കൊച്ചി: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് അദ്ദേഹത്തെ ജനമധ്യത്തില്‍ പരിഹാസ പാത്രമാക്കി മാറ്റാന്‍ നടക്കുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റേയും ശ്രമം വിലപ്പോകില്ലെന്ന് ബി.ജെ.പി. പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്നും ഒറ്റതിരിഞ്ഞ് നേതാക്കന്മാരെ ആക്രമിച്ച് അപകീര്‍ത്തിപ്പെടുത്തി പാര്‍ട്ടിയെ ഛിന്നഭിന്നമാക്കാമെന്ന് വിചാരിക്കേണ്ടന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കോര്‍ കമ്മിറ്റി യോഗത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  

കൊടകര കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ കോള്‍ ലിസ്റ്റ് പോലീസ് എന്തുകൊണ്ട് പരിശോധിക്കുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍ ചോദിച്ചു. പണം കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍ സിപിഎമ്മുകാരും സിപിഐക്കാരുമാണ്. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ല?. അവരെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ എന്തെല്ലാമാണ്? അവരുടെ ഫോണ്‍ കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ച് പോലീസ് എന്തുകൊണ്ട് ബന്ധപ്പെടുന്നില്ല. അതിന്റെ പിന്നിലുള്ള ഗൂഢാലോചന, കരുനീക്കങ്ങള്‍, തയ്യാറെടുപ്പുകള്‍ എന്നിവ എന്തായിരുന്നുവെന്ന് പറയാനുള്ള ബാധ്യത സര്‍ക്കാരിനില്ലേയെന്നും അദ്ദേഹം ചോദിച്ചു. 

കേസില്‍ ധര്‍മരാജന്‍ പരാതിക്കാരനാണ്. അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധിച്ച് ആരെല്ലാം വിളിച്ചിട്ടുണ്ടോ അവരെയെല്ലാം തേടിപ്പിടിച്ച് ചോദ്യം ചെയ്യാന്‍ വിളിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നും കുമ്മനം ചോദിച്ചു. കേസിലെ പ്രതികള്‍ക്ക് സി.പി.എമ്മിന്റെയും സി.പി.ഐ.യുടേയും ഉന്നത നേതാക്കളുമായി ബന്ധമുണ്ട്. എംഎല്‍എ ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികള്‍. അവരെക്കുറിച്ച് വെളിപ്പെടുത്താന്‍ പോലീസ് എന്തുകൊണ്ട് വിമുഖത കാണിക്കുന്നുവെന്നും കുമ്മനം ചോദിച്ചു.

ധര്‍മരാജന് ബി.ജെ.പി.യുമായി അനുഭാവമുള്ളതിനാലും അടുത്ത് പ്രവര്‍ത്തിച്ചിരുന്നതിനാലും തിരഞ്ഞെടുപ്പ് കാലത്ത് ചില ജോലികള്‍ ഏല്‍പ്പിച്ചുകൊടുത്തിരുന്നു. പക്ഷേ പരാതിക്കാരനായ ധര്‍മരാജന്‍ ആരെയെല്ലാം വിളിച്ചോ അവരെയെല്ലാം തേടിപ്പിടിച്ച്, ബിജെപി നശിപ്പിക്കാനുള്ള ഉദ്ദശത്തോടെ കേസ് അന്വേഷണം നടത്തുന്നത് എന്തിന് വേണ്ടിയാണ് ?. സംസ്ഥാന അധ്യക്ഷന്റെ മകനെവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്, ബിജെപിയെ ഒന്നാകെ തന്നെ അവഹേളിച്ച് ജനമധ്യത്തില്‍ കരിതേച്ച് കാണിച്ച് ഒറ്റപ്പെടുത്തി നശിപ്പിക്കാന്‍ വേണ്ടിയാണെന്നും കുമ്മനം ആരോപിച്ചു. 

ബി.ജെ.പി. സംസ്ഥാന കോര്‍ കമ്മിറ്റിയോഗം ഹോട്ടലില്‍ നടത്തുന്നത് പൊലീസ് വിലക്കിയതിനേയും കുമ്മനം രൂക്ഷമായി വിമര്‍ശിച്ചു. കോര്‍ കമ്മിറ്റി യോഗം വിലക്കിയത് സര്‍ക്കാര്‍ ഇടപെട്ടിട്ടാണ്. മുന്‍കൂട്ടി അനുവാദം വാങ്ങി, എല്ലാ പ്രോട്ടോക്കോളുകള്‍ക്കും വിധേയമായാണ് ഇന്ന് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്. എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനുള്ള ഭരണഘടനാപരമായ മൗലികമായ അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും ലംഘിച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍ ഇത്തരം നീക്കം നടത്തുന്നത്. ഇത് ബിജെപിയോട് മാത്രം കാണിക്കുന്ന നിഷേധാത്മകമായ നയമാണെന്നും പക്ഷപാതപരമായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ കുറേ നാളുകളായി ചില മാധ്യമങ്ങളും സി.പി.എമ്മും കോണ്‍ഗ്രസും ചിലതല്‍പ്പര കക്ഷികളും ബിജെപിയെ കൊത്തിക്കീറി വലിക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയുമാണ്. ഏത് വിധേനയും ബിജെപിയെ കേരളത്തില്‍ തച്ചുതകര്‍ത്ത്, എതിര്‍ശബ്ദം ഉണ്ടാകാതിരിക്കാനുള്ള രാഷ്ട്രീയ കരുനീക്കമാണ് ഉണ്ടാകുന്നത്. ബഹുജനാടിത്തറയും പിന്തുണയുമുള്ള ഒരു പാര്‍ട്ടിയെ സമാധാനപരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ല എന്ന സിപിഎം നിലപാട് ഫാസിസമാണെന്നും കുമ്മനം പറഞ്ഞു. 

Content Highlights: Kummanam Rajasekharan on Kodakara case