ഇടുക്കി:  അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നത് സി.പി.ഐ മാത്രമാണെന്ന് വൈദ്യുതി മന്ത്രി എം.എം  മണി. പദ്ധതി നടപ്പിലാക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ അഭിപ്രായം. വൈദ്യുതി മന്ത്രിയെന്ന നിലയില്‍ തന്റെ അഭിപ്രായവും പാര്‍ട്ടിയുടെ അഭിപ്രായവും അതു തന്നെയാണ്. ഇത് സംബന്ധിച്ച് യോജിച്ച തീരുമാനം എടുക്കുമെന്നും എം.എം മണി ഡല്‍ഹിയില്‍ പറഞ്ഞു. 

ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനം തീര്‍ച്ചയായും സംരക്ഷിക്കപ്പെടണം. അതോടൊപ്പം നൂറ്റാണ്ടുകളായി അവിടെ താമസിക്കുന്ന കര്‍ഷകരുടെ ഒരുപാട് പ്രശ്‌നങ്ങളുമുണ്ട്. ഇവയ്‌ക്കെല്ലം  പരിഹാരം കാണണം. ഇക്കാര്യങ്ങളാണ്‌ വരും ദിവസങ്ങളില്‍ അവിടെച്ചെന്ന് പരിശോധിക്കാന്‍ പോവുന്നത്. തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. അവിടച്ചെന്ന് കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡിസംബര്‍ 11, 12 തീയതികളിലാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സന്ദര്‍ശനം. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം മണി എന്നിവരാണ് പ്രദേശം സന്ദര്‍ശിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേകം ഉപസമിതി രൂപീകരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതൊഴിവാക്കിയാണ് മന്ത്രിമാരുടെ സന്ദര്‍ശനം മാത്രമാക്കി മാറ്റിയത്.