സ്‌ഫോടനം നടന്ന സ്ഥലം, കുണ്ടന്നൂർ സെയ്ന്റ് ജോസഫ് യു.പി. സ്കൂളിനുള്ളിൽ അലുമിനിയം ജനൽപ്പാളികൾ തകർന്ന് ചില്ലുകൾ ചിതറിക്കിടക്കുന്നു | Photo:Mathrubhumi
കുണ്ടന്നൂർ: തൃശൂര്‍ കുണ്ടന്നൂരിൽ കഴിഞ്ഞ ദിവസം വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ നാൽപ്പതു വീടുകളിൽ നാശനഷ്ടമുണ്ടായതായി വിലയിരുത്തൽ. ഭൂരിഭാഗം വീടുകളിലെയും ജനൽച്ചില്ലുകളും ചില്ലുകൊണ്ടുള്ള മറ്റു നിർമിതികളുമാണ് തകർന്നത്. ചില വീടുകളുടെ ചുമരുകൾക്ക് വിള്ളൽ വീണിട്ടുണ്ട്. ചുമരിൽനിന്ന് ജനലുകളും കട്ടിളകളും അകന്നിട്ടുമുണ്ട്.
റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ കണക്കെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് നൽകും. വടക്കാഞ്ചേരി നഗരസഭയിലെ കുമ്പളങ്ങാട് മേഖലയിലും വീടുകൾക്ക് നാശമുണ്ടായി. കുണ്ടന്നൂർ കർമലമാതാ പള്ളി, സെയ്ന്റ് ജോസഫ് യു.പി. സ്കൂൾ, മദർ ഓഫ് ഡിവൈൻ കോൺവെന്റ് സ്കൂൾ എന്നിവിടങ്ങളിലാണ് കൂടുതൽ ചില്ലുകൾ പൊട്ടിയിട്ടുള്ളത്. ഒരു കിലോമീറ്റർ ചുറ്റളവിനപ്പുറമുള്ള വീടുകൾക്കും നാശമുണ്ടായിട്ടുണ്ട്. ഭൂരിഭാഗം വീടുകളിലെയും അടച്ചിട്ട ജനലിന്റെ ചില്ലുകളാണ് തകർന്നിട്ടുള്ളത്.
പൊള്ളലേറ്റയാൾ മരിച്ചു; രണ്ടുപേർ അറസ്റ്റിൽ
കുണ്ടന്നൂർ : കുണ്ടന്നൂർ തെക്കേക്കരയിലെ അനധികൃത വെടിക്കെട്ടുപുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പരിക്കേറ്റ 53-കാരൻ മരിച്ചു. പാലക്കാട് കാവശ്ശേരി വേപ്പിലശ്ശേരി പുതുവീട്ടിൽ കെ.എസ്. കൃഷ്ണദാസാണ് (മണികണ്ഠൻ) മരിച്ചത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൊള്ളൽ വിഭാഗം ഐ.സി.യു.വിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
വെടിക്കെട്ട് കരാറുകാരനായ ലൈസൻസി കുണ്ടന്നൂർ കള്ളിവളപ്പിൽ ശ്രീനിവാസൻ (47), വെടിക്കെട്ടുപുര പ്രവർത്തിച്ച സ്ഥലത്തിന്റെ ഉടമയും ജില്ലയിലെ പ്രധാന വെടിക്കെട്ട് കരാറുകാരനുമായ കുണ്ടന്നൂർ പുഴയ്ക്കൽ വീട്ടിൽ സുന്ദരാക്ഷൻ(54) എന്നിവരെ അറസ്റ്റുചെയ്തു. ഇവർക്കെതിരേ എക്സ്‌പ്ലോസീവ് നിയമപ്രകാരവും മനഃപൂർവമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരവും കേസെടുത്തു.
മണികണ്ഠൻ 18 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു. അപകടത്തെത്തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിലെത്തിച്ചപ്പോൾ താൻ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂവെന്ന് മണികണ്ഠൻ പറഞ്ഞിരുന്നു. തുടർന്ന് ബോധരഹിതനായി. പരേതനായ ഷണ്മുഖൻ കുരുക്കളുടെയും കമലത്തിന്റെയും മകനാണ് മണികണ്ഠൻ. സഹോദരങ്ങൾ: മോഹനൻ, ശെൽവൻ, ബേബി, പദ്‌മാവതി, ശാന്തി, ലത, രാജേശ്വരി. മൃതദേഹം ചൊവ്വാഴ്ച നാലരയോടെ വീട്ടിലെത്തിച്ചു. തുടർന്ന് കാവശ്ശേരി വടക്കേനട ശ്മശാനത്തിൽ സംസ്കരിച്ചു.
ഡെപ്യൂട്ടി കളക്ടർ സി.ടി. യമുനാദേവി അപകടസ്ഥലത്തെത്തി ലൈസൻസ് റദ്ദാക്കാൻ ശുപാർശ കൈമാറി. ലാബ് പരിശോധനാ റിപ്പോർട്ടിലൂടെ മാത്രമേ നിരോധിത ഇനങ്ങൾ ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമാകൂവെന്ന് വടക്കാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. മാധവൻകുട്ടി പറഞ്ഞു. ലൈസൻസ് പ്രകാരം അനുമതി ഉള്ളതിന്റെ വളരെക്കൂടുതൽ അളവ് കരിമരുന്നും സാമഗ്രികളും സ്ഥലത്തുണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്.
കാവശ്ശേരി: കരിമരുന്നുപണിക്കാരുടെ നാട്
-ജോബ് ജോൺ
ആലത്തൂർ: സംസ്ഥാനത്തെവിടെ വെടിക്കെട്ടപകടമുണ്ടായാലും കാവശ്ശേരിക്കാർ നെഞ്ചിൽ കൈവെച്ച് ഒരുനിമിഷം നിശ്ശബ്ദരാകും. തങ്ങളുടെ പ്രിയപ്പെട്ടവരാരും അക്കൂട്ടത്തിൽ ഉണ്ടാകരുതെന്ന പ്രാർഥനയാകുംപിന്നെ. പലപ്പോഴും പ്രാർഥനകൾ കണ്ണീരിന് വഴിമാറും. നാനൂറോളംപേരാണ് കരിമരുന്ന് മേഖലയിൽ ഇവിടെനിന്ന് തൊഴിൽചെയ്യുന്നത്.
കഴനി, കുന്നുമ്പുറം, കിഴക്കേപ്പാടം, മുട്ടാളക്കൽ, പീച്ചോട്, പാലത്തൊടി, കാക്കമ്പാറ, വേപ്പിലശ്ശേരി പ്രദേശത്തെ ഒരുവീട്ടിൽനിന്ന് ഒരാളെങ്കിലുമുണ്ടാകും കരിമരുന്ന് തൊഴിൽ ചെയ്യുന്നവരായി.
ബ്രിട്ടീഷ് ഭരണകാലത്തോളം ചരിത്രം
ബ്രിട്ടീഷ് ഭരണകാലത്തോളം ചരിത്രമുണ്ട് കാവശ്ശേരിയുടെ കരിമരുന്ന് പൈതൃകത്തിന്. കാവശ്ശേരിയിലെ മാണിക്യൻ (കുപ്പൻ) കുരുക്കൾക്ക് മദ്രാസ് പ്രോവിൻസിലെ കരിമരുന്ന് ലൈസൻസുണ്ടായിരുന്നു. ഡൽഹിയിൽ ഏഷ്യാഡ് ഗെയിംസിൽ വെടിക്കെട്ട് അവതരിപ്പിച്ച് മാണിക്യൻ കുരുക്കളും സഹോദരങ്ങളും മക്കളും ദേശീയ ശ്രദ്ധയാകർഷിച്ചു. മാണിക്യന്റെ മക്കളായ നടരാജനും മോഹനനും ലൈസൻസ് ഉണ്ടായിരുന്നു. പിന്നീട് അവർ സർക്കാർജോലിയും വിദേശജോലിയുമൊക്കെയായി വഴിമാറി.
മാണിക്യന്റെ സഹോദരങ്ങളായ ഷൺമുഖൻ, സുബ്രഹ്മണ്യൻ, വിശ്വനാഥൻ, തങ്കപ്പൻ എന്നിവരും ഈ രംഗത്തുണ്ടായിരുന്നു. ഷൺമുഖന്റെ മകനാണ് കുണ്ടനൂരിൽ അപകടത്തിൽമരിച്ച കൃഷ്ണദാസ് (മണികണ്ഠൻ). മാണിക്യൻകുരുക്കളുടെ കുടുംബത്തിൽ ജയകൃഷ്ണന് മാത്രമാണ് ഇപ്പോൾ ലൈസൻസുള്ളത്.
ദുരന്തങ്ങളിൽ വിറങ്ങലിച്ച നാട്
വെടിക്കെട്ടപകടങ്ങളിൽ വിറങ്ങലിച്ച നാടാണ് കാവശ്ശേരി. മാണിക്യൻകുരുക്കളുടെ വെടിമരുന്നുശാലകത്തി ഒരാളും മരുന്ന് ഇടിപ്പുരകത്തി രണ്ടുസ്ത്രീകളടക്കം മൂന്നുപേരും വിശ്വനാഥൻ, സുബ്രഹ്മണ്യൻ എന്നിവരുടെ മരുന്ന് ഷെഡ്‌ഡ് കത്തി ആറുപേർവീതവും 50 വർഷത്തിനിടെ കാവശ്ശേരിയിൽമാത്രം മരിച്ചു.
ത്രാങ്ങാലി, കാസർകോട്, അത്താണി, മായന്നൂർ തുടങ്ങിയ അപകടങ്ങളിൽ 20-തിലേറെ കാവശ്ശേരിക്കാർക്ക് ജീവൻനഷ്ടമായി. ജീവൻ കൈയിലെടുത്തുള്ള പണിയാണെങ്കിലും ചെറുപ്പക്കാരടക്കമുള്ളവർ വിവിധ ലൈസൻസികളുടെ കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്നണ്ട്. ദിവസം 1,200രൂപ കൂലികിട്ടുമെന്നതാണ് പ്രധാന ആകർഷണം. രാത്രി 10മണിവരെ ജോലിചെയ്താൽ 600രൂപകൂടി കിട്ടും.
വെടിക്കെട്ട് കത്തിക്കുന്നതിന് കൂലിക്കുപുറമേ ഭക്ഷണവുംമറ്റും കിട്ടും. 10 വർഷത്തോളമായി ദുരന്തങ്ങളിലൊന്നും കാവശ്ശേരിക്കാർ പെട്ടിരുന്നില്ലെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് കുണ്ടനൂർ അപകടം.
Content Highlights: kundanoor fire cracker making centre explosion blast house window wall crack
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..