കല്പറ്റ: ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരവരെ തുടര്‍ന്നു. ഈ സമയം വരെ വെടിയൊച്ച കേട്ടതായാണ് പരിസരവാസികള്‍ പറയുന്നത്.
രണ്ടുപേരാണ് റിസോര്‍ട്ടിലെത്തിയതെങ്കിലും പത്തുപേര്‍ക്കുള്ള ഭക്ഷണം മാവോവാദികള്‍ ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ എട്ടുപേരടങ്ങിയ സംഘം റിസോര്‍ട്ടിന്റെ പരിസരത്തുണ്ടായിരുന്നതായി സംശയിക്കുന്നു. സമീപത്തെ വനമേഖല മാവോവാദികളുടെ സ്ഥിരം താവളമാണെന്നത് ഈ സംശയത്തിന് ബലം നല്‍കുന്നുണ്ട്. രണ്ടുപേരാണ് റിസോര്‍ട്ടിലെത്തിയതെങ്കിലും എട്ടുപേര്‍ വനത്തിലുണ്ടായിരുന്നെന്നാണ് നിഗമനമെന്ന് ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു.
50,000 രൂപയും ഭക്ഷണവും ആവശ്യപ്പെട്ടാണ് മുഖംമറച്ച രണ്ടു മാവോവാദികള്‍ റിസോര്‍ട്ടിലെത്തിയത്. ജീവനക്കാര്‍ കൈയില്‍ അത്രയും പണമില്ലെന്ന് വ്യക്തമാക്കി. എടുത്തുനല്‍കാന്‍ വീണ്ടും ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒരാള്‍ പുറത്ത് എ.ടി.എം. കൗണ്ടറില്‍നിന്ന് അയ്യായ്യിരം രൂപ എടുത്തുവന്നു. ഇതും ചേര്‍ത്ത് പതിനായിരം രൂപ നല്‍കി. ഇത് വാങ്ങിയശേഷം വീണ്ടും വരുമെന്നും കൂടുതല്‍ നല്‍കണമെന്നും ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. റിസോര്‍ട്ടിനുള്ളിലേക്ക് ആയുധധാരികളായ മാവോവാദികള്‍ സാധാരണ സന്ദര്‍ശകരെപ്പോലെ കടന്നുവരുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പണം വാങ്ങി പുറത്തേക്കിറങ്ങുമ്പോള്‍ റിസോര്‍ട്ടില്‍നിന്ന് വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, മാവോവാദി നീക്കം മുന്‍കൂട്ടി കണ്ട് സ്ഥലത്ത് പോലീസ് ക്യാമ്പുചെയ്തതായി സൂചനയുണ്ട്.ഏറ്റുമുട്ടല്‍ രൂക്ഷമായപ്പോള്‍ ഒമ്പതേമുക്കാലോടെ പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. പ്രദേശവാസികളോട് പുറത്തിറങ്ങരുതെന്നും പോലീസ് ആവശ്യപ്പെട്ടു. വെടിവെപ്പിനെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗത തടസ്സവുമുണ്ടായി.
റിസോര്‍ട്ടിലുണ്ടായിരുന്ന താമസക്കാരെ രാവിലെ പതിനൊന്നുമണിയോടെ പോലീസ് കാറിലാണ് പുറത്തെത്തിച്ചത്. ബുധനാഴ്ച രാത്രി റിസോര്‍ട്ടിലുണ്ടായിരുന്ന ജീവനക്കാരില്‍നിന്നു പോലീസ് മൊഴിയെടുത്തു. പുറത്തുള്ള ജീവനക്കാരെ റിസോര്‍ട്ടിലേക്ക് പ്രവേശിപ്പിച്ചില്ല. ഒരു മണിയോടെ ജലീലിന്റെ സഹോദരന്‍ സി.പി. റഷീദ് റിസോര്‍ട്ടിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
content highlights: lakkidi maoist encounter