ലക്ഷ്മി അച്ഛൻ ശിവപ്രസാദിനും അമ്മ രജനിക്കുമൊപ്പം
കൊച്ചി: ജനിച്ചപ്പോൾ അധികംനാൾ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞായിരുന്നു ലക്ഷ്മി. സെറിബ്രൽ പാൾസിയോടെ ജനിച്ച ആ കുഞ്ഞിന്ന് ബി.എ.ക്കാരിയാണ്. വെറും ബി.എ. ക്കാരിയല്ല, മഹാരാജാസ് കോളേജിൽനിന്നു റെക്കോഡ് മാർക്കോടെ ബി.എ. മലയാളം ഒന്നാം റാങ്ക് നേടിയ മിടുമിടുക്കി. പരീക്ഷയിൽ 3300-ൽ 3232 മാർക്ക്് നേടിയാണ് ലക്ഷ്മി മഹാരാജാസിന്റെ അഭിമാനമായത്. പരീക്ഷയെഴുതാനല്ലാതെ ലക്ഷ്മി, മഹാരാജാസിന്റെ പടി കയറിയിട്ടില്ല. കാരണം പരസഹായമില്ലാതെ നടക്കാനാവില്ല ലക്ഷ്മിക്ക്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ വേറെയും.
സഹപാഠികളായ ലിജി കൃഷ്ണ, ജസീല തസ്നിം, അനഘ ജെ. കാസ്റ്റർ എന്നിവരാണ് പഠനത്തിന് കൂട്ടായത്. കോളേജിൽ ക്ലാസ് നടക്കുമ്പോൾ ജസീല ഫോൺ കോൾ ഓണാക്കും. കൂട്ടുകാർ നോട്ടുകൾ അയച്ചുകൊടുക്കും. പരീക്ഷാ സമയത്ത് കൂട്ടുകാർക്കൊപ്പം ഗൂഗിൾ മീറ്റ് വഴിയോ കോൺഫറൻസ് കോൾ വഴിയോ പഠിക്കും.
മഹാരാജാസിൽ പഠിക്കുന്ന വീടിനടുത്തുള്ള കൂട്ടുകാരി ഐശ്വര്യ സുനിൽ നോട്ടുകൾ കൊണ്ടുവന്നു കൊടുക്കും. പാഠഭാഗങ്ങൾ പറഞ്ഞുകൊടുത്ത് അധ്യാപകരും സഹായിച്ചു. പരീക്ഷയെഴുതാൻ സ്‌ക്രൈബിന്റെ സഹായം തേടി. പരീക്ഷാ സമയത്ത് രാവിലെ ആറുമുതൽ രാത്രി 12.30 വരെയാണ് പഠനം. എത്ര വൈകി കിടന്നാലും പുലർച്ചെ മൂന്നിനു തന്നെ ഉണരും. ഈ ദിനചര്യ പരീക്ഷ കഴിഞ്ഞതോടെ ഉറക്കത്തെയും ബാധിച്ചു. പരീക്ഷയുടെ അവസാന ദിവസം ചർദിച്ച് അവശയായാണ് കോളേജിലെത്തിയത്.
പരിമിതമായ സാഹചര്യങ്ങളിലും കഠിനാധ്വാനം ചെയ്ത ലക്ഷ്മിയുടെ നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് മഹാരാജാസിലെ മലയാളം വിഭാഗം മേധാവി ഡോ. സുമി ജോയി ഓലിയപ്പുറം പറഞ്ഞു.
വലിയ തലയും ഒട്ടിച്ചേർന്ന വിരലുകളുമടക്കം നിരവധി ആരോഗ്യപ്രശ്നങ്ങളുമായാണ് ലക്ഷ്മി ജനിച്ചതെന്ന് അച്ഛൻ നെട്ടൂർ വടശ്ശേരിപറമ്പിൽ ശിവപ്രസാദും അമ്മ രജനിയും പറഞ്ഞു. മരണത്തെ മുഖാമുഖം കണ്ടാണവൾ വളർന്നത്. ഇളയച്ഛന്റെ മക്കൾ സ്‌കൂളിൽ പോവുന്നതു കണ്ടാണ് തനിക്കും സ്‌കൂളിൽ പോകണമെന്ന് കുഞ്ഞുലക്ഷ്മി വാശി പിടിച്ചത്. ഏഴു വയസ്സുള്ളപ്പോൾ ഒന്നിൽ ചേർത്തു. കാൽമുട്ടുകൾ വളയ്ക്കാനാവില്ല. നടക്കാനുമാവില്ല. സ്‌കൂളിലേക്ക് അച്ഛനോ അമ്മയോ എടുത്തുകൊണ്ടു പോവണം. വലുതായപ്പോൾ ഓട്ടോയിലായി യാത്ര. ഡോ. എ.എ. ജോണിന്റെ ചികിത്സയിലാണ് പരസഹായത്തോടെ എങ്കിലും നടക്കാനായത്.
പത്തിൽ 90 ശതമാനം മാർക്കുണ്ട്. പ്ലസ്ടുവിന് 1200-ൽ 902 മാർക്കും. മഹാരാജാസിൽതന്നെ എം.എ. മലയാളത്തിന് ചേരണമെന്നാണ് ആഗ്രഹം.
Content Highlights: lakshmi maharajas college-record rank ba malayalam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..