kunnamkulam
സാഹേഷ്, അഭിജിത്

കുന്നംകുളം: ചൂണ്ടല്‍ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ കാണിപ്പയ്യൂരില്‍ കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് ബൈക്ക് യാത്രിക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. ചൂണ്ടല്‍ സ്വദേശികളായ തൊമ്മില്‍ ഗിരീശന്റെ മകന്‍ സാഹേഷ് (20), തണ്ടല്‍ ചിറയത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്. 

ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കാണിപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് അപകടം. 

തിരുവനന്തപുരത്ത് നിന്ന് ബെംഗളുരുവിലേക്ക് പോകുന്ന സ്‌കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരുടേയും ദേഹത്തിലൂടെ ബസ് കയറിയിറങ്ങി. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. ഓണത്തോടനുബന്ധിച്ച് കുന്നംകുളത്ത് വന്ന് തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. 

വിവരമറിഞ്ഞെത്തിയ കുന്നംകുളം ആക്ട്‌സ് പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ മാറ്റിയത്. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഒരു മണിക്കുറിലധികം ഗതാഗതം തടസപ്പെട്ടു. പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

content highlights: kunnamkulam ksrtc -bike accident