തിരുവനന്തപുരം: സര്‍ക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ കേസില്‍ കുടുക്കി പീഡിപ്പിക്കുമെന്ന മുന്നറിയിപ്പാണ് കെ.എം.ഷാജിക്കും ജേക്കബ് തോമസിനുമെതിരെ ഉയര്‍ത്തിയ വിജിലന്‍സ് കേസ് എന്ന വാളെന്ന് കുമ്മനം രാജശേഖരന്‍. പൊതുപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇതൊരു താക്കീതാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ തെറ്റിനെതിരെ വിരല്‍ ചൂണ്ടുമ്പോള്‍ അതിനെതിരേയുള്ള പ്രതികാര നടപടിയായി കേസ് രജിസ്റ്റര്‍ ചെയ്യുന്നതും വേട്ടയാടുന്നതും ഫാസിസ്റ്റ് പ്രവണതയാണെന്നും കുമ്മനം പറഞ്ഞു. എതിര്‍ ശബ്ദത്തെ അധികാരത്തിന്റെ മുഷ്‌ക്ക് ഉപയോഗിച്ച് നേരിടുന്നതും അവരുടെ നാവരിയുന്നതും ജനാധിപത്യ മര്യാദക്കും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനും ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സര്‍ക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ കേസില്‍ കുടുക്കി പീഡിപ്പിക്കുമെന്ന മുന്നറിയിപ്പാണ് കെ.എം.ഷാജിക്കും ജേക്കബ് തോമസിനുമെതിരെ ഉയര്‍ത്തിയ 'വിജിലന്‍സ് കേസ് ' എന്ന വാള്‍. ഇതൊരു താക്കീതാണ്, പൊതുപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും.
കെ.എം.ഷാജിയും ജേക്കബ് തോമസും കുറ്റം ചെയ്തിട്ടുണ്ടോ എന്നുള്ളതല്ല വിഷയം. അവര്‍ കുറ്റം ചെയ്തു എന്ന് ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കുന്നതില്‍ ഒരു പിശകുമില്ല. പക്ഷേ നടപടി സ്വീകരിക്കുന്ന സന്ദര്‍ഭമാണ് പ്രധാനം.
കെ.എം.ഷാജിക്ക് എതിരെ ഉയര്‍ന്ന കുറ്റാരോപണത്തിന് ദീര്‍ഘനാളത്തെ പഴക്കമുണ്ട്. കുറ്റം ചെയ്ത ആളിനെ ശിക്ഷിക്കണമെന്നതില്‍ ആത്മാര്‍ത്ഥത ഉണ്ടായിരുന്നു എങ്കില്‍ നടപടി എടുക്കാന്‍ എത്രയോ കാലയളവ് ലഭിച്ചു. ഇത്രയും നാള്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ ആഞ്ഞടിക്കാന്‍ പറ്റിയ സന്ദര്‍ഭമാണ് എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഷാജിക്കെതിരെ കേസ് എടുത്തത്. ജേക്കബ് തോമസിനെതിരെ ഇപ്പോള്‍ പറയുന്ന കുറ്റാരോപണം വളരെ നാളായി കേള്‍ക്കുന്നതാണ്. റിട്ടയര്‍ ചെയ്യാന്‍ ഏതാനും ദിവസം മാത്രം അവശേഷിക്കെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നില്‍ പെന്‍ഷന്‍ വാങ്ങരുത് എന്ന ദുരുദ്ദേശം മാത്രമേ ഒള്ളു.
അവര്‍ സര്‍ക്കാരിന്റെ തെറ്റിനെതിരെ വിരല്‍ ചൂണ്ടുമ്പോള്‍ അതിന് എതിരെ ഉള്ള പ്രതികാര നടപടിയായി കേസ് രജിസ്റ്റര്‍ ചെയ്യുന്നതും വേട്ടയാടുന്നതും ഫാസിസ്റ്റ് പ്രവണതയാണ്. എതിര്‍ ശബ്ദത്തെ അധികാരത്തിന്റെ മുഷ്‌ക്ക് ഉപയോഗിച്ച് നേരിടുന്നതും അവരുടെ നാവരിയുന്നതും ജനാധിപത്യ മര്യാദക്കും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനും ചേര്‍ന്നതല്ല.
അഭിപ്രായ പ്രകടനത്തിനും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതിനുമുള്ള സ്വാതന്ത്യം ഏവര്‍ക്കും ഉണ്ടായിരിക്കണം. ആര്‍ക്കെതിരെ വേണമെങ്കിലും കേസ് എടുക്കുവാനും വകുപ്പുകള്‍ കണ്ടെത്താനും ഭരണാധികാരികള്‍ക്ക് കഴിയും. പക്ഷേ പ്രതിയോഗികളെ നേരിടുവാനുള്ള ആയുധമായി മാത്രം അതിനെ ഉപയോഗിച്ചുകൂടാ.
ശബരിമല പ്രക്ഷോഭ കാലത്തു അമ്പതിനായിരം നിരപരാധികളുടെ പേരില്‍ കേസ് എടുത്തതിന്റെ പിന്നില്‍ യാതൊരു തത്വദീക്ഷയുമില്ല. വെറും അസഹിഷ്ണുത രാഷ്ട്രീയ പക പൊക്കല്‍ !
കെ. സുരേന്ദ്രനേയും ശശികല ടീച്ചറെയും അറസ്റ്റ് ചെയ്തപ്പോള്‍ ദീര്‍ഘകാലം ജയിലില്‍ ഇടാന്‍ വേണ്ടി മാത്രമാണ് പഴയ 266 കേസുകള്‍ പെട്ടെന്ന് പൊക്കി കൊണ്ടു വന്നത്. ഇതേപോലെ തന്നെയാണ് മുന്‍ ഡിജിപി സെന്‍കുമാറിനെ ആയിരത്തോളം കേസുകളില്‍ ഒറ്റയടിക്ക് കുടുക്കിയത്.
നീതി ബോധമോ ധാര്‍മ്മികതയോ ഒന്നും ഇതിന്റെ പിന്നില്‍ ഇല്ല. എതിര്‍ക്കുന്നവരെ കുടുക്കുക മാത്രമാണ് ലക്ഷ്യം. തങ്ങള്‍ പറയുന്നത് പോലെ നടന്നില്ലെങ്കില്‍ കോടതിത്തിണ്ണ കയറ്റിയും അഴി എണ്ണിച്ചും പാഠം പഠിപ്പിക്കുമെന്ന ഏകാധിപതിയുടെ ശാസനയെ മറികടക്കാനുള്ള ഇച്ഛാശക്തി ജനാധിപത്യ കേരളത്തിന് ഇന്നല്ലെങ്കില്‍ നാളെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: Kummanam Rajasekharan against pinarayi vijayan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..