കൊല്ലം: എന്‍.സി.പി നേതാവ് അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസിന്റെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന ആരോപണത്തില്‍ കുണ്ടറ സി.ഐ ജയകൃഷ്ണന് സ്ഥലംമാറ്റം. കേസെടുക്കുന്നതിലുള്‍പ്പെടെ താമസമുണ്ടായെന്ന ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റ നടപടി. എന്‍.സി.പി നേതാവ് പത്മാകരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടത് വലിയ വിവാദമായിരുന്നു.

ജൂണ്‍ 28ന് യുവതി പരാതി നല്‍കിയെങ്കിലും മൂന്നാഴ്ചയ്ക്ക് ശേഷമാണ് പോലീസ് കേസെടുത്തതും രഹസ്യമൊഴി ശേഖരിക്കുന്ന നടപടി സ്വീകരിച്ചതും. യുവതിയുടെ പരാതി പരിഗണിച്ച് കേസ് തീര്‍പ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗരുഡിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

പോലീസ് ഈ കേസ് ഒത്തുതീർപ്പാക്കാനാണ് ആദ്യഘട്ടം മുതല്‍ ശ്രമിച്ചതെന്ന ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. സംഭവം വിവാദമായതോടെ എന്‍.സി.പി ആറ് നേതാക്കള്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിരുന്നു. അതോടൊപ്പം ഫോണ്‍ സംഭാഷണങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന് താക്കീത് നല്‍കുകയും ചെയ്തിരുന്നു. 

കൊല്ലം നീണ്ടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന്‍ സി.ഐ മഞ്ജുലാലാണ് പുതിയ കുണ്ടറ സി.ഐ

Content Highlights: Kundara CI Jayakrishnan transferred in sexual assault case against NCP leader