തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സംസ്ഥാനത്തെ 14 ജില്ലകളിലും വികാസ യാത്ര നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ അറിയിച്ചതാണ് ഇക്കാര്യം. ജനുവരി 16 മുതല്‍ മാര്‍ച്ച് 15 വരെയാവും വിവിധ ജില്ലകളിലൂടെയുള്ള വികാസ് യാത്ര.

ജനരക്ഷാ യാത്രയ്ക്ക് ലഭിച്ച പിന്തുണ സംഘടനാ തലത്തില്‍ പ്രയോജനപ്പെടുത്തുന്നതിനാണ് സംസ്ഥാന അധ്യക്ഷന്‍ ജില്ലകളില്‍ യാത്ര നടത്തുന്നത്. ഓരോ ജില്ലകളിലും 2, 3 ദിവസം വീതമായിരിക്കും പര്യടനം. 16 ന് തൃശൂരില്‍ നിന്ന് തുടങ്ങുന്ന പര്യടനം മാര്‍ച്ച് 15 ന് കോട്ടയത്താണ് സമാപിക്കുക. രണ്ടു ദിവസമായി തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഓരോ ജില്ലയിലും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരുമായി സംസ്ഥാന അധ്യക്ഷന്‍ ആശയവിനിമയം നടത്തും. ഒരു ജില്ലയില്‍ 20 ഓളം യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വിസ്തൃത പ്രവാസത്തിന്റെ മാതൃകയിലാണ് സംസ്ഥാന അധ്യക്ഷന്റെ പര്യടനവും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും മറ്റ് നേതാക്കളും ഒപ്പമുണ്ടാകും.

ലോകകേരള സഭ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സമ്മേളനം തട്ടിപ്പാണെന്ന് സംസ്ഥാന നേതൃയോഗം വിലയിരുത്തി. കേരളത്തിന്റെ വികസനത്തിനായി ഒരു പദ്ധതിയും ആവിഷ്‌കരിച്ച്  അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ആയിരക്കണക്കിന് കോടി രൂപ സംസ്ഥാനം പാഴാക്കി കളയുകയാണ്. കേന്ദ്രവുമായി സഹകരിച്ച് നടപ്പാക്കാന്‍ പറ്റുന്ന നിരവധി വികസന പദ്ധതികള്‍ ഉളളപ്പോള്‍ ഇത്തരമൊരു പൊറാട്ട് നാടകം നടത്തുകയാണ്.

കോടികള്‍ മുടക്കി സമ്മേളന മാമാങ്കം നടത്തുന്ന സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 12 കെഎസ്ആര്‍ടിസി ജീവനക്കാരാണ് ആത്മഹത്യ ചെയ്തത്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും എതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കേസെടുക്കണം.

സംസ്ഥാനം കടക്കെണിയില്‍ പെട്ട് ഉഴറുമ്പോള്‍  വ്യക്തമായ പദ്ധതിയില്ലാതെ കോടികള്‍ ചെലവഴിച്ച് സമ്മേളനം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തിയതായി അദ്ദേഹം അറിയിച്ചു.

കുറ്റിപ്പുറത്ത് ആയുധ ശേഖരം കണ്ടെത്തിയ സംഭവം അതീവ ഗൗരവമുള്ളതാണ്. ഇതിന് സാഹചര്യം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവവും നിസംഗ മനോഭാവവുമാണ്. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച സര്‍ക്കാരുകളാണ് ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.

വി ടി ബല്‍റാം എംഎല്‍എയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന പ്രതികരണങ്ങള്‍ അസഹിഷ്ണുത മൂലമാണ്. സിപിഎം മറന്ന എ കെ ജിയെ വീണ്ടും അവരുടെ ഓര്‍മ്മയിലെത്തിച്ചത് ബല്‍റാമാണ്. ഇന്ത്യന്‍ കോഫീ ഹൗസുകളിലല്ലാതെ എ കെ ജിയുടെ ചിത്രം  സിപിഎമ്മുകാര്‍ എവിടെയും ഉപയോഗിക്കുന്നില്ല. സിപിഎം സമ്മേളനങ്ങളില്‍ നിന്ന് എ കെ ജിയും പി കൃഷ്ണയും അപ്രത്യക്ഷമായി. പകരം കിംജോംഗ് ഉന്നും ചെഗുവേരയുമാണ് ഇടം പിടിക്കുന്നതെന്നും എ എന്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു. 

വികാസ് യാത്ര ഓരോ ജില്ലകളിലും പര്യടനം നടത്തുന്ന ദിവസങ്ങള്‍

തൃശൂര്‍ - ജനുവരി 16,17,18
പത്തനംതിട്ട- ജനു 23,24
കാസര്‍കോട്- ജനു 29,30
തിരുവനന്തപുരം - ഫിബ്രവരി 1,2,3
കൊല്ലം - ഫിബ്രവരി 6,7,8
ആലപ്പുഴ-  ഫിബ്രവരി- 11,12,13
എറണാകുളം- ഫിബ്രവരി 16,17,18
ഇടുക്കി-  ഫിബ്രവരി 19,20,21
കോഴിക്കോട്-  ഫിബ്രവരി 23,24,25
വയനാട്- ഫിബ്രവരി 26,27
കണ്ണൂര്‍- മാര്‍ച്ച് 1,2
മലപ്പുറം- മാര്‍ച്ച് 5,6,7
പാലക്കാട്- മാര്‍ച്ച് 9,10,11
കോട്ടയം- മാര്‍ച്ച് 13,14,15