പ്രതീകാത്മക ചിത്രം | ചിത്രം: മാതൃഭൂമി
കുട്ടനാട്: വെളിയനാട്ടിൽ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാനസമിതി അംഗം ഉൾപ്പെടെ 30 പേർ സി.പി.എമ്മിൽ നിന്നു രാജിവെച്ചു. ഡി.വൈ.എഫ്.ഐ. മുൻ നേതാവ് എൻ.ഡി. ഉദയകുമാർ ഉൾപ്പെടെയുള്ളവരാണ് കലാപക്കൊടി ഉയർത്തിയത്. ഇദ്ദേഹം തൊഴിലുറപ്പു യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റാണ്. മുൻ ഏരിയ കമ്മിറ്റി അംഗവും പ്രാദേശികമായി സ്വാധീനവുമുള്ള നേതാവാണ്.
വെളിയനാട്ടിലേതും കൂടി ചേർത്ത് ഇതുവരെ സി.പി.എം. കുട്ടനാട് ഏരിയക്കു കീഴിലുള്ള 156 അംഗങ്ങളാണ് പാർട്ടിഅംഗത്വത്തിൽനിന്ന് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് രാജിക്കത്തു നൽകിയത്. ഏരിയ കമ്മിറ്റി അംഗങ്ങളും വർഗബഹുജന സംഘടനാ നേതാക്കളും ഇതിലുൾപ്പെടുന്നു.
രണ്ട് എൽ.സി.ക്കു കീഴിലുള്ള കുമരങ്കരി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് പാർട്ടി ഫോറത്തിൽ ആലോചിച്ചില്ലെന്നത് അടക്കമുള്ളവയാണ് ആരോപണങ്ങൾ. ഇവിടെ യു.ഡി.എഫുമായി ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ ധാരണയുണ്ടാക്കി. ഇത് എൽ.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന നിലപാടായിരുന്നു. എൽ.ഡി.എഫ്. സ്ഥാനാർഥിക്കെതിരേ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചയാളെ ബാങ്ക് പ്രസിഡന്റാക്കാൻ പ്രവർത്തനം നടത്തിയെന്നും പരാതിയിൽ പറയുന്നു.
തദ്ദേശതിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരേ പ്രവർത്തിച്ചയാളെ എൽ.സി.യിലേക്കു കൊണ്ടുവരാൻ ശ്രമിച്ചെന്ന പരാതിയും ഉന്നയിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കാവാലം, പുളിങ്കുന്ന്, മങ്കൊമ്പ് മേഖലകളിൽ അംഗങ്ങൾ പാർട്ടി വിടുമെന്നും സൂചനയുണ്ട്.
തകഴിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ഏരിയ സെക്രട്ടറിയും സി.പി.എം. എൽ.സി. അംഗവുമായ സജിതകുമാരി മാസങ്ങൾക്കു മുമ്പേ രാജിക്കത്തു നൽകിയിരുന്നു. നേതൃത്വം ഇതറിഞ്ഞ മട്ടില്ല, ഇതുവരെ വിഷയം ചർച്ച ചെയ്തതുമില്ല. 15 അംഗ ലോക്കൽ കമ്മിറ്റിയിലെ ഒമ്പതുപേരും രാജിവെക്കുമെന്ന് അറിയിച്ചതോടെ നേതൃത്വം വെട്ടിലായി.
പാർട്ടി വിടുമെന്ന് പ്രഖ്യാപിക്കുന്നവർ കൂടിയിട്ടും ജില്ലാ നേതൃത്വം കാര്യമായി ഇടപെടുന്നില്ലെന്ന പരാതിയുമുണ്ട്.
ചില പ്രതിഷേധങ്ങളുണ്ടെന്നും എന്നാൽ, മാധ്യമങ്ങൾ അവകാശപ്പെടുന്നതുപോലെ രാജിക്കത്തു നൽകിയിട്ടില്ലെന്നും സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു.
Content Highlights: kuttanad cpim dyfi former state committee member resigns cooperative bank election issues
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..