
അടൂര്‍: ജീവിക്കാനായി 30 വര്‍ഷം മുമ്പ് കിണര്‍ കുഴിക്കാന്‍ ഇറങ്ങിയതാണ് അടൂര്‍ ചൂരക്കോട് അയ്യന്‍കോയിക്കല്‍ ചരുവിള കിഴക്കേതില്‍ കുഞ്ഞുപെണ്ണ്. ഇപ്പോള്‍, 75-ാം വയസ്സിലും ആ ജോലി തുടരുന്നു. ഇതുവരെ കുഴിച്ചത് 1000 കിണറുകള്‍. സ്ത്രീകള്‍ പൊതുവേ ചെയ്യാറില്ലാത്ത ജോലിയാണിത്. ഏകമകന് കിഷോറിന് ഒരു വയസ്സുള്ളപ്പോഴാണ് ഈ ജോലി തുടങ്ങുന്നത്. ദാമ്പത്യബന്ധം അവസാനിച്ചതിനെത്തുടര്‍ന്നാണ് ജീവിക്കാനായി കിണര്‍നിര്‍മാണം തുടങ്ങുന്നത്. ആദ്യം മൈക്കാടുപണിയായിരുന്നു.
അതിനിടെയാണ്, സമീപത്തെ വീട്ടില്‍ കിണര്‍ കുഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ജോലിക്കായി അവിടേക്ക് ചെന്ന കുഞ്ഞുപെണ്ണിനെ ചിലര്‍ കളിയാക്കി. കിണര്‍ കുഴിക്കുന്നിടത്ത് സ്ത്രീകള്‍ വരാന്‍ പാടില്ലെന്ന് പറഞ്ഞെന്നും കുഞ്ഞുപെണ്ണ് ഓര്‍ക്കുന്നു. അവിടെയുള്ള ജോലിക്കാര്‍ പോയിക്കഴിഞ്ഞപ്പോള്‍ കിണറിന് സമീപംചെന്ന് കാര്യങ്ങള്‍ മനസ്സിലാക്കി. കിണറിനുസമീപം വെച്ചിരുന്ന തോത് നോക്കി അളവുംമറ്റും പഠിച്ചു.
ഒരു പള്ളിവികാരിയുടെ വീട്ടില്‍ ആദ്യത്തെ കിണര്‍ കുഴിച്ചു. പിന്നീട് അടൂരിലും പരിസരത്തും പത്തനംതിട്ട ജില്ലയ്ക്കുപുറത്തും കിണറുകള്‍ കുഴിച്ചു. 70 അടി താഴ്ചയില്‍ 38 തൊടിയുള്ള കിണര്‍വരെ കുഴിച്ചെന്ന് അവര്‍ പറയുന്നു.
വടക്കടത്തുകാവ് ഓട്ടോസ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന മകന് കിഷോറും കിണര്‍ കുഴിക്കാന്‍ ചിലപ്പോള്‍ സഹായിക്കും. കിണറിന് സ്ഥാനം കാണുന്നതുമുതല് എല്ലാ ജോലികളും ഇവര്‍ ചെയ്യുന്നു. കിണറ്റില്‍ ഇറങ്ങി കുഴികുത്തുന്നത് അമ്മയാണെന്ന് കിഷോര്‍ പറയുന്നു.
75-ാം വയസ്സിലും ഒരു ശാരീരികപ്രശ്നവും കുഞ്ഞുപെണ്ണിനില്ല. അടൂര്‍ മണക്കാല നെടുംകുന്ന് മലയുടെ അടിവാരത്ത് ലൈഫ് പദ്ധതിയില്വെയ്ക്കുന്ന വീടിന് കിണര്‍ കുഴിക്കുകയാണ് ഇപ്പോള്‍ അമ്മയും മകനും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..