കോഴിക്കോട്: കോഴിക്കോട് കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു കുട്ടികള്‍ അടക്കം ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഉരുള്‍പൊട്ടലില്‍ കാണാതായ 10 പേരെ ഇനിയും കണ്ടെത്താനുണ്ട്. മഴയും വെളിച്ചക്കുറവും മൂലം ഏഴു മണിയോടെ തിരച്ചില്‍ നിര്‍ത്തി. ​

മഴക്കെടുതിയില്‍ സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. കോഴിക്കോട് ഉരുള്‍പൊട്ടലില്‍ ആറു പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തി. കാണാതായ 12 പേരെക്കൂടി കണ്ടെത്താനുണ്ട്. കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒമ്പതു വയസുകാരി ദില്‍ന, സഹോദരന്‍ ജാസിം, ഷഹബാസ്, അബ്ദുറഹിമാന്‍, ഹസന്‍, മകള്‍ ഹന്നത്ത് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഏറെ നേരം മണ്ണിനടിയില്‍ കിടന്ന കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വെച്ചാണ് ദില്‍ന മരിച്ചത്. മലവെള്ളപ്പാച്ചിലില്‍ മഞ്ചേരി പുല്‍പറ്റ സ്വദേശി മുഹമ്മദ് സുനീര്‍ മരിച്ചു. 

ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇവിടെ നാല് വീടുകള്‍ തകര്‍ന്നിരുന്നു. കരിഞ്ചോലയിലെ ഹസന്റെയും അബ്ദുറഹിമാന്റെ കുടുംബത്തിലെ അംഗങ്ങളെയാണ് കാണാതായത്. ഇവരില്‍ നാലുപേരെ ഇതുവരെ പുറത്തെടുത്തിട്ടുണ്ട്. നോമ്പുതുറയ്ക്ക് എത്തിയിരുന്ന ബന്ധുക്കള്‍ അടക്കം അപകടം നടക്കുമ്പോള്‍ ഹസ്സന്റെ വീട്ടില്‍ ഏഴു പേരാണുണ്ടായിരുന്നത്. ഹസന്റെയും മകള്‍ ഹന്നത്തിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഈ വീട്ടിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 

kkym
കക്കയത്ത് ഉരുൾ പൊട്ടിയപ്പോൾ.   ഫോട്ടോ: സാജൻ വി.നമ്പ്യാർ. 

അബ്ദുള്‍റഹ്മാന്റെയും സലിം, ഹസന്‍ എന്നിവരുടെയും വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായതിനാല്‍ വീട്ടിലുണ്ടായിരുന്നവരെ കണ്ടെത്താന്‍ മണ്ണു നീക്കിക്കൊണ്ടിരിക്കുകയാണ്. മലമുകളില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ച തടയണ തകര്‍ന്നതാണ് ഈ മേഖലയില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയത്. ചമല്‍ ജിഎല്‍പിസ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. ഇവിടെ 26 കുടുംബങ്ങളില്‍നിന്നായി 92 പേരാണുള്ളത്.

ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ കോഴിക്കോട് മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടി. കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ, വേനപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കക്കയം ടൗണിന് സമീപവും ഉരുള്‍പൊട്ടലുണ്ടായി. വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ബാലുശേരി മങ്കയത്തും നിരവധി വീടുകള്‍ തകര്‍ന്നു. മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും ഉരുള്‍പൊട്ടി.

വയനാട്ടില്‍ വൈത്തിരി തളിപ്പുഴയില്‍ വീടു തകര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്കേറ്റു. പൊഴുതനയില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു. മണ്ണിനടിയില്‍പ്പെട്ട രണ്ടു പേരെ രക്ഷപ്പെടുത്തി.

kkd
കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലയിൽ ഉണ്ടായ ഉരുൾപൊട്ടൽ.   ഫോട്ടോ: കെ.കെ.സന്തോഷ്. 

മഴക്കെടുതികളെ തുടര്‍ന്ന് കണ്ണൂര്‍ കോഴിക്കോട് വയനാട് ജില്ലകളില്‍ പലയിടത്തും വാഹന ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ മാക്കൂട്ടം ചുരം റോഡ് ജൂലൈ 12 വരെ അടച്ചു. ഉരുള്‍പൊട്ടലില്‍ മാക്കൂട്ടത്ത് റോഡ് ഒലിച്ചുപോയ സാഹചര്യത്തിലാണ് പാത അടച്ചത്. തലശേരി - മൈസൂര്‍ റൂട്ടില്‍ മാക്കൂട്ടം വഴി സര്‍വീസ് നടത്തിയിരുന്ന സുപ്പര്‍ ക്ലാസ് ബസുകള്‍ മാനന്തവാടി- കുട്ട വഴി വയനാടിലേക്കും മൈസൂര്‍ ബാംഗ്ലൂര്‍ലേക്കും സര്‍വീസ് നടത്തും.  കോഴിക്കോട് - കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വയനാട് ഭാഗത്തു നിന്ന് കുറ്റ്യാടി ചുരം വഴിയാണ് കോഴിക്കോട് ഭാഗത്തേക്ക് വാഹനങ്ങള്‍ യാത്ര ചെയ്യുന്നത്.

 

ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്. മലപ്പുറത്ത് എട്ടു പഞ്ചായത്തുകളില്‍ കൃഷിസ്ഥലത്തും വീടുകളിലും വെള്ളം കയറി. 

kakkayam
കക്കയം മുപ്പതാം മൈലിൽ മരം വൈദ്യുതി ലൈനിന് മുകളിൽ വീണപ്പോൾ.  ഫോട്ടോ: സാജൻ വി.നമ്പ്യാർ. 

തൃശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ എല്ലാം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു. 

മണ്ണിടിഞ്ഞുവീണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ - ചെറുപുഴ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.

rain
ശക്തമായ മഴവെള്ളത്തിൽ പാറയും മരച്ചില്ലകളും ഒഴുകി താമരശ്ശേരി റോഡ് ​ഗതാ​ഗതം തടസപ്പെട്ടിരിക്കുന്നു

 

ശക്തമായ മഴ 18 വരെ തുടരും

ജൂണ്‍ 18 വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ സേന മുന്നറിയിപ്പു നല്‍കി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് എന്നീ ജില്ലകളില്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ജാഗ്രത പാലിക്കണം. ഈ ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ട്. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്. 48 അംഗ കേന്ദ്ര ദുരന്ത നിവാരണ സേനയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

 

കാലവര്‍ഷക്കെടുതി നേരിടാന്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിക്കും ദുരന്തബാധിത ജില്ലകളിലെ കളക്ടര്‍മാര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. മഴക്കെടുതി രൂക്ഷമായ ഏഴ് ജില്ലകള്‍ക്ക് ദുരിതാശ്വാസത്തിനായി പണം അനുവദിച്ചു. കോഴിക്കോട് 90 ലക്ഷവും കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകള്‍ക്ക് 55 ലക്ഷവും നല്‍കും. വയനാട് 50 ലക്ഷം, ഇടുക്കി, കോട്ടയം ജില്ലകള്‍ക്ക് 35 ലക്ഷവും ദുരിതാശ്വാസ സഹായമായി നല്‍കും.

ജാഗ്രത
കക്കയം ഡാം ഉടന്‍ തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍പുഴ,കടലുണ്ടിപ്പുഴ തുടങ്ങിയവയുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. മലയോര മേഖലയിലൂടെയുള്ള യാത്ര നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

kkd
കോഴിക്കോട് മടവൂരിൽ വെള്ളം കയറിയ നിലയിൽ

തിരുവനന്തപുരത്ത് നെയ്യാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

അവധി
കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പി,എസ്.സി , സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. 

kkd
ഉരുൾപൊട്ടൽ ഉണ്ടായ കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലയിൽ നിന്ന് .  ഫോട്ടോ: കെ.കെ.സന്തോഷ്. 

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ഉച്ചക്കു ശേഷം അവധി നല്‍കി.

rain
പനങ്ങാട് മങ്കയത്ത്  ഉണ്ടായ ഉരുൾപൊട്ടൽ.  ഫോട്ടോ: സാജൻ വി.നമ്പ്യാർ. CH: land slides in Malabar area, Heavy rain continues in Thrissur