കെ.വി. തോമസ്| Photo: Mathrubhumi
സഖാക്കളെയെന്ന് അഭിസംബോധന ചെയ്തായിരുന്നു കെ.വി തോമസ് തന്റെ ഇടതോരം ചേര്‍ന്നുള്ള യാത്രയ്ക്ക് കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ കണ്ണൂരില്‍നിന്ന് തുടക്കംകുറിച്ചത്. അതും സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍. പിന്നെ ഇടതിനെ പ്രകീര്‍ത്തിച്ചുള്ള വാതോരാതെയുള്ള പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയനെ എടുത്തുപറയാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതൃത്വത്തെ അനുസരിക്കാതെ സിപിഎം പാര്‍ട്ടികോണ്‍ഗ്രസിലെ സെമിനാര്വഴി ഇടതുചേരിയില്‍ ചാടിയ കെ.വി തോമസിനെ പുറത്താക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവനയും പിന്നാലെ വന്നു. അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു, 'കെ.വി തോമസ് വഴിയാധാരമാകില്ല' ഒടുവില്‍ സി.പി.എം വാക്കുപാലിച്ചിരിക്കുകയാണ്. കാബിനറ്റ് റാങ്കോടെ ഡല്‍ഹിക്ക് ടിക്കറ്റെടുത്ത് നല്കി. സ്ഥാനം സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി. കേരള ഹൗസില്‍ ഓഫീസും സ്റ്റാഫും.
സാങ്കേതികമായി കെ.വി തോമസ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടുവെങ്കിലും താനിപ്പോഴും കോണ്ഗ്രസുകാരന് തന്നെയാണെന്നും തന്നെ ആര്‍ക്കും പുറത്താക്കാന്‍ കഴിയില്ലെന്നുമായിരുന്നു അപ്പോഴും കെ.വി തോമസിന്റെ വാദം. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റേയും ഇടതുപക്ഷത്തിന്റേയും നടുക്കായിരുന്നു ഇതുവരെ സ്ഥാനം. ഇതിനിടെയാണ് സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയെന്ന നിയമനം കെ.വി തോമസിനെ തേടിയെത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് അടൂര്‍പ്രകാശിനോട് പരാജയപ്പെട്ട സി.പി.എം നേതാവ് എ.സമ്പത്തിനെയായിരുന്നു കഴിഞ്ഞ തവണ സര്‍ക്കാര്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ പുനരധിവസിപ്പിച്ചത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
സമ്പത്ത് ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച രണ്ട് വര്‍ഷം മാത്രം സര്‍ക്കാരിന് ചെലവാക്കിയത് 7.26 കോടി രൂപയായിരുന്നു. ശമ്പളം, യാത്രാബത്ത, പേഴ്സണല്‍ സ്റ്റാഫ് തുടങ്ങിയ ഇനങ്ങളിലാണ് രണ്ടുകൊല്ലത്തേക്ക് ഇത്രയും തുക ഖജനാവില്‍നിന്ന് ചെലവാക്കിയത്. ധനമന്ത്രി കെ. ബാലഗോപാല്‍ തന്നെയാണ് നിയമസഭയില്‍ വെച്ച ബജറ്റ് രേഖകളില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റ നേതാവിന്റെ പുനരധിവാസത്തിനു വേണ്ടി ഇത്രയും വലിയ തുക ചെലവഴിച്ച ചരിത്രം സംസ്ഥാനത്തു തന്നെ ആദ്യമായിട്ടായിരുന്നു. 2019-20 സാമ്പത്തിക വര്‍ഷം 3.85 കോടി രൂപ ചെലവാക്കിയപ്പോള്‍ 2020-21 വര്‍ഷത്തില്‍ 3.41 കോടിരൂപയാണ് ചെലവാക്കിയത്.
സമ്പത്തിന്റെ ശമ്പളം, യാത്രാബത്ത, ഓഫീസ് ചെലവ്, വാഹനം, മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് എന്നിവയ്ക്കു പുറമേ ദിവസ വേതനക്കാര്‍ ഉള്‍പ്പെടെയുള്ള പേഴ്സണല്‍ സ്റ്റാഫിന്റെ വേതനം, യാത്രാബത്ത എന്നിവയെല്ലാം ചേര്‍ത്താണ് പൊതുഖജനാവില്‍നിന്ന് 7.26 കോടിരൂപ ചെലവിട്ടത്. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം നട്ടംതിരിയുന്നതിനിടെ ഇത്രയും തുക ചെലവഴിച്ചതായിരുന്നു വലിയ വിമര്‍ശനത്തിന് ഇടയാക്കിയത്.
ഇത്രയും പണം ചെലവാക്കിയതുകൊണ്ട് സംസ്ഥാനത്തിന് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടായോ എന്ന ചോദ്യമാണ് പ്രതിപക്ഷമടക്കം ഉന്നയിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരുമായുള്ള ഏകോപനമായിരുന്നു കാബിനറ്റ് റാങ്കിലുണ്ടായിരുന്ന സമ്പത്തിന്റെ മുഖ്യചുമതല. ഇതിന് ഡല്‍ഹിയില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനം ഉള്ളപ്പോഴായിരുന്നു സമ്പത്തിന്റെ നിയമനം. ഇതേ ചുമതലയിലേക്ക് ഇപ്പോള്‍ കെ.വി തോമസിനേയും നിയമിക്കുമ്പോള്‍ വീണ്ടും പാഴ്ചിലവിനുള്ള അവസരം സി.പി.എം ഒരുക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ സര്‍ക്കാര്‍ കടന്നുപോകുമ്പോഴാണ് ഇത്തരമൊരു പ്രത്യുപകാര പുനരധിവാസമെന്നതും ശ്രദ്ധേയമാണ്.
'കോണ്‍ഗ്രസുകാര്‍ അപമാനിച്ചു, തിരുത തോമയെന്ന് വിളിച്ചു'
തന്നെ 'തിരുത തോമ'യെന്ന് വിളിച്ചൂവന്നും കോണ്‍ഗ്രസുകാര്‍ അപമാനിച്ചുവെന്നുമായിരുന്നു കെ.വി തോമസിന്റെ പ്രധാന പരാതി. ഒപ്പം മത്സരിക്കാന്‍ സീറ്റുകൊടുത്തില്ലെന്നും രാഹുല്‍ഗാന്ധി മുഖം കൊടുക്കുന്നില്ലെന്നുമെല്ലാമുള്ള ആക്ഷേപവും കെ.വി തോമസിനുണ്ടായിരുന്നു. ഇക്കാരണങ്ങളെല്ലാം പറഞ്ഞാണ് കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുക്കുകയും ഇടതിന്റെ ഇഷ്ടക്കാരനാകുകയും ചെയ്തത്. ഒപ്പം, സില്‍വര്‍ലൈന്‍ അടക്കമുള്ളവയെ വലിയ രീതിയില്‍ പിന്തുണയ്ക്കുകയും തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതിനുവേണ്ടി ഇറങ്ങുകയും ചെയ്തിരുന്നു. വികസനത്തിനുവേണ്ടി പാര്‍ട്ടി മറന്ന് യോജിക്കണമെന്നായിരുന്നു കെ.വി തോമസിന്റെ വാദം.
തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചായിരുന്നു തോമസിനെതിരേ കോണ്‍ഗ്രസ് നടപടിയെടുത്തത്. ഉപതിരഞ്ഞെടുപ്പില്‍ ഉമാതോമസ് വിജയിച്ചുവെങ്കിലും ശേഷം ഇപ്പോഴാണ് കെ.വി തോമസിന്റെ പേര് വീണ്ടും ഉയര്‍ന്നുകേള്‍ക്കുന്നത്. ഇതിനിടെ, കെ.വി തോമസ് കഴിഞ്ഞമാസം ഡല്‍ഹിയിലെത്തി ശശി തരൂരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
Content Highlights: kv thomas appointes as new kerala representative in delhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..