തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ തന്റെ സുഹൃത്തെന്ന് കേസിന്റെ ആദ്യ നാളുകളിൽ വിശേഷിപ്പിച്ച അയ്യപ്പദാസിനെതിരെ പരാതിയുമായി യുവതി.

വിവാഹ വാഗ്ദാനം നല്‍കി അയ്യപ്പദാസ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പുതിയ പരാതി. തന്റെ കുടുംബത്തില്‍ നിന്നും സ്വാമിയില്‍ നിന്നുമായി 14 ലക്ഷം രൂപ അയ്യപ്പദാസ് തട്ടിയെടുത്തുവെന്നും യുവതി പേട്ട പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മാതാപിതാക്കളില്‍ നിന്ന് ആറ് ലക്ഷവും ഗംഗേശാനന്ദയില്‍ നിന്ന് എട്ട് ലക്ഷവും വാങ്ങിയെന്നാണ് ഇംഗ്ലീഷിൽ നൽകിയ പരാതിയിൽ പറയുന്നത്. ഗംഗേശാനന്ദക്കെതിരെ ആദ്യം പരാതി നല്‍കിയ യുവതി ആദ്യമായാണ് കാമുകനെന്ന് പറയപ്പെടുന്ന അയ്യപ്പദാസിനെതിരെ പരാതി നല്‍കുന്നത്.

താന്‍ വീട്ടു തടങ്കലില്‍ അല്ലെന്നും പോലീസിനെ യുവതി അറിയിച്ചു. യുവതി വീട്ടുതടങ്കലിലാണ് എന്ന് ആരോപിച്ച്  അയ്യപ്പദാസ് നല്‍കിയ ഹര്‍ജിയില്‍ നിലപാട് അറിയിക്കാൻ കോടതി പോലീസിനോട് അവശ്യപ്പെട്ടിരുന്നു. 

ഗംഗേശാനന്ദയുടെ ജാമ്യ ഹര്‍ജി ഇന്നാണ് പോക്സോ കോടതി തള്ളിയത്. ആരോഗ്യനില വഷളായതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ഗംഗേശാനന്ദയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് ഇതിനെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ കേസില്‍ യുവതിക്ക് നുണപരിശോധനയും ബ്രെയിന്‍ മാപ്പിങ്ങും നടത്തണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇതിനുള്ള അനുമതിയും കോടതി നല്‍കി. ഈ മാസം 22ന് യുവതി നേരിട്ട് കോടതിയില്‍ ഹാജരായി നിലപാട് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. യുവതിയുടെ സമ്മതമുണ്ടെങ്കിലേ നുണ പരിശോധന നടക്കൂ.

ഗംഗേശാനന്ദ നിരന്തരം പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയ യുവതി പിന്നീട് ഇത് തിരുത്തിപ്പറഞ്ഞിരുന്നു.