കല്പറ്റ: മാവോവാദിവേട്ട കേരളത്തിന് പരിചിതമാവുന്നത് നിലമ്പൂരിലെ കരുളായി വനമേഖലയിലെ ഏറ്റുമുട്ടലോടെയായിരുന്നു. 2016 നവംബര്‍ 24-നാണ് തമിഴ്‌നാട് സ്വദേശികളായ സി.പി.ഐ. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പുദേവരാജും കാവേരി എന്ന അജിതയും കൊല്ലപ്പെടുന്നത്. ഈ നടപടിയില്‍ മാവോവാദികളുടെ പ്രതികാരം കരുതിയിരിക്കെയാണ് വയനാട് വൈത്തിരിക്കടുത്ത് ലക്കിടിയില്‍ സി.പി. ജലീല്‍ വെടിയേറ്റു മരിക്കുന്നത്. തണ്ടര്‍ ബോള്‍ട്ടിന്റെ മാവോവാദി വേട്ടയില്‍ കൊല്ലപ്പെടുന്ന ആദ്യ മലയാളിയാണ് ജലീല്‍.
നിലമ്പൂരില്‍ മാവോവാദികള്‍ കൊല്ലപ്പെട്ടപ്പോള്‍ അത് കേരളത്തിലെ ആദ്യ സംഭവമായിരുന്നു. ഇതിനെതിരേ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ന് രംഗത്തുവന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. കരുളായിലേതുപോലെ ചെറു ഏറ്റുമുട്ടലുകളും മാവോവാദി അക്രമങ്ങളും വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ചിലയിടങ്ങളില്‍ പലപ്പോഴായി അരങ്ങേറിയെങ്കിലും കേരളത്തിലെ പൊതുസമൂഹം മാവോവാദി സാന്നിധ്യത്തെ അത്ര ഗൗരവമായി കണ്ടിരുന്നില്ല. വയനാട്ടിലെ തിരുനെല്ലിയിലെ റിസോര്‍ട്ടുകള്‍, കുഞ്ഞോത്തെ വനംവകുപ്പ് ഔട്ട് പോസ്റ്റ്, പാലക്കാട് സൈലന്റ് വാലി മുക്കാലി റേഞ്ച് ഓഫീസ്, പാലക്കാട് നഗരത്തിലെ കെ.എഫ്.സി. ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊക്കെയാണ് നേരത്തെ മാവോവാദി അക്രമങ്ങളുണ്ടായത്. 2014 നവംബര്‍ 23-നാണ് പാലക്കാട്ടും വയനാട്ടിലുമായി മൂന്നിടത്ത് അക്രമങ്ങളുണ്ടായത്.
2014 ഡിസംബര്‍ ഏഴിന് വയനാട്ടിലെ തൊണ്ടര്‍നാട് ചപ്പകോളനിയില്‍ ഡിവൈ.എസ്.പി. അടക്കമുള്ള പോലീസ് സംഘവും മാവോവാദികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. സംഭവത്തിനുശേഷം മട്ടിലയത്ത് പോലീസുകാരന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ബൈക്ക് കത്തിച്ചു. സംഘത്തില്‍ രൂപേഷ് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. പൂക്കോട് വെറ്ററിനറി സര്‍വകലാശാല കവാടത്തില്‍ വ്യാജബോംബും പോസ്റ്ററുകളും സ്ഥാപിച്ചതും അടുത്തിടെയാണ്. രൂപേഷിന്റെ അറസ്റ്റോടെയാണ് കേരളത്തില്‍ മാവോവാദികളുടെ പ്രവര്‍ത്തനം ദുര്‍ബലമാവുന്നത്. സംഘടനയ്ക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും പോലീസ് കരുതുന്നു.ജീവന്‍ ത്യജിക്കേണ്ടി വന്നാലും ശത്രുവിനെ നേരിടുമെന്ന് സമീപകാല പോസ്റ്ററുകളിലെല്ലാം മാവോവാദികള്‍ പ്രഖ്യാപിക്കുന്നുണ്ട്.
രാഷ്ട്രീയനിലപാടുമായി തെരുവില്‍
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ക്കെതിരേ മാവോവാദികള്‍ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് മുന്നോട്ടുവന്നത് ശ്രദ്ധനേടിയിരുന്നു. തവിഞ്ഞാലില്‍ സി.പി.എം. നേതാവിനെതിരേ കുറിപ്പെഴുതിവെച്ച് സഹകരണ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലും പരസ്യപ്രതികരണവുമായി രംഗത്തുവന്നു. നിലമ്പൂര്‍ ഏറ്റുമുട്ടലിനുശേഷം സി.പി.എമ്മിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നവയാണ് മാവോവാദി ലഘുലേഖകള്‍.
content highlights: lakkidi maoist encounter