കൊച്ചി: ഇന്നും ദേശീയ പത്രങ്ങളില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി.തോമസിന് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടു. പത്തുവര്‍ഷങ്ങളായി തുടര്‍ച്ചയായി ഇങ്ങനെ പത്രത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ കിട്ടുന്നുണ്ട്. ഇനി അതുണ്ടാകില്ല.

ഇത്തവണ വന്ന ആശംസകള്‍ കാണുന്നതിന് മുമ്പേ കെ.വി.തോമസിന് ആ സുഹൃത്തിനെ നഷ്ടപ്പെട്ടു. വര്‍ഷങ്ങളായി താന്‍ തുടര്‍ന്നുവരുന്ന ആശംസാ പരസ്യം ഇത്തവണയും പത്രത്തില്‍ വരുമെന്ന് ഉറപ്പാക്കിയ ശേഷമാണ് ഹൈദരാബാദ് സ്വദേശിയായ മെരുകാ രാജേശ്വ റാവു മരണത്തിന് കീഴടങ്ങിയത്. വ്യാഴാഴ്ചയാണ് 48-കാരനായ കോണ്‍ഗ്രസ് നേതാവ് മെരുകാ രാജേശ്വ റാവു കോവിഡ് ബാധിച്ച് മരിച്ചത്. തന്റെ പിറന്നാള്‍ ദിനത്തില്‍ കെ.വി.തോമസ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചതാണ് സുഹൃത്തിന്റെ ആശംസയും അദ്ദേഹത്തെ നഷ്ടമായ വിവരവും .

കെ.വി.തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...

ദി ലാസ്റ്റ് വിഷ്.

ഇന്നെന്റെ പിറന്നാളാണ്.  വളരെ വേദനിപ്പിക്കുന്ന ഒരു ദിവസം കൂടിയാണിന്ന്. ദേശീയ പത്രങ്ങളില്‍ എനിക്കുള്ള പിറന്നാള്‍ ആശംസകള്‍ ഫോട്ടോ സഹിതം അച്ചടിച്ചു വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി  മുടക്കമില്ലാതെ ഈ ആശംസ നല്കി കൊണ്ടിരിക്കുന്നത് ഹൈദരാബാദിലെ നാല്പത്തിയെട്ടുകാരനായ എന്റെ യുവസുഹൃത്ത് മെരുകാ രാജേശ്വര റാവു ആയിരുന്നു. 

ഞാനും റാവുവുമായി നില്ക്കുന്ന ഒരു ചിത്രവും ആശംസയും. അതായിരുന്നു പതിവ്. ഊര്‍ജ്ജസ്വലനായ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന റാവു ആന്ധ്രയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പോരാളിയുമായിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച റാവുവിനെ ഞങ്ങളില്‍ നിന്നു കോവിഡ് തട്ടിയെടുത്തു. 

പക്ഷെ, ഈ പിറന്നാള്‍ ദിനത്തിലും എനിക്കുള്ള  ആശംസ മുടങ്ങിയില്ല. കോവിഡു ബാധിതനാകുന്നതിനു തൊട്ടു മുന്‍പ് റാവു അത് ഏര്‍പ്പാട് ചെയ്തിരുന്നു. അത് ഇന്ന് അച്ചടിച്ചു വന്നിരിക്കുന്നു. കണ്ണുനീരോടെയാണ് ഞാനത് വായിച്ചത്.

മെരുകാ രാജേശ്വര റാവു എറ്റെടുത്ത് നടപ്പാക്കിയിരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി ഞാനുള്‍പ്പടെയുള്ള സുഹൃത്തുക്കള്‍ മുന്നോട്ടു കൊണ്ടു പോകും.റാവു എന്നോട് പ്രകടിപ്പിച്ചിട്ടുള്ള നിസ്വാര്‍ത്ഥ സ്‌നേഹത്തിനു മുന്നില്‍ ബാഷ്പാജ്ഞലി.

ദി ലാസ്റ്റ് വിഷ്. ഇന്നെൻ്റെ പിറന്നാളാണ്. വളരെ വേദനിപ്പിക്കുന്ന ഒരു ദിവസം കൂടിയാണിന്ന്. ദേശീയ പത്രങ്ങളിൽ എനിക്കുള്ള...

Posted by KV Thomas on Sunday, May 9, 2021