കൊല്ലം: കുണ്ടറ സ്ത്രീപീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രനെതിരേ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് പരാതിക്കാരിയായ യുവതി. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്‌റ്റേഷനിലോ കോടതിയിലോ പരാതി നല്‍കാതെ ഗവര്‍ണര്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണടച്ച് മന്ത്രിയെ പിന്തുണയ്ക്കുകയാണ്. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലായെന്ന് ശബ്ദരേഖയില്‍ നിന്ന് വ്യക്തമാണ്. എന്നിട്ടും മുഖ്യമന്ത്രി ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് മന്ത്രിയെ പിന്തുണയ്ക്കുകയാണ്. കുറ്റാരോപിതനായ മന്ത്രിക്കും പ്രതികള്‍ക്കും ഒപ്പമാണ് മുഖ്യമന്ത്രി നിലകൊള്ളുന്നതെന്നും യുവതി ആരോപിച്ചു. 

പരാതിയില്‍ നിന്ന് പിന്‍മാറില്ല. കേസില്‍ മന്ത്രിക്കെതിരേ മൊഴിയുണ്ടാകുമോ എന്ന കാര്യം മൊഴി കൊടുത്ത ശേഷം പറയാമെന്നും പെണ്‍കുട്ടി പറഞ്ഞു. 

പോലീസ് ഇതുവരെ മൊഴിയെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ എത്തിയപ്പോള്‍ പോലീസ് മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. അതുകൊണ്ടാണ് വീട്ടില്‍ ഇല്ലാതിരുന്നത്. മൊഴിയെടുക്കാനാണ് എത്തിയതെന്ന് പോലും വീട്ടുകാരെ പോലീസ് അറിയിച്ചിരുന്നില്ല. വഴിയില്‍വെച്ച് താന്‍ തിരിച്ചവരുന്നത് കണ്ട പോലീസ് ഒരുകാര്യങ്ങളും ചോദിച്ചിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

content highlights: kundara women said that she would file a complaint against AK Saseendran to the Governor