കുമ്മനം രാജശേഖരൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ബിജെപിക്കെതിരെ സിപിഎം ഒളിയുദ്ധം നടത്തുന്നുവെന്ന് കുമ്മനം രാജശേഖരന്‍. കൊടകര കേസില്‍ ബിജെപിയെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച് നാണംകെട്ട പൊലീസ് മഞ്ചേശ്വരം കേസില്‍ കെ.സുരേന്ദ്രനെ കുടുക്കാന്‍ ശ്രമിക്കുയാണെന്നും കുമ്മനം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനെയും നേതാക്കളെയും വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് ബിജെപി കോര്‍കമ്മിറ്റി അംഗങ്ങള്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യവാങ്മൂലം നല്‍കി പത്രിക പിന്‍വിലിച്ച സുന്ദരയെ കൊണ്ട് രണ്ടുമാസത്തിന് ശേഷം കേസ് കൊടുപ്പിക്കുന്നത് സിപിഎമ്മിന് ബിജെപിയോട് നേര്‍ക്ക് നേരെ പോരാടാന്‍ ശേഷിയില്ലാത്തത് കൊണ്ടാണ്. ബിജെപിക്കെതിരെ സിപിഎം ഒളിയുദ്ധമാണ് നടത്തുന്നത്. മരങ്ങള്‍ മുറിച്ച് കടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് മറിച്ചുവെക്കാനാണ് ഇടതുപക്ഷം ബിജെപിക്കെതിരെ നിഴല്‍ യുദ്ധം നടത്തുന്നത്. വരുമാനം കണ്ടെത്താന്‍ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാര്‍.
കേരളത്തില്‍ സിപിഎമ്മുകാര്‍ക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണുള്ളത്. ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയെ ഇല്ലായ്മ ചെയ്യുവാനാണ് സര്‍ക്കാരിന്റെ ശ്രമം. അഴിമതിക്കും തട്ടിപ്പിനുമെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും ബിജെപിയാണ് തങ്ങളുടെ എതിരാളിയെന്നും സിപിഎമ്മിനറിയാം. മരം മുറിച്ച സ്ഥലങ്ങള്‍ ഒരു മന്ത്രി പോലും സന്ദര്‍ശിക്കാത്തത് എന്താണെന്നും കുമ്മനം രാജശേഖരന്‍ ചോദിച്ചു.
സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്‍, ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ് മുന്‍ എംഎല്‍എ ഒ.രാജഗോപാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, സി.കൃഷ്ണകുമാര്‍, ജോര്‍ജ് കുര്യന്‍, പി.സുധീര്‍, ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവര്‍ പങ്കെടുത്തു.
Content Highlights: Kummanam Rajasekharan against CPM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..