തിരുവനന്തപുരം: തിങ്കളാഴ്ച നടന്ന ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് കലാപവും തേര്‍വാഴ്ചയും വഴി ക്രമസമാധാനനില തകര്‍ക്കാന്‍ ആസൂത്രിതവും സംഘടിതവുമായ അക്രമങ്ങള്‍ നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രശ്‌നത്തിന് വര്‍ഗീയ നിറം നല്‍കി സ്ഥിതിഗതികള്‍ വഷളാക്കുകയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന ആപല്‍ക്കരമായ ശ്രമങ്ങള്‍ ആണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സംസ്ഥാനത്തു അപ്രഖ്യാപിത ഹാര്‍ത്താലിന്റെ മറവില്‍ ചില ജില്ലകളില്‍ വ്യാപകമായ അക്രമങ്ങള്‍ നടന്നത് ആശങ്കാജനകമാണ്. ഒട്ടനവധി നിരപരാധികള്‍ ആക്രമിക്കപ്പെട്ടു, നിരവധിവ്യാപാര സ്ഥാപനങ്ങള്‍, കടകള്‍ നശിപ്പിക്കപ്പെട്ടു.. ഹര്‍ത്താലിന്റെ മറവില്‍ ചില വിധ്വംസക ശക്തികള്‍ നടത്തിയ അക്രമങ്ങള്‍ ൈസ്വര്യജീവിതം താറുമാറാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാശ്മീരിലെ കഠുവയില്‍ നടന്ന മനുഷ്യത്വ രഹിതമായ അക്രമം ആരും അംഗീകരിക്കുന്നില്ല. ഈ ക്രൂരപ്രവൃത്തിക്കെതിരെ ജനങ്ങള്‍ ഒറ്റകെട്ടായി രംഗത്ത് വരികയും പ്രതികരിക്കുകയും ചെയ്തിട്ടുള്ള സന്ദര്‍ഭത്തില്‍ ജനകീയ ഐക്യവും, മതസൗഹാര്‍ദ്ദവും തകര്‍ക്കുന്ന ചില ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ മലബാര്‍ മേഖലയില്‍ ഉണ്ടാകുന്നത് അപലപനീയമാണ്. സംഘടിതമായി ഇന്ന് നടന്നിട്ടുള്ള അക്രമപ്രവര്‍ത്തനങ്ങളില്‍ നിരപരാധികള്‍ ഒട്ടനവധി ഇരകളായി തീര്‍ന്നു, അവരുടെ ജീവിതകാല സമ്പാദ്യവും നശിപ്പിച്ചു. ബിജെപിയുടേതടക്കം പല പാര്‍ട്ടികളുടെയും കൊടിയും ബോര്‍ഡുകളും തകര്‍ത്തു. ചില കടകളും വീടുകളും തിരഞ്ഞു പിടിച്ചു ആക്രമിച്ചു. 

യാതൊരു മുന്നറിയിപ്പും കൂടാതെ നടത്തിയ ഈ ഹര്‍ത്താല്‍ ജനാധിപത്യ കേരളത്തിന് ഭൂഷണമല്ല.. ജനങ്ങളുടെ സ്വര്യജീവിതം ഉറപ്പുവരുത്തുവാന്‍ ഉള്ള ബാധ്യതയില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞു മാറാതെ കൂടുതല്‍ പോലീസ് സേനയെ നിയോഗിച്ചു ഇത്തരം അക്രമത്തെ തടയാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

content highlights: Kummanam rajasekharan, Hartal