സുനിയുടെയും ജെഫിന്റെയും മൃതദേഹങ്ങൾ വെച്ചൂർ മഞ്ചാടിക്കരിയിലെ വീട്ടിലേക്ക് വള്ളത്തിൽ കൊണ്ടുപോകുന്നു, മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കളും നാട്ടുകാരും
വെച്ചൂര്‍: പിറന്നവീട്ടിലേക്ക് നിശബ്ദം വള്ളത്തിലേറി അവര്‍ ഇരുവരും എത്തി. വെള്ളത്താല്‍ ചുറ്റപ്പെട്ട വെച്ചൂര്‍ മഞ്ചാടിക്കരി പ്രദേശം നിശബ്ദമായിനിന്നു. കൈപ്പുഴയാറിനെ കീറുമുറിച്ചുകൊണ്ട് വലിയ വള്ളത്തില്‍ കിടങ്ങലശ്ശേരി ജെഫിന് കെ.പോളി(36)ന്റെയും ഭാര്യ സുനി(30)യുടെയും അന്ത്യയാത്രയില്‍ നാട് കണ്ണീരണിഞ്ഞുനിന്നു.
കൈപ്പുഴമുട്ട് സെന്റ് ആന്റണീസ് പള്ളിക്ക് സമീപം ബുധനാഴ്ച കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെഫിനും ഭാര്യ സുനിയും മരിക്കുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നരവയസ്സുള്ള മകന് ആല്‍ഫിനും ഒന്നരവയസ്സുള്ള മകള്‍ അല്ഫിയയായും അദ്ഭുതകരമായി രക്ഷപ്പെട്ടു.
ആല്ഫിന് കാലിന് പരിക്കുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹം മഞ്ചാടിക്കരി സെന്റ് മൈക്കിള്‍ സി.എസ്.ഐ. പള്ളിക്ക് സമീപം എത്തിച്ചത്.
അതിനു മുമ്പ് തന്നെ മറുകരയിലുള്ള ജെഫിന്റെ വീട്ടിലേക്ക് മൃതദേഹം എത്തിക്കാനായി വലിയ വള്ളവും കൈപ്പുഴയാറിന് കുറുകെ കയറും കെട്ടിയിരുന്നു. ആംബുലന്സുകളില്നിന്നും ഇരുവരുടെയും മൃതദേഹങ്ങള്‍ വള്ളത്തിലേക്ക് കയറ്റി. മൃതദേഹങ്ങള്‍ വീട്ടിലേക്ക് എത്തിച്ചപ്പോള്‍ അച്ഛന് നെബുവിന്റെയും അമ്മ പൊന്നമ്മയുടെ സഹോദരി സ്റ്റെഫിയുടെയും സഹോദരന് സ്റ്റെഫിന്റെയും അടുത്തബന്ധുമിത്രാദികളുടെയും ദുഃഖം അടക്കിനിര്‍ത്താനായില്ല. ഇവരെ സമാധാനിപ്പിക്കാന്‍ മറ്റുള്ളവര്‍ക്കായില്ല.
തുടര്‍ന്ന് മഞ്ചാടിക്കരി സെന്റ് മൈക്കിള്‍ സി.എസ്.ഐ. പള്ളിക്ക് സമീപമുള്ള ഹാളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുവെച്ചു. ആയിരങ്ങളാണ് ഇരുവരെയും ഒരുനോക്കുകാണാനായി എത്തിയത്. തുടര്‍ന്ന് വൈകീട്ടോടെ മൃതദേഹങ്ങള്‍ തോട്ടകം വാക്കേത്തറ ബഥേല്‍ ഹോസ്ബെല്‍ അസംബ്ലി സെമിത്തേരിയില്‍ സംസ്കരിച്ചു.
ആഘോഷങ്ങള്‍ നടക്കേണ്ട വീട്ടില്‍ അന്ത്യോപചാരം
വീട്ടിലെ ആഘോഷത്തിലേക്കുള്ള യാത്രയിലാണ് ജെഫിന്റെയും സുനിയുടെയും മരണം. ജെഫിന്റെ അനുജന് സ്റ്റെഫിന്റെ കല്യാണവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍നിന്നു 20-ല്‍പ്പരം ആളുകള്‍ വ്യാഴാഴ്ച രാവിലെ എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിനു മുന്നോടിയായി വീട്ടില്‍ പന്തലിടാനുള്ള തിരക്കിലായിരുന്നു ജെഫിന്. പന്തല്‍ സാമഗ്രികള്‍ വീട്ടിലെത്തിക്കാന്‍ സുഹൃത്തുക്കളോട്് ജെഫിന് പറഞ്ഞിരുന്നു.
അതനുസരിച്ച് സാമഗ്രികള്‍ സുഹൃത്തുക്കള്‍ വീട്ടില്‍ എത്തിച്ചു. അതിനിടയിലാണ് സുനിയെയും മക്കളെയും വിളിക്കാനായി ജെഫിന് മല്ലപ്പള്ളിയിലേക്ക് പോയത്. അവിടെനിന്ന് തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.
ഒന്നും അറിയാതെ അല്‍ഫിയ
മാതാപിതാക്കളുടെ സ്നേഹകരുതല്‍ മൂന്നരവയസ്സുകാരന് ആല്‍ഫിനും ഒന്നരവയസ്സുകാരി അല്‍ഫിയയ്ക്കും ഇനിയില്ല. മാതാപിതാക്കളെ അവസാനമായി ഒരു നോക്കുകാണാന്‍ കാലിന് പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആല്ഫിനായില്ല. അപകടത്തില്‍നിന്നു അദ്ഭുതകരമായി രക്ഷപ്പെട്ട അല്‍ഫിയ തന്റെ മാതാപിതാക്കള്‍ക്ക് എന്ത് സംഭവിച്ചെന്നറിയാതെ സുനിയുടെ അമ്മ വത്സമ്മയ്ക്കും ഇളയമ്മ റെജീനയ്ക്കൊപ്പമായിരുന്നു.
വിഷ്ണുവിനും സുരേഷിനും മറക്കാനാകുന്നില്ല, ആ വാക്കുകള്‍
കുമരകം : 'എന്റെ മക്കള്‍ എന്തിയേ...വല്ലതുംപറ്റിയോ... ആശുപത്രി എത്താറായോ, ഞങ്ങള്‍ക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ...' സുരേഷിന്റെയും വിഷ്ണുവിന്റെയും കാതുകളില്‍ ഇപ്പോഴും ഈ ശബ്ദം മുഴങ്ങുന്നു. കൈപ്പുഴമുട്ടില്‍ അപകടത്തില്‍പ്പെട്ട ജിഫിനെയും കുടുംബത്തെയും മെഡിക്കല്‍ കോളേജില്‍ എത്തിച്ചത് കോട്ടയം ക്യു.ആര്.എസ്സിലെ ജനറേറ്റര്‍ ടെക്നീഷ്യന്മാരായ പരിപ്പ് സ്വദേശി സുരേഷ് വി.സോമനും, ഒളശ്ശ സ്വദേശി വിഷ്ണുഷാജിയുമാണ്. ദമ്പതിമാരുടെ വേദന നിറഞ്ഞ വാക്കുകള്‍ ഇവര്‍ക്ക് മറക്കാനാകുന്നില്ല.
ബുധനാഴ്ച ജോലികഴിഞ്ഞ് വൈക്കത്തുനിന്നു തിരിച്ചുവരുംവഴി ആള്‍ക്കൂട്ടം കണ്ടാണ് വാഹനം നിര്‍ത്തിയത്. ആ സമയം രണ്ട് കുട്ടികളെയും കരയ്ക്ക് എടുത്തിരുന്നു. ബോധരഹിതരായ ജിഫിനെയും സുനിയെയും തോട്ടില്‍നിന്നു നാട്ടുകാര്‍ കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല സര്‍വീസ് വാനിലെ സാധനങ്ങള്‍ ഒതുക്കിവച്ച് അപകടത്തില്‍പ്പെട്ടവരെ വാനില്‍ കയറ്റി. 20 മിനിറ്റിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചു.
വൈകീട്ട് 5.30-ന് സര്‍വീസ് വാന്‍ ഓഫീസിലെത്തിക്കണമെന്ന കാര്യം തന്നെ മറന്നു. രാത്രി 7.45-ഓടെ ഓഫീസിലെത്തുമ്പോള്‍ വാഹനം നിറയെ രക്തമായിരുന്നു. വാന്‍ കഴുകി വൃത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് വിളിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്.
'ഇന്ന് ജോലിക്ക് എത്തി വാഹനമെടുത്തപ്പോള്‍ വാനിന്റെ ഉള്ളില്‍ അവരുള്ളതു പോലെ തോന്നല്‍. ആകെ സങ്കടത്തിലായ ദിവസം. എത്ര ശ്രമിച്ചിട്ടും അവരുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ലല്ലോ എന്ന ദുഃഖം മാത്രം. രാവിലെ അവിടെ പോകണം എന്ന് കരുതിയെങ്കിലും മനസ്സ് അനുവദിച്ചില്ല. അവരുടെ ചേതനയറ്റ ശരീരം കാണാന്‍.''- സുരേഷും വിഷ്ണുവും പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..