കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമി ഇടപാട് കേസില്‍ വൈദികരെ എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. എറണാകുളം- അങ്കമാലി അതിരൂപത മോണ്‍സിഞ്ഞോറായിരുന്ന ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടനെയാണ് ഇഡി ചോദ്യം ചെയ്യുന്നത്. മുന്‍ പ്രോക്യൂറേറ്റര്‍ ഫാദര്‍ ജോഷി പുതുവയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. 

സിറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടിന്റെ പേരിലാണ് ഇഡി അന്വേഷണം തുടങ്ങിയിരിക്കുന്നത്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് മോണ്‍സിഞ്ഞോറായിരുന്ന ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, മുന്‍ പ്രോക്യൂറേറ്റര്‍ ഫാദര്‍ ജോഷി പുതുവ എന്നിവരെ ഇഡി ചോദ്യം ചെയ്യുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. 

വിവാദമായ ഭൂമി വില്‍പ്പനയില്‍ കോടികളുടെ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയില്‍, പരാതിക്കാരന്റെ മൊഴി നേരത്തെ ഇഡി രേഖപ്പെടുത്തിയിരുന്നു. കേസില്‍ ആകെ 24 പ്രതികളാണുള്ളത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കിയാണ് ഇഡി കേസെടുത്തിരിക്കുന്നത്. 

സഭയുടെ അധീനയിലുണ്ടായിരുന്ന ഭൂമി ഇടനിലക്കാരനായ സാജു വര്‍ഗീസ് മറിച്ചുവില്‍ക്കുകയായിരുന്നു. മറിച്ചുവില്‍ക്കുമ്പോള്‍ യഥാര്‍ത്ഥ വിലയല്ല അധാരത്തില്‍ കാണിച്ചതെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തുകയും 3.5 കോടി രൂപ പിഴയടക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. പിന്നീടും ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇഡി കേസ് ഏറ്റെടുത്തത്.

Content Highlights: Land transaction in Syro-Malabar Church: ED questions the Priests