ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ സൈബി ജോസ് വാങ്ങിയത് ലക്ഷങ്ങൾ;' നിര്‍മാതാവില്‍ നിന്ന് 25 ലക്ഷം'


കേരള ഹൈക്കോടതി | Photo: Mathrubhumi

കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽനിന്ന് വൻതോതിൽ പണംവാങ്ങിയെന്ന് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇക്കാര്യത്തിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. സൈബി ജോസിനെതിരേ കോടതിയലക്ഷ്യ നടപടിയടക്കം ശുപാർശചെയ്താണ് വിജിലൻസ് രജിസ്ട്രാർ കെ.വി. ജയകുമാർ ചീഫ് ജസ്റ്റിസിന് റിപ്പോർട്ടുനൽകിയത്.

സൈബി ജോസിനെതിരേ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സംസ്ഥാന പോലീസ് മേധാവിക്ക്‌ കത്തുനൽകിയിട്ടുണ്ട്. ഇക്കാര്യം ‘മാതൃഭൂമി’ ജനുവരി 15-ന് റിപ്പോർട്ടുചെയ്തിരുന്നു.

കൊച്ചി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. എന്നാൽ, ഇതുവരെ പോലീസിന് സൈബി ജോസിനെ ചോദ്യംചെയ്യാൻ പോലുമായിട്ടില്ല.

ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ സൈബി സിനിമാപ്രവർത്തകരടക്കമുള്ള കക്ഷികളിൽനിന്ന് വലിയതുക വാങ്ങിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സൈബിയ്‌ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ബാർ കൗൺസിലിനോട് നിർദേശിക്കുന്നതും കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതും പരിഗണിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റാണ് സൈബി ജോസ് കിടങ്ങൂർ.

അഭിഭാഷകർ പറയുന്നു സൈബി പണംവാങ്ങിയിട്ടുണ്ട്

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ എന്നിവർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ സൈബി കക്ഷികളിൽനിന്ന് പണം വാങ്ങിയെന്നുള്ള നാലു അഭിഭാഷകരുടെ മൊഴിയും റിപ്പോർട്ടിലുണ്ട്. ജസ്റ്റിസ് കുഞ്ഞികൃഷ്ണനു നൽകാനെന്നു പറഞ്ഞ് 25 ലക്ഷംരൂപയും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന് നൽകാനെന്ന പേരിൽ രണ്ടുലക്ഷംരൂപയും ജസ്റ്റിസ് സിയാദ് റഹ്‌മാനു നൽകാനെന്നപേരിൽ 50 ലക്ഷംരൂപയും സൈബി വാങ്ങിയത് അറിയാമെന്നാണ് അഭിഭാഷകർ മൊഴിനൽകിയത്.

ജസ്റ്റിസ് കുഞ്ഞികൃഷ്ണന് നൽകാനെന്ന പേരിൽ ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിനിമാനിർമാതാവിൽനിന്ന് 25 ലക്ഷംരൂപ വാങ്ങിയെന്ന ആരോപണത്തെത്തുടർന്നാണ് സൈബിയുടെപേരിൽ വിജിലൻസ് രജിസ്ട്രാറുടെ അന്വേഷണം നടക്കുന്നത്.

അഭിഭാഷകരെ സൈബി ഭീഷണിപ്പെടുത്തി

ജഡ്ജിമാർക്ക് നൽകാനെന്നപേരിൽ കക്ഷികളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന് വെളിപ്പെടുത്തിയതിന് തങ്ങളെ സൈബി ജോസ് കിടങ്ങൂർ ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷകരുടെ മൊഴി. ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർക്ക് നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. സൈബിയും കൂട്ടുകാരും തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ഒരു അഭിഭാഷകൻ മൊഴി നൽകിയിരിക്കുന്നത്.

നാലു അഭിഭാഷകരാണ് ആകെ മൊഴി നൽകിയത്. ജിമ്മിൽ സൈബിക്കൊപ്പം പോകാറുള്ള അഭിഭാഷകന്റെ മൊഴികളിലാണ് കൂടുതൽ വ്യക്തതയുള്ളത്.

2017 മുതൽ 2020 വരെ താൻ സൈബിയുടെ നിർദേശപ്രകാരം കേസിന്റെ ആവശ്യത്തിനായി മൂന്നു പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ടെന്ന് ഇദ്ദേഹത്തിന്റെ മൊഴിയിൽ പറയുന്നു. സിനിമാമേഖലയുമായി ബന്ധപ്പെട്ടവരുടെ കേസായിരുന്നു ഇത്.

എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ സിനിമാനിർമാതാവിന്റെപേരിൽ രജിസ്റ്റർചെയ്ത കേസിലും സൈബി നിർദേശിച്ചപ്രകാരം പ്രതിയോടൊപ്പം പോയിട്ടുണ്ട്. 2022 ഒക്ടോബർ 17-ന് എറണാകുളം വാരിയം റോഡിലെ ഹോട്ടലിൽവെച്ച് പീഡനക്കേസിൽ പ്രതിയായ സിനിമാനിർമാതാവിനെ കണ്ടിരുന്നു. അപ്പോൾ നടത്തിയ സംഭാഷണത്തിൽ കേസുമായി ബന്ധപ്പെട്ട് സൈബിക്ക് 25 ലക്ഷംരൂപ നൽകിയതായി സിനിമാനിർമാതാവ് വെളിപ്പെടുത്തിയിരുന്നു.

ഇതിൽ 15 ലക്ഷം തന്റെ ഫീസാണെന്നാണ് സൈബി പറഞ്ഞത്. അഞ്ചുലക്ഷംരൂപ കുറയ്ക്കണം എന്നാവശ്യപ്പെട്ടപ്പോൾ കുറച്ച് തുക ജഡ്ജിക്ക് നൽകണമെന്ന് സൈബി പറഞ്ഞതായി സിനിമാനിർമാതാവ് വെളിപ്പെടുത്തിയെന്നും അഭിഭാഷകന്റെ മൊഴിയിലുണ്ട്.

ഒന്നരവർഷമായി തനിക്ക് സൈബിയുമായി ഒരു ബന്ധവുമില്ല. സൈബിയോടൊപ്പം പ്രവർത്തിച്ചാൽ കരിയർതന്നെ നഷ്ടമാകുന്ന സാഹചര്യമുണ്ടാകുമെന്നും അഭിഭാഷകൻ പറയുന്നുണ്ട്.

ഇന്ന് മൊഴിയെടുക്കും

കൊച്ചി : ആരോപണവിധേയനായ സൈബി ജോസിന്റെ മൊഴി ബുധനാഴ്ച പോലീസ് രേഖപ്പെടുത്തും. അതിനിടെ സംഭവത്തിൽ പോലീസിന്റെ മൊഴിയെടുക്കൽ തുടരുകയാണ്. ദുബായിലായിരുന്ന സിനിമാനിർമാതാവ്‌ ചൊവ്വാഴ്ച സിറ്റി പോലീസ്‌ കമ്മിഷണറുടെമുന്നിൽ മൊഴി നൽകി.

അഭിഭാഷകർ ഉൾപ്പെടെയുള്ളവരിൽനിന്ന്‌ പോലീസ്‌ മൊഴിയെടുക്കൽ തുടരുകയാണ്‌. പ്രാഥമികാന്വേഷണ റിപ്പോർട്ട് ഈയാഴ്ച സംസ്ഥാന പോലീസ്‌ മേധാവിക്ക്‌ സമർപ്പിക്കുമെന്ന്‌ സിറ്റി പോലീസ്‌ കമ്മിഷണർ കെ. സേതുരാമൻ പറഞ്ഞു.

Content Highlights: Lakhs were bought by Saiby Jose in the name of bribing high court judge- and threats


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented