തേനി: വനം വകുപ്പിന്റെ അനുമതിയോടെയാണ് കുരങ്ങണി വനമേഖലയിലേക്ക് സംഘം ട്രക്കിങ്ങിന് പോയതെന്ന് മൊഴി. മൂന്നു ദിവസം മുമ്പ് മേഖലയില്‍ കാട്ടു തീയുണ്ടായിട്ടും അനുമതി നല്‍കുന്നതില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന ആരോപണം ഉയര്‍ന്നതോടെ വനം വകുപ്പും വെട്ടിലായി. അപകടം അന്വേഷിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തേനി എസ്.പി വി ഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.

ടോപ് സ്റ്റേഷനിലേക്ക് പോകാന്‍ രണ്ടു ദിവസം മുമ്പ് വനം വകുപ്പ് പാസ് നല്‍കിയിരുന്നു. ഈ പാസ് ദുരുപയോഗം ചെയ്താണ് സംഘം അപകടമേഖലയിലേക്ക് പ്രവേശിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് എസ്.പി പറഞ്ഞു. ഈ രീതിയില്‍ മുമ്പും ട്രക്കിങ് സംഘടിപ്പിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ടൂര്‍ ഇന്ത്യ ഹോളിഡേയ്‌സ് എന്ന കമ്പനിയാണ് ട്രക്കിങ് സംഘടിപ്പിച്ചത്. കൊളുക്കു മലയിലെത്തിയ ഇവര്‍ക്കൊപ്പം 12 അംഗങ്ങളുള്ള മറ്റൊരു സംഘവും കുരങ്ങണി മലയിലേക്കുള്ള യാത്രയില്‍ പങ്കു ചേര്‍ന്നു. യാത്ര ചെയ്യേണ്ട പാതയില്‍ കാട്ടു തീ ഉണ്ടായെന്ന വിവരത്തേത്തുടര്‍ന്ന് മറ്റൊരു പാത ഇവര്‍ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച മൊഴി.

സംഘത്തിനൊപ്പം പോയ രാജേഷ് എന്ന ഗൈഡിനെ വനം വകുപ്പ് പിടികൂടി ചോദ്യം ചെയ്തിരുന്നു. യാത്ര സംഘടിപ്പിച്ച സ്ഥാപനത്തിന്റെ ഉടമ പീറ്റര്‍ വാന്‍ ഗെയ്റ്റ് ഒളിവിലാണ്.

വനം വകുപ്പ് അനുവദിച്ച പാതയിലൂടെയല്ല സംഘം യാത്ര തുടര്‍ന്നത് എന്ന് വനം വകുപ്പ് വിശദീകരണം നല്‍കിയിട്ടുണ്ട്. മൂന്നു ദിവസം മുമ്പ് കാട്ടു തീ ഉണ്ടായെന്ന് വിവരം കിട്ടിയിട്ടും ട്രക്കിങുകാരുടെ ഇഷ്ടപാതയായ കൊളുക്കുമല- കുരങ്ങണി പാതയില്‍ എന്തുകൊണ്ട് സുരക്ഷാ മുന്‍കരുതല്‍ എടുത്തില്ല എന്നതിനും വനം വകുപ്പ് ഉത്തരം പറയേണ്ടിവരും. വനം വകുപ്പിലും ഡിപ്പാര്‍ട്ട് മെന്റ് തല അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

തേനി എസ്.പി വി ഭാസ്‌കറിനാണ് അന്വേഷണ ചുമതലയെങ്കിലും വിവിധ സംഘങ്ങളായാണ് അന്വേഷണം നടത്തുക. തേനി സബ്ഡിവിഷന്‍ ഡിഎസ്പിക്കാണ് അപകടകാരണം അന്വേഷിക്കാനുള്ള ചുമതല. ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെയുള്ളവ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘം.