ചെങ്ങന്നൂര്‍: കേരളത്തിന് പുതിയ ദിശാബോധം നല്‍കുന്ന തെരെഞ്ഞെടുപ്പായിരിക്കും ചെങ്ങന്നൂരില്‍ നടക്കാന്‍ പോകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനങ്ങളെ വഞ്ചിച്ച ഇരു മുന്നണികളേയും ചെങ്ങന്നൂരിലെ ജനങ്ങള്‍ തൂത്തെറിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വികാസ് യാത്രക്ക് റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു കുമ്മനം
 
ബിജെപിയുടെ വികസന രാഷ്ട്രീയവും ഇടത് വലത് മുന്നണികളുടെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആകും ചെങ്ങന്നൂരില്‍ നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇരു മുന്നണികളും മാറി മാറി പ്രതിനിധീകരിച്ചിട്ടും  ചെങ്ങന്നൂരില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വ്യവസായം തുടങ്ങാന്‍ ആഗ്രഹിച്ച് മുതല്‍ മുടക്കുന്ന പ്രവാസികള്‍ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണ് കേരളത്തിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗര്‍ഭസ്ഥ ശിശുവിന് പോലും പിണറായി ഭരണത്തില്‍ രക്ഷയില്ലാതായെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ എതിര്‍ക്കാന്‍ കടമയുള്ള പ്രധാന പ്രതിപക്ഷമായ യു ഡി എഫ് നിര്‍ജ്ജീവ അവസ്ഥയിലാണ്. ഇരു മുന്നണികളുടെയും അഡ്ജസ്‌റ്‌മെന്റ് രാഷ്ട്രീയത്തിന് എതിരായ ജനവിധിയാകും ചെങ്ങന്നൂരില്‍ ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.