ആയിഷ സുൽത്താന| Photo Courtesy: www.facebook.com|AishaOnAir
കൊച്ചി: ആയിഷ സുല്‍ത്താനയ്ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം. രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചു. ആയിഷ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ആയിഷ മൊബൈലിലെ വിവരങ്ങള്‍ നശിപ്പിച്ചെന്നും ആവശ്യപ്പെട്ട രേഖകള്‍ അവര്‍ ഹാജരാക്കിയില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം എതിര് സത്യവാങ്മൂലത്തില്‍ പറയുന്നു.
കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിഷ സുല്‍ത്താന മറ്റൊരു ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജിയിലാണ് ലക്ഷദ്വീപ് ഭരണകൂടം എതിര് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
ഗുരുതര ആരോപണങ്ങളാണ് ആയിഷ സുല്‍ത്താനയ്ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ഉന്നയിച്ചിരിക്കുന്നത്. രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയതതിന് തൊട്ടുപിന്നാലെ ആയിഷ സുല്‍ത്താന മൊബൈലിലെ വിവരങ്ങള്‍ നശിപ്പിച്ചു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആരോപണം. കേസിന്റെ അന്വേഷണവുമായി അവര്‍ സഹകരിക്കുന്നില്ലെന്നും ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കുന്നില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം പറയുന്നു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ബയോവെപ്പണ്‍ പരാമര്‍ശം നടത്തുന്നതിന് മുന്‍പ് ആയിഷ സുല്‍ത്താന തന്റെ ഫോണില്‍ പരിശോധന നടത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ആ സമയത്ത് ആയിഷ സുല്‍ത്താന ആരൊക്കെയായി ബന്ധപ്പെട്ടു എന്ന് കണ്ടെത്തേണ്ടതുണ്ട്. നിലവില്‍ ഈ ഫോണിലെ ചാറ്റ് ഹിസ്റ്ററി അടക്കം നശിപ്പിച്ച സാഹചര്യമാണുള്ളതെന്നും ലക്ഷദ്വീപ് ഭരണകൂടം ആരോപിക്കുന്നു. അതിനാല്‍തന്നെ കേസ് മുന്നോട്ടു കൊണ്ടുപോവുകയും ആയിഷ സുല്‍ത്താനയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് ലക്ഷദ്വീപ് ഭരണകൂടം എതിര്‍സത്യവാങ്മൂലത്തില്‍ പറയുന്നത്.
content highlights: lakshadweep administration files counter affidavit on ayisha sulthana sedition case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..