രാധാറാണി
തിരുവനന്തപുരം: ജ്വലിച്ചുനിന്ന കാലത്തിന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കാന്‍പോലും ആരുമില്ലാതെ രാധാറാണി എന്ന തൊഴിലാളി നേതാവിന് അഗതിമന്ദിരത്തില്‍ അന്ത്യം. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗവും ആകാശവാണിയില്‍ എന്‍ജിനിയറും തൊഴിലാളി സംഘടനാ നേതാവുമായിരുന്ന കെ.വി.രാധാറാണി(85)യാണ് ശ്രീകാര്യം കാരുണ്യവിശ്രാന്തി ഭവന്‍ അഗതിമന്ദിരത്തില്‍ ബുധനാഴ്ച അന്തരിച്ചത്.
ബന്ധുക്കളോ പ്രസ്ഥാനമോ സഹായിക്കാനില്ലാതെ ഏകമകള്‍ പുനിതയ്ക്കൊപ്പം ഇവിടെ കഴിഞ്ഞിരുന്ന രാധാറാണി അവസാനകാലത്ത് മനസ്സിനു താളംതെറ്റിയ അവസ്ഥയിലായിരുന്നു. 1982-ല്‍ ബോണസ് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തിയ സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു ഇവര്‍. ആകാശവാണി ഡല്‍ഹി കണ്‍ട്രോള്‍റൂം എന്‍ജിനിയറായിരുന്ന രാധാമണിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ആ സമരം ഒത്തുതീര്‍പ്പായത്.
ബോണസ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അഞ്ചുതെങ്ങ് കൈവല്യത്തില്‍ വാമദേവന്റെ മകളായ രാധാറാണി കൊല്ലം എസ്.എന്‍.കോേളജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ റെക്കോഡ് മാര്‍ക്കോടെയാണ് ബിരുദാനന്തരബിരുദം നേടിയത്. ഇടത് വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ സജീവമായിരുന്ന ഇവരുടെ മിടുക്ക് കണ്ട് ഇ.എം.എസ്. തന്റെ േപഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പിന്നീട് ഡല്‍ഹിയിലെത്തി. അവിടെ ഒ.എന്‍.ജി.സി.യിലും പിന്നീട് ആകാശവാണിയിലും ജോലി ലഭിച്ചു. ഗുജറാത്ത് സ്വദേശിയായ ഒ.എന്‍.ജി.സി. ഉദ്യോഗസ്ഥന്‍ ജഗദീഷ് ശര്‍മയെയാണ് വിവാഹം കഴിച്ചത്.
1982-ലെ സമരത്തിനു നേതൃത്വംകൊടുത്തതിന്റെ പേരില്‍ സര്‍വീസ് കാലത്ത് ഇവര്‍ നിരന്തരം വേട്ടയാടപ്പെട്ടിരുന്നു. തൃശ്ശൂര്‍ നിലയത്തിലേക്കു മടങ്ങിയെത്തിയെങ്കിലും മാസങ്ങള്‍ക്കകം െബംഗളൂരുവിലേക്കു സ്ഥലംമാറ്റി. ഇതിനിടെ അസുഖങ്ങള്‍ കാരണം അവധിയെടുത്തതും നടപടിക്കു കാരണമായി. 1986-ല്‍ ആനുകൂല്യങ്ങളൊന്നും നല്‍കാതെ സര്‍വീസില്‍നിന്നു പിരിച്ചുവിടുകയും ചെയ്തു. മകള്‍ക്കൊപ്പം ദീര്‍ഘകാലം അഞ്ചുതെങ്ങിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് അവശയായ ഇവരെയും മകളെയും സന്നദ്ധപ്രവര്‍ത്തകരാണ് കഴിഞ്ഞ കോവിഡ് കാലത്ത് തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചത്.
ചികില്‍സയ്ക്കുശേഷം അഗതിമന്ദിരത്തിലേക്കു മാറ്റി. ബുധനാഴ്ച രാവിലെ 10.30-നായിരുന്നു അന്ത്യം. ബന്ധുക്കളുടെയും ഏതാനും കുടുംബസുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം.
Content Highlights: KV Radhamani passed away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..