിലേക്ക് ട്രാവലർ മറിയുകയായിരുന്നു.

അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ, ഒലിച്ചുപോയ ബസ് 750 മീറ്റർ താഴെനിന്ന് കണ്ടെത്തി. നിശ്ശേഷം തകർന്നനിലയിലാണ്. ഇതിന് താഴെ ആയിട്ടായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.ടോപ്പ് സ്റ്റേഷനും കുണ്ടള അണക്കെട്ടിനും ഇടയിലുള്ള പ്രദേശത്ത് ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഉരുൾപൊട്ടിയത്. വടകരയിൽനിന്ന് രണ്ട് വാഹനത്തിലെത്തിയ സംഘം ടോപ്പ് സ്റ്റേഷൻ സന്ദർശിച്ച് അണക്കെട്ട് കാണാൻ വരുകയായിരുന്നു. പെട്ടെന്ന് രണ്ട് പാറക്കഷണവും ചെളിയും റോഡിലേക്ക് വീണു. മുൻപിൽ വന്ന മിനിബസ് ചെളിയിൽ പുതഞ്ഞു. അപകടം മനസ്സിലാക്കിയ ഡ്രൈവർ നികേഷ് സഞ്ചാരികളോട് പെട്ടെന്ന് ഇറങ്ങാനാവശ്യപ്പെട്ടു. അവർ ഇറങ്ങി. കാണാതായ രൂപേഷാണ് പലരേയും ഇറങ്ങാൻ സഹായിച്ചത്. ഇതിനിടെ പുറകിലുണ്ടായിരുന്ന വാഹനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. അപ്പോഴാണ് ചെളിയും വെള്ളവും കൂറ്റൻപാറകളും മുകളിൽനിന്ന് ഒഴുകിയെത്തിയത്. ആ സമയം ഡ്രൈവറും രൂപേഷുംകൂടി വാഹനം തള്ളിനീക്കുകയായിരുന്നു. ഡ്രൈവർ ഓടിമാറി. വാഹനം കൊക്കയിലേക്ക് ഒഴുകിപ്പോയി. പിന്നീടാണ് രൂപേഷിനെ കാണാനില്ലെന്നറിയുന്നത്.

മൂന്നാർ പോലീസും അഗ്നിരക്ഷാസേന സംഘങ്ങളും രക്ഷാപ്രവർത്തനത്തിനെത്തി. നാട്ടുകാരും ഉണ്ടായിരുന്നു. ഗ്രാന്റീസും മറ്റും വളർന്നുനിൽക്കുന്ന ഒറ്റപ്പെട്ട പ്രദേശമായതിനാലും, കനത്ത മഴ തുടരുന്നതിനാലും രക്ഷാപ്രവർത്തനം ദുഷ്കരമാണ്. മണ്ണിടിച്ചിൽഭീതിയുമുണ്ടായിരുന്നു. എങ്കിലും രണ്ട് മണിക്കൂറിനുള്ളിൽ വാഹനം കണ്ടെത്താനായി. വാഹനത്തിനുള്ളിൽ വലിയൊരു തടി കുത്തിക്കയറിയിരുന്നു.

ഒഴുകിപ്പോയ വാഹനം നിശ്ശേഷം തകർന്നനിലയിൽ

കുണ്ടള ഭാഗത്തുണ്ടായിരുന്ന വാഹനങ്ങളെല്ലാം മൂന്നാർ മേഖലയിലേക്ക്, ഇൻസ്പെക്ടർ മനേഷ് കെ.പൗലോസിന്റെ നേതൃത്വത്തിൽ കടത്തിവിട്ടു. അപകടത്തിൽപ്പെട്ട വാഹനത്തിലെ സഞ്ചാരികളെ മറ്റൊരു വാഹനത്തിൽ മൂന്നാറിലേക്ക് കൊണ്ടുപോയി. രാത്രി ഏഴുവരെ തിരഞ്ഞെങ്കിലും രൂപേഷിനെ കണ്ടെത്താനായിട്ടില്ല. തുടർന്ന് പുലർച്ചെയോടെ തിരച്ചിൽ വീണ്ടും ആരംഭിക്കുകയായിരുന്നു. കുണ്ടളയ്ക്കുസമീപം എല്ലപ്പെട്ടി എസ്റ്റേറ്റിൽ ശനിയാഴ്ച മണ്ണിടിഞ്ഞിട്ടുമുണ്ട്. ആർക്കും അപായമില്ല. ഇടുക്കി ജില്ലയിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

പുതുക്കടിയിലെ ദുരന്തവഴി; പാറ വീണത് കൺമുൻപിലേക്ക്

വട്ടവട (ഇടുക്കി): മിനിബസിന്റെ ഡ്രൈവർ ബിജേഷിന്റെ മനസ്സാന്നിധ്യം വലിയ ദുരന്തമാണ് ഒഴിവാക്കിയത്. വാഹനത്തിന് മുമ്പിലേക്ക് കല്ലുവന്നുവീണപ്പോൾതന്നെ ബിജേഷിന് അപകടം മനസ്സിലായി. എത്രയും പെട്ടെന്ന് വണ്ടിയിലുണ്ടായിരുന്നവർ ഇറങ്ങണമെന്ന് നിർബന്ധം പിടിച്ചു. ചെളിയിലൂടെ യാത്രക്കാരെ പുറത്തെത്തിക്കാൻ രൂപേഷിനൊപ്പം ബിജേഷും സഹായിച്ചു.

ചെളിയിൽ പൂണ്ട വാഹനം തള്ളിക്കയറ്റുന്നതിനിടെയാണ് വീണ്ടും മലവെള്ളം പാഞ്ഞെത്തിയത്. തലനാരിഴയ്ക്കാണ് ബിജേഷ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.

രൂപേഷ് എല്ലാവരെയും സഹായിച്ചയാൾ

കോഴിക്കോട്ടുനിന്ന് മൂന്നാർ കാണാൻ എത്തിയതാണ് രൂപേഷ്. അമ്മയും ഭാര്യയും കുഞ്ഞും ഉൾപ്പെടെ ഉറ്റവരെല്ലാം കൂടെയുണ്ടായിരുന്നു. രണ്ട് മിനിബസുകളിലെത്തിയ യാത്രക്കാർ ആകെ മനസ്സുതകർന്ന നിലയിലാണ്. ടോപ്പ് സ്റ്റേഷൻ കണ്ട് കുണ്ടള അണക്കെട്ടിലേക്ക് പോകുംവഴി പുതുക്കടിയിൽ എത്തിയപ്പോഴാണ് പാറക്കല്ലും ചെളിയും ഇടിഞ്ഞുവീണത്. രൂപേഷ് സഞ്ചരിച്ചിരുന്ന വാഹനം ചെളിയിൽ പുതഞ്ഞു. ഉടൻതന്നെ രൂപേഷിന്റെ നേതൃത്വത്തിൽ അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും ബന്ധുക്കളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പിന്നീട് രൂപേഷും ഡ്രൈവറുംകൂടി വണ്ടി ചെളിയിൽനിന്ന് തള്ളി നീക്കാൻ ശ്രമിക്കവേയാണ് മുകളിൽനിന്ന് മലവെള്ളം കുതിച്ചെത്തിയത്. രൂപേഷും ഓടിമാറിയെന്നാണ് ഡ്രൈവർ കരുതിയത്. പിന്നീടാണ് രൂപേഷിനെ കാണാനില്ലെന്ന് മനസ്സിലായത്.

യാത്ര നിരോധിച്ചു

വട്ടവട: മൂന്നാർ-വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര ജില്ലാ കളക്ടർ നിരോധിച്ചു.

ഒഴുകിപ്പോയ വാഹനം നിശ്ശേഷം തകർന്നനിലയിൽ

പുതുക്കടിയെ ഞെട്ടിച്ച് ഉരുൾപൊട്ടലുകൾ

വട്ടവട: പെട്ടിമുടി ദുരന്തത്തിന്റെ രണ്ടാംവാർഷിക ദിനത്തിലാണ് കുണ്ടള പുതുക്കടിയിൽ വലിയൊരു ഉരുൾപൊട്ടലുണ്ടായത്‌. വെള്ളവും മണ്ണും പാറയും ഗതിമാറി ഒഴുകിയതിനാൽ അന്ന് വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.

141 കുടുംബങ്ങളിലെ 450 പേരാണ് ഓഗസ്റ്റ് ആറിന് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ഉരുൾപൊട്ടലിൽ മൂന്ന് കടകൾ, ഒരു ക്ഷേത്രം, രണ്ട് ഓട്ടോറിക്ഷകൾ, കൂറ്റൻ കുടിവെള്ള സംഭരണി എന്നിവ തകർന്നു. ഒഴുകിയെത്തിയ രണ്ട് കൂറ്റൻ പാറകൾ പ്രധാനപാതയിൽ തങ്ങി നിൽക്കുകയും ഉരുൾവെള്ളം ഗതിമാറുകയും ചെയ്തതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. മൂന്ന് മാസത്തിന് ശേഷം ശനിയാഴ്ച പുതുക്കടിയിൽ വീണ്ടും ഉരുൾപൊട്ടിയിരിക്കുകയാണ്.

Content Highlights: Landslides in Munnar Passenger van overturned driver missing

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented