ഇടുക്കി: തമിഴ്‌നാട്ടില്‍ പോയി മടങ്ങിയ ദമ്പതിമാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. സംഭവത്തില്‍ ചട്ടമൂന്നാര്‍ സ്വദേശി വിജി (35) മരിച്ചു. ഭര്‍ത്താവ് കുമാര്‍ കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് ഓടിരക്ഷപ്പെട്ടു. ഇടുക്കിയിലെ ശങ്കരപാണ്ഡ്യമേട്ടില്‍ ആനയിറങ്കല്‍ ഡാമിനും പൂപ്പാറയ്ക്കും ഇടയിലുള്ള പ്രദേശത്ത് രാവിലെ 5:50നാണ് സംഭവമുണ്ടായത്. 

കുമാറും വിജിയും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് റോഡില്‍ രണ്ട് കാട്ടാനകള്‍ നില്‍ക്കുന്നത് കണ്ടത്.  മടങ്ങിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ വാഹനം മറിയുകയായിരുന്നു. കുമാര്‍ വാഹനത്തിനടിയിലും വിജി മുകളിലുമായാണ് വീണത്. പിന്നാലെ ആന വിജിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ വിജി മരിച്ചു.

അടിമാലി താലൂക്ക് ആശുപത്രിയിലാണ് വിജിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കുമാറും ഇവിടെ ചികിത്സയിലാണ്. പതിവായി കാട്ടാനകളുടെ സാന്നിധ്യമുള്ള സ്ഥലമാണ് ശങ്കരപാണ്ഡ്യമേട്. രാവിലെ തോട്ടത്തിലേക്ക് ജോലിക്ക് പോകുന്ന തൊഴിലാളികളുള്‍പ്പെടെ ഈ മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തിനിരയാകുന്നത് പതിവാണ്.

Content Highlights: lady died in Elephant attack at Idukki