തിരുവനന്തപുരം:  കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം തിരുവനന്തപും-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ വൈകും. ഈ റൂട്ടില്‍ ആകെ അഞ്ചിടത്താണ് മണ്ണിടിച്ചിലുണ്ടായത്. നാഗര്‍കോവിലിന് സമീപം ഇരണിയല്‍ ഭാഗത്ത് ട്രാക്കില്‍ വെള്ളം കെട്ടിക്കിടക്കുന്നുമുണ്ട്. മണ്ണ് നീക്കം ചെയ്ത്, വെള്ളം ഒഴിഞ്ഞാല്‍ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയൂ.

ശനിയാഴ്ച്ച രാവിലെ മണ്ണിടിച്ചിലുണ്ടായ പാറശാലയില്‍ ഞായറാഴ്ച്ച വീണ്ടും മണ്ണിടിഞ്ഞ് ട്രാക്കിലേക്ക് വീണു. നേരത്തെ വീണ മണ്ണ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. ഇവിടെ പല ഭാഗവും അടര്‍ന്നിരിക്കുകയാണ്. മഴ ശക്തമാകുകയാണെങ്കില്‍ കൂടുതല്‍ ഭാഗം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്. 

ഇരണിയല്‍ ഭാഗത്ത് ഒരു മീറ്റര്‍ ഉയരത്തിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ട്രാക്കിലെ വെള്ളം ഒഴിഞ്ഞാല്‍ മാത്രമേ സുരക്ഷ ഉറപ്പുവരുത്തി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയൂ. ഈ റൂട്ടില്‍ റെയില്‍ ഗതാഗതം നിലച്ചിട്ട് രണ്ടു ദിവസംപിന്നിട്ടു. ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രെസ് ഉള്‍പ്പെടെ ഇന്നു മാത്രം അഞ്ചു ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 

Content Highlights: landslide on thiruvananthapuram nagercoil railway line several trains were canceled