ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ(ഫോട്ടോ: സാബു സ്കറിയ), ഡോ.റിജി ജോൺ(ഫോട്ടോ:മാതൃഭൂമി)
കൊച്ചി: ഫിഷറീസ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ. റിജി ജോണിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകള്‍ക്കും യുജിസി ചട്ടം ബാധകമാണെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. യുജിസി ചട്ടങ്ങളില്‍ വന്ന മാറ്റം കോടതിയില്‍ നിന്ന് റിജി ജോണ്‍ മറച്ചുവെച്ചെന്ന ഗുരുതരമായ ആരോപണവും ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
കുഫോസ് വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ഹൈക്കോടതി വിധിക്കെതിരെ മുന്‍ വൈസ് ചാന്‍സലര്‍ കെ. റിജി ജോണ്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിന് നല്കിയ മറുപടിയിലാണ് കെ. റിജി ജോണിന്റെ നിയമനം ചട്ട വിരുദ്ധമാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുന്നത്. നിയമനം നിയമവിധേയമായാണ് നടന്നതെന്നായിരുന്നു ഗവര്‍ണര്‍ കേരള ഹൈക്കോടതിയില്‍ എടുത്തിരുന്ന നിലപാട്. എന്നാല്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ യുജിസി ചട്ടം പാലിക്കണമെന്ന സുപ്രീം കോടതിയുടെ രണ്ട് വിധികളുടെ പശ്ചാത്തലത്തില്‍ താന്‍ നിലപാട് മാറ്റുകയാണെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചാന്‍സലര്‍ എന്ന നിലയില്‍ ഭരണഘടന പിന്തുടരാന് ബാധ്യസ്ഥനാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
2018-ലെ യുജിസി ചട്ടങ്ങള്‍ കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് ബാധകമല്ലെന്നായിരുന്നു കെ. റിജി ജോണിന്റെ പ്രധാന വാദം. അധ്യാപക, അനധ്യാപക നിയമനത്തില്‍ ഉള്‍പ്പടെ കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകള്‍ക്കും യുജിസി ചട്ടം ബാധകമാണെന്ന് വ്യക്തമാക്കി 2019-ല്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. അതിനാല്‍ ഫിഷറീസ് സര്‍വകലാശാലക്കും യുജിസി ചട്ടം ബാധകമാണെന്ന് ചാന്‍സലര്‍ ചൂണ്ടിക്കാട്ടുന്നു.
1998-ലെ യുജിസി ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ഉദ്ധരിച്ചാണ് കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് ചട്ടങ്ങള്‍ ബാധകമല്ലെന്ന് റിജി ജോണ്‍ വാദം ഉന്നയിക്കുന്നതെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 1998-ലെ ചട്ടങ്ങള്‍ക്ക് ശേഷം 2000-ലും 2010-ലും 2018-ലും ചട്ടങ്ങള്‍ പരിഷ്കരിച്ചു. 2018-ലെ യുജിസി ചട്ടങ്ങളില്‍ കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് അവ ബാധകമല്ലെന്ന് രേഖപെടുത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1998-ലെ ചട്ടങ്ങള്‍ പിന്നീട് മൂന്ന് തവണ മാറിയെന്ന വസ്തുത കോടതിയില്‍ നിന്ന് ഡോ. റിജി ജോണ്‍ മറച്ചുവച്ചെന്നും ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്.
വൈസ് ചാന്‍സലര്‍മാരുടെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെ സംബന്ധിച്ചോ തിരഞ്ഞെടുപ്പ് സമിതിയെ സംബന്ധിച്ചോ പാർലമെന്റ് നിയമം പാസാക്കിയിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതിനാല്‍ വിസി തെരഞ്ഞെടുപ്പിന് സംസ്ഥാനം പാസ്സാക്കിയ നിയമത്തിനാണ് പ്രാധാന്യം. സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിന് യുജിസി ചട്ടങ്ങളെക്കാള്‍ പ്രാമുഖ്യമുണ്ടെന്നും ഹര്‍ജിയില്‍ കേരളം വിശദീകരിച്ചിട്ടുണ്ട്.
Content Highlights: kufos vc dr riji johns appoinment against ugc regulation says governor arif mohammed khan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..