ന്യൂഡല്‍ഹി: കുറിഞ്ഞി പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഓര്‍ത്തോഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരിയിലേക്ക് മാറ്റി. തര്‍ക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ച നടക്കുകയാണെന്നും യാക്കോബായ സഭ സുപ്രീംകോടതിയെ അറിയിച്ചു.

ഏറ്റവും ഒടുവില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിനായിരുന്നു മധ്യസ്ഥ ചര്‍ച്ച നടന്നത്. തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചാണ് അന്ന് പിരിഞ്ഞത്. അതിനാല്‍ ചര്‍ച്ചയുടെ പുരോഗതി അറിയിക്കാന്‍ ആറ് ആഴ്ചത്തെ സമയംകൂടി വേണമെന്ന് യാക്കോബായ സഭ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി ഓര്‍ത്തഡോക്‌സ് സഭയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. 

ചര്‍ച്ചയില്‍ പുരോഗതി ഇല്ലെങ്കില്‍ ഫെബ്രുവരിയില്‍ കേസ് വിശദമായി വാദംകേട്ട് തീര്‍പ്പാക്കുമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. യാക്കോബായ സഭയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ഗിരി, അഭിഭാഷകന്‍ അഡോള്‍ഫ് മാത്യു എന്നിവര്‍ ഹാജരായി. ഓര്‍ത്തോഡോക്‌സ് സഭയ്ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ വി വിശ്വനാഥന്‍, അഭിഭാഷകരായ ഇ എം എസ് അനാം, പി എസ് സുധീര്‍ എന്നിവര്‍ ഹാജരായി.

Content Highlights: Kurinji church dispute- supreme court adjourned the case till February