തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ നയത്തില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ സംസ്ഥാന പണിമുടക്ക് ഞായറാഴ്ച രാത്രിയോടെ തുടങ്ങി. 

ബി.എം.എസ്.ഒഴികെയുള്ള എല്ലാ പ്രധാന തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. വ്യാപാരികളും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കടകളച്ചിട്ടതിനാല്‍ സംസ്ഥാനത്ത് ബന്ദിന്റെ പ്രതീതിയാണുള്ളത്. അതേ സമയം മെഡിക്കല്‍ ഷോപ്പുകളും ചിലയിടങ്ങളില്‍ തട്ടുകടകളും തുറന്നിട്ടുണ്ട്.

റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന് മെഡിക്കല്‍ കോളേജുകളിലേക്കും മറ്റു ആശുപത്രികളിലേക്കും പോകുന്നവര്‍ക്ക് പോലീസ് വാഹന സൗകര്യം ഏര്‍പ്പെടുത്തി. ചില സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്. കൊച്ചിയില്‍ മെട്രോ സര്‍വീസ് നടത്തുന്നത് യാത്രക്കാര്‍ക്ക് താത്ക്കാലിക ആശ്വാസം പകരുന്നുണ്ട്.

ഓട്ടോ-ടാക്‌സി തൊഴിലാളികള്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ ജീവനക്കാര്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. തൊഴിലാളികള്‍ ഇന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. പാല്‍, പത്രം, വിവാഹം എന്നീ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.