ചുവപ്പിലാണ് ഗുണം... ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി തന്നെ നിയമിക്കാൻ സർക്കാർ തീരുമാനമെടുത്ത വിവരമറിഞ്ഞ ശേഷം പ്രൊഫ. കെ.വി. തോമസ് ഭാര്യ ഷേർളിക്കൊപ്പം എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന ഫ്ളവർ ഷോ കാണാനെത്തിയപ്പോൾ സംഘാടകർ നൽകിയ റോസാപ്പൂക്കളുമായി | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് പുതിയ കൂടാരത്തിലെത്തിയ കെ.വി. തോമസിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹിയിലെ പ്രതിനിധിയാക്കിയതിലൂടെ സി.പി.എം. യു.ഡി.എഫ്. ക്യാമ്പിലേക്ക് എറിയുന്നത് നീണ്ട ചൂണ്ട. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ എതിര്‍പാളയത്തിലെ അസ്വസ്ഥത പരമാവധി മുതലെടുക്കുകയാണ് ഭരണപക്ഷത്തിന്റെ തന്ത്രം. കൂടുതല്‍ നേതാക്കളെയാണ് ലക്ഷ്യമിടുന്നത്.
കോണ്‍ഗ്രസ് വിട്ടുവന്നാല്‍ കെ.വി. തോമസ് അനാഥനാകില്ലെന്ന് സി.പി.എം. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. ഇത് കോണ്‍ഗ്രസ് വിട്ട് വരുന്നവര്‍ക്കുള്ള തുറന്ന ക്ഷണമായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് വിട്ടുവന്ന പ്രധാന നേതാക്കള്‍ക്കെല്ലാം സി.പി.എം. പദവികള്‍ കരുതിവെച്ചു. കെ.പി. അനില്‍കുമാര്‍ ഒഡെപെക് ചെയര്‍മാനായി. ജി. രതികുമാര്‍ മുന്നാക്കകമ്മിഷനിലെത്തി. നേരത്തേതന്നെ കളംമാറിയ ശോഭനാ ജോര്‍ജ് ആദ്യം ഖാദി ബോര്‍ഡിലും ഇപ്രാവശ്യം ഔഷധി അധ്യക്ഷ പദത്തിലുമെത്തി.
എന്നാല്‍ ചേരിമാറി വന്നവര്‍ക്ക് സി.പി.എം. ചില സ്ഥാപനങ്ങളുടെ ചുമതല നല്കിയതല്ലാതെ രാഷ്ട്രീയമായ അഭയം നല്‍കുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. താത്കാലിക ലാഭത്തിനു പാര്‍ട്ടിവിട്ടാല്‍ ചില ഭരണപരമായ പദവികള്‍ വെച്ചുനീട്ടിയേക്കുമെങ്കിലും രാഷ്ട്രീയ വളര്‍ച്ച അടയുമെന്ന് ചെറിയാന് ഫിലിപ്പിനെ ചൂണ്ടി കോണ്‍ഗ്രസ് പറയുന്നു.
സര്‍ക്കാരുമായി ലത്തീന്‍ കത്തോലിക്ക സഭാ നേതൃത്വവുമായി അടുത്തബന്ധം പുലര്‍ത്തുന്ന നേതാവാണ് കെ.വി. തോമസ്. കെ-റെയില്‍, ഭക്ഷ്യവിഹിതം, ദേശീയപാതാ വികസനം, ജി.എസ്.ടി. വിഹിതം തുടങ്ങി കേന്ദ്രത്തില്‍ കേരളം സമ്മര്‍ദംചെലുത്തുന്ന കാര്യങ്ങളില്‍ തന്റെ ബന്ധങ്ങളും പരിചയവും ഉപയോഗിച്ച് സര്‍ക്കാരിന്റെ അംബാസഡറായി നില്ക്കുകയെന്നതാണ് തോമസില്‍ ഏല്‍പ്പിക്കുന്ന ചുമതല.
ഗവര്‍ണറുമായി ഏറ്റുമുട്ടുന്ന സംസ്ഥാന സര്‍ക്കാരിന് കേന്ദ്രഭരണത്തില്‍നിന്ന് കഴിയുന്നത്ര സംരക്ഷണം ഉറപ്പാക്കാനും അദ്ദേഹം വിയര്‍പ്പൊഴുക്കേണ്ടിവരും. തോമസിന്റെ നിയമനത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ധൂര്ത്തായാണ് വിശേഷിപ്പിക്കുന്നത്. മുമ്പ് ഈ പദവിയിലിരുന്ന എ. സമ്പത്തിനോ, നിലവില്‍ സമാനപദവി വഹിക്കുന്ന വേണു രാജാമണിക്കോ കാര്യമായി ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള ഇ.ഡി. അന്വേഷണമടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര ഭരണകക്ഷിയുമായി ധാരണയ്ക്ക് അദ്ദേഹത്തെ ഉപയോഗിക്കാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതെന്നാണ് തോമസിന്റെ പഴയ സഹപ്രവര്‍ത്തകരുടെ കുറ്റപ്പെടുത്തല്‍.
സുദീര്‍ഘമായ പാര്‍ലമെന്ററി പരിചയമുള്ള കെ.വി. തോമസ് ഇടത് ഓരംചേര്‍ന്ന് ഒരുപ്രാവശ്യംകൂടി ലോകസഭാ അംഗത്വ സാധ്യതകള്‍ മനസ്സില്ക്കാണാതിരിക്കില്ലെന്ന യാഥാര്‍ഥ്യവുമുണ്ട്.
Content Highlights: KV Thoams special representative in Delhi CPM opposition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..