
-
കോട്ടയം: തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസ്-ജോസഫ് പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കം ആരംഭിച്ചു. കുട്ടനാട് സീറ്റില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിക്കുമെന്ന് ജോസ് കെ.മാണി പറഞ്ഞു. പുനലൂര്‍ കോണ്‍ഗ്രസിന് വിട്ട് കൊടുത്ത് വാങ്ങിയതാണ് കുട്ടനാട് സീറ്റ്. അത് തങ്ങളുടെ അക്കൗണ്ടിലുള്ളതാണ്. അതിനാരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും യുഡിഎഫ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.
എന്നാല്‍ കുട്ടനാട് തങ്ങള്‍ മത്സരിച്ച സീറ്റാണെന്നും അതിലൊരു തര്‍ക്കമില്ലെന്നും പി.ജെ.ജോസഫ് പ്രതികരിച്ചു. ജോസ് കെ.മാണി ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞ്ക്കൊണ്ടിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി തങ്ങള്‍ക്ക് വാക്ക് നല്‍കിയിട്ടുണ്ടെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി. ജോസ് കെ.മാണി പറയുന്നതില്‍ യാതൊരു അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലാക്ക് പിന്നാലെ കുട്ടനാട്ടിലും ഇരുവിഭാഗവും അവകാശവാദം ഉന്നയിച്ചെത്തിയത് യുഡിഎഫിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പാലാ വിട്ടുകൊടുക്കാന്‍ തയ്യാറായ പി.ജെ.ജോസഫ് പക്ഷേ കുട്ടനാട്ടില്‍ അതിന് തയ്യാറല്ല. കഴിഞ്ഞ തവണ കുട്ടനാട്ടില്‍ മത്സരിച്ച ജേക്കബ് എബ്രഹാം ഒപ്പമാണെന്നതാണ് ജോസഫിന് അനുകൂല ഘടകം.
പാലായില്‍ പി.ജെ.ജോസഫ് പാലം വലിച്ചതായി ജോസ് വിഭാഗം പറഞ്ഞിരുന്നു. ചരിത്രത്തിലാദ്യമായി പാലായില്‍ കേരള കോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്തു. കുട്ടനാട്ടില്‍ ജോസഫ് വിഭാഗം മത്സരിച്ചാല്‍ ജോസ് വിഭാഗം ഇതിന് പ്രതികാരം ചെയ്യുമോ എന്നതാണ് യുഡിഎഫിനെ അലട്ടുന്നത്.
Content Highlights: Kuttanad Byelection-kerala congress conflict-jose k mani-pj joseph
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..