രേഷ്ന ഭർത്താവ് അരുണിനും മകൻ അർണവിനുമൊപ്പം
കൊച്ചി: എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ തനിയേ മുന്നോട്ടുനീങ്ങിയ ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്തി യാത്രക്കാരിയായ യുവതി. തുറവൂര്‍ സ്വദേശിയായ രേഷ്‌നയുടെ സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടമാണ് ഒഴിവായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
കലൂരില്‍ താമസിക്കുന്ന രേഷ്‌ന തുറവൂരുള്ള തന്റെ കടയിലേക്ക് പോകുന്നതിനായാണ് സ്റ്റാന്റില്‍ എത്തിയത്. എല്ലാ ദിവസവും എറണാകുളം സ്റ്റാന്റില്‍ നിന്നാണ് ബസ് കയറാറ്. റെയില്‍വേയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ഭര്‍ത്താവ് അരുണിന് നേരത്തേ പോകേണ്ടിയിരുന്നതിനാല്‍ വ്യാഴാഴ്ച പതിവിലും മുമ്പേ എത്തിയെന്ന് രേഷ്‌ന പറയുന്നു.
'സ്റ്റാന്റില്‍ നിര്‍ത്തിയിരുന്ന ആലപ്പുഴ ബസിലാണ് ഞാന്‍ കയറിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപത്തുപേര്‍ അപ്പോള്‍ ബസില്‍ ഉണ്ടായിരുന്നു. ഏറ്റവും മുന്നിലെ സീറ്റിലായിരുന്നു ഞാനിരുന്നത്. ഡ്രൈവറും കണ്ടക്ടറും എത്തിയിരുന്നില്ല. പെട്ടെന്നാണ് ബസ് തനിയേ മുന്നോട്ടുനീങ്ങാന്‍ തുടങ്ങിയത്. സ്റ്റാന്റില്‍ അപ്പോള്‍ അത്യാവശ്യം ആളുകള്‍ ഉണ്ടായിരുന്നു. ബസിലിരുന്ന സ്ത്രീകളൊക്കെ നിലവിളിക്കാന്‍ തുടങ്ങി. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ബസ് ആളുകളുടെ ദേഹത്തോ ബസ് സ്റ്റേഷന്റെ മതിലിലോ ഇടിക്കുമെന്ന് ഉറപ്പായിരുന്നു. വേഗം തന്നെ ഞാന്‍ കമ്പിയുടെ അടിയിലൂടെ ഡ്രൈവര്‍ സീറ്റില്‍ കയറി ബ്രേക്ക് ചവിട്ടി. വണ്ടി നിന്നപ്പോഴേക്കും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും ഓടിയെത്തി', രേഷ്‌ന വിശദീകരിച്ചു.
ഡ്രൈവിങ് വിദഗ്ധയൊന്നുമല്ലെങ്കിലും മുമ്പ് കാറോടിക്കാന്‍ പഠിക്കുന്ന സമയത്ത് ഭര്‍ത്താവ് പറഞ്ഞുതന്ന 'എ-ബി-സി' അഥവാ ആക്‌സിലറേറ്റര്‍-ബ്രേക്ക്-ക്ലച്ച് എന്ന ഓര്‍ഡറാണ് ധൈര്യമായി ബ്രേക്ക് ചവിട്ടാനുള്ള ആത്മവിശ്വാസം തന്നതെന്ന് രേഷ്‌ന പറയുന്നു.
'ഏറ്റവും മുന്നിലെ സീറ്റില്‍ ഞാന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒന്നും ചെയ്യാതെ നോക്കിനില്‍ക്കാനാവുന്ന സമയമായിരുന്നില്ല അത്. ബ്രേക്ക് മാറി ആക്‌സിലറേറ്ററിലെങ്ങാന്‍ ചവിട്ടിയാല്‍ ഉടനേ മാറ്റിച്ചവിട്ടാമെന്ന് ഉറപ്പിച്ചാണ് ധൈര്യമായി കയറിയതും,' രേഷ്‌ന പറഞ്ഞു.
Content Highlights: lady passenger timely intervenes to apply break as bus parked at ernakulam ksrtc stand starts moving
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..