പി.ഐ. ശ്രീവിദ്യ ഐ.എ.എസ്
കാല്‍ നൂറ്റാണ്ട് എന്നത് വളരെ ചെറിയൊരു കാലയളവല്ല. പക്ഷെ ഇത്രയും കാലം നിരന്തരം സമൂഹത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ തുടര്‍ച്ചയായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന സ്ത്രീകളുടെ മാത്രമൊരു ഒരു സംവിധാനം ഉണ്ടെങ്കില്‍ അത് കുടുംബശ്രീയെന്ന പ്രസ്ഥാനമാണ്. കേരള സമൂഹത്തില്‍ ലിംഗ സമത്വവും സ്ത്രീകളുടെ അഭിമാനബോധവും ഒക്കെ വളര്‍ത്തിയ കുടുംബശ്രീ പ്രസ്ഥാനം നിര്‍ണായകമായൊരു കാലഘട്ടം പിന്നിട്ടിരിക്കുകയാണ്. പിന്നിട്ട വഴികളേപ്പറ്റിയും വരാനുള്ള ഉത്തരവാദിത്തങ്ങളേപ്പറ്റിയും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
കഴിഞ്ഞ കാല്‍നൂറ്റാണ്ട് കൊണ്ട് കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ കുടുംബശ്രീ ഉണ്ടാക്കിയെടുത്ത മാറ്റം, അതെത്രത്തോളമുണ്ടെന്ന് വിശദീകരിക്കാനാകുമോ?
കുടുംബശ്രീയുടെ രജത ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 വര്‍ഷത്തിനിടെ കുടുംബശ്രീയിലൂടെ സമൂഹത്തിലുണ്ടായ മാറ്റമെന്താണെന്ന് വെച്ചാല്‍ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ഒരിടം കിട്ടിയെന്നതാണ് പ്രധാനം. അക്കാര്യം ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കും. കാരണം പൊതുവേദികളിലോ, പൊതുവായ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടാന്‍ വിമുഖത കാട്ടിയിരുന്ന സാധാരണക്കാരായ സ്ത്രീകള്‍ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഭാഗമായതോടുകൂടി വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങി.
ഗ്രാമസഭകള്‍ അടക്കമുള്ള തീരുമാനങ്ങളെടുക്കുന്ന വേദികളില്‍ സ്വന്തം അഭിപ്രായം പറയുന്ന രീതിയിലെത്തി. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഒരു സമൂഹത്തിന്റെ ശബ്ദമായി മാറി അവരെ പ്രതിനിധാനം ചെയ്യുന്നവരായി കുടുംബശ്രീ പ്രവര്‍ത്തകര്‍ മാറി. ഈയൊരു മാറ്റം സ്ത്രീകള്‍ക്കുണ്ടായത് കുടുംബശ്രീയിലൂടെയാണ്. ഇത് കുടുംബശ്രീ വന്നതിന് ശേഷം കേരളസമൂഹത്തിനുണ്ടായ മാറ്റമാണെന്നും പറയാന്‍ സാധിക്കും.
കഴിഞ്ഞ 24 വര്‍ഷത്തിനിടെ നിരവധി പദ്ധതികള്‍ കുടുംബശ്രീ ഏറ്റെടുത്ത് മാതൃക കാണിച്ചിട്ടുണ്ട്. അതിലൊന്നാണ് മൈക്രോ ഫിനാന്‍സ് പദ്ധതി. ഇതിനൊപ്പം കുടുംബശ്രീ ചെറുകിട ബാങ്കിങ് മേഖലയിലേക്ക് കടക്കുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ എവിടം വരെയായി?
മൈക്രോഫിനാന്‍സ് എന്നത് കുടുംബശ്രീയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായ ഒന്നാണ്. സ്ത്രീകളുടെ സമ്പാദ്യ ശീലം വര്‍ധിപ്പിക്കാന്‍ സഹായിച്ചതിന് പുറമെ വട്ടിപ്പലിശക്കാരെ ആശ്രയിക്കാതെ അവര്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ നടത്താനും സംരഭങ്ങള്‍ തുടങ്ങാനും ഒക്കെ മൈക്രോഫിനാന്‍സ് വഴി സാധിക്കുന്നുണ്ട്.
ഇതിനൊപ്പം ബാങ്കിങ് മേഖലയിലേക്ക് കുടുംബശ്രീയുടെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രാഥമിക തലത്തിലുള്ള പഠനങ്ങള്‍ ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ബാങ്കിങ് മേഖലയുടെ പ്രായോഗികത പഠിച്ചതിന് ശേഷം മാത്രമേ അതിലേക്ക് ഇറങ്ങാന്‍ സാധിക്കു. ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുള്‍പ്പെടെയുള്ള വിദഗ്ധരുമായുള്ള ചര്‍ച്ചകളും പഠനങ്ങളും ഒരു ഏജന്‍സി മുഖേനെ നടത്തി വരുന്നുണ്ട്.
നമ്മുടെ സമൂഹത്തിന്റെ ഒരു സ്വഭാവം എന്നത്, ഇടത്തരം കുടുംബങ്ങളില്‍ സ്ത്രീകള്‍ക്ക് സമ്പാദിക്കാന്‍ സാധിക്കുന്നുവെങ്കില്‍ പോലും അത് സ്വന്തം നിലയില്‍ വിനിയോഗിക്കാന്‍ സാധിക്കാതെ വരുന്നുവെന്നതാണ്. സ്ത്രീകളുടെ സമ്പാദ്യവും ആ കുടുംബത്തിലെ പുരുഷന്മാര്‍ ആണ് കൈകാര്യം ചെയ്യുന്നത്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് കുടുംബശ്രീയ്ക്ക് എന്ത് പങ്ക് വഹിക്കാനായി?
കുടുംബശ്രീയുടെ ഭാഗമായതിന് ശേഷം അവര്‍ സ്വന്തമായി വരുമാനം കണ്ടെത്തുന്നു അല്ലെങ്കില്‍ അതിന് സാധിക്കുന്നു. വെറും വരുമാനം നേടിയെടുക്കാന്‍ മാത്രമല്ല കുടുംബശ്രീ സ്ത്രീകളെ പ്രാപ്തരാക്കുന്നത്. സ്ത്രീയുടെ പദവി, ലിംഗപദവി സമത്വം ആ ഒരു ലക്ഷ്യത്തിലേക്ക് കുടുംബശ്രീ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. സ്വന്തം വീട്ടിലും അല്ലെങ്കില്‍ സമൂഹത്തിലും തുല്യമായൊരു പദവി പുരുഷനോടൊപ്പം ലഭിക്കുന്നുണ്ട്.
ഇവിടെ സൂചിപ്പിച്ചതുപോലെ സാമ്പത്തികമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതുള്‍പ്പെടെയുള്ള കുടുംബങ്ങളിലെ പല പ്രധാന കാര്യങ്ങളിലും തീരുമാനമെടുക്കുന്നതുപോലെയുള്ള കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യമായ പങ്കാളിത്തം കിട്ടുന്നുണ്ടോയെന്ന പരിശോധിക്കാന്‍ സ്വയം പഠന പ്രക്രിയയുടെ ഭാഗമായി പഠനങ്ങള്‍ നടത്താറുണ്ട്.
ഇതിന്റെ ഭാഗമായി അവരിലേക്ക് സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റിയും ലിംഗപദവി സമത്വത്തെ പറ്റിയും ഒരുപാട് ചര്‍ച്ചകള്‍ താഴേത്തട്ടിലേക്ക് നല്‍കുന്നുണ്ട്. ഒരു സ്ത്രീപക്ഷ നവകേരളം എന്ന കാമ്പയിന് തന്നെ തുടക്കമിട്ടിട്ടുണ്ട്. വീട്ടിലും നാട്ടിലുമൊക്കെ സ്ത്രീകളുടെ പദവി നേടിയെടുക്കല്‍ കുറച്ചധികം കാലം വേണ്ടിവരുന്നൊരു പ്രക്രിയ ആണ്. കുടുംബശ്രീ അക്കാര്യങ്ങളിലും ഇടപെടുന്നുണ്ട് എന്നുള്ളതാണ്.
ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യത്തില്‍ തുടങ്ങിയ ഒരു സംരംഭം ഇന്ന് നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നു. ഇനി ഭാവിയിലേക്കുള്ള പദ്ധതികളെന്തൊക്കെയാണ്?
കുടുംബശ്രീ നിലവില്‍ എല്ലാ മേഖലകളിലും ഇറങ്ങി പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. എങ്കിലും അവയിലൊക്കെയും അടുത്ത ഘട്ടത്തിലേക്കുള്ള വളര്‍ച്ച കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റമൊക്കെ വരേണ്ടതുണ്ട്. അന്നത്തെ സാഹചര്യമല്ല, നമ്മുടെ സമൂഹത്തന്റെ ആവശ്യവും വിപണിയുമൊക്കെ മാറിക്കഴിഞ്ഞു. അതിനനുസരിച്ച് കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണ്.
നൂറുകണക്കിന് പദ്ധതികളും സംരംഭങ്ങളും ഇപ്പോള്‍ കുടുംബശ്രീയിലുടെ നടക്കുന്നുണ്ട്. ഇതിനെയൊക്കെ കുറച്ചുകൂടി പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നതിനും സ്ത്രീകള്‍ എടുക്കുന്ന പ്രവര്‍ത്തനത്തിന് അനുസരിച്ചുള്ള തുല്യമായ വരുമാനം കിട്ടുന്ന രീതിയിലേക്ക് ഈ സംരംഭങ്ങളെ മികച്ച നിലയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും.
അതൊരു അനിവാര്യതയാണ്. അത്തരം സെക്ടറുകളിലാണ് കുടുംബശ്രീ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാലത്തിന്റെ മാറ്റം അനുസരിച്ച് ഒരുപാട് മേഖലകളില്‍ ആവശ്യങ്ങള്‍ വന്നേക്കാം. അതിനനുസരിച്ച് കുടുംബശ്രീ തീര്‍ച്ചയായും ഇടപെടുകയും ചെയ്യും.
കാലം ഒരുപാട് മുന്നോട്ടുപോയിട്ടും, നിരവധി പുരോഗതി കൈവരിച്ചുവെന്ന് അവകാശപ്പെടുമ്പോഴും കാലങ്ങളായി അവഗണിക്കപ്പെടുന്നവരാണ് ആദിവാസികള്‍. ഈ മേഖലയില്‍ മാറ്റം കൊണ്ടുവരാന്‍ എന്ത് ഇടപെടലാണ് കുടുംബശ്രീയുടെ ഭാഗത്തുനിന്നുണ്ടായത്?
രജത ജൂബിലി ആഘോഷവേദിയില്‍ അട്ടപ്പാടി ആദിവാസി മേഖലയില്‍ നിന്നുള്ള സ്ത്രീ സംസാരിക്കുകയുണ്ടായി. അതൊരു മാറ്റമാണ്. അട്ടപ്പാടിയെന്നത് ഏറെ പിന്നോക്കം നില്‍ക്കുന്ന മേഖലയാണ്. അവിടെ നിരവധി വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനൊപ്പം പ്രത്യേക പ്രോജക്ടായി കുടുംബശ്രീയും അവിടെയുണ്ട്. അട്ടപ്പാടി മാത്രമല്ല, എട്ടോളം പ്രത്യേക പദ്ധതികളാണ് ആദിവാസി മേഖലകളില്‍ കുടുംബശ്രീയിലൂടെ നടപ്പിലാക്കുന്നത്.
അവരുടെ സംസ്‌കാരമൊക്കെ ഉള്‍ക്കൊണ്ടുകൊണ്ട്, അവര്‍ക്കെന്താണോ ചെയ്യാന്‍ പറ്റുന്നത് ആരീതിയില്‍ അവരോടൊപ്പം നിന്നുകൊണ്ട് അവര്‍ക്കൊരു വരുമാനമുണ്ടാക്കുക, അതോടൊപ്പം വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ ആരോഗ്യം, കുട്ടികളുടെ ആരോഗ്യം, മദ്യപാനം പോലെയുള്ള ദുശീലങ്ങള്‍ ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ ഊരുസമിതിവഴിയാണ് നടപ്പിലാക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടുകൂടി ഇടുക്കിയിലും വയനാട്ടിലുമുള്‍പ്പെടെ എട്ട് മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതിന് പുറമെ എല്ലാ ജില്ലകളിലും ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന വെച്ച് പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. അവരുടെ ഇടയില്‍ നിന്ന് തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളെയാണ് കുടുംബശ്രീയുടെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കുന്നത്. അവരെ ശാക്തീകരിച്ചാല്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും.
അട്ടപ്പാടിയുടെ കാര്യം നോക്കിയാല്‍ പഠനത്തില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന വിദ്യാര്‍ഥികളെ തിരികെ കൊണ്ടുവരാനുള്ള ബ്രിഡ്ജ് കോഴ്സുകള്‍ തുടങ്ങി. ഈ വരുന്ന 19ന് ഗ്രാമകിരണം എന്ന പേരില്‍ ആദിവാസി ചെറുപ്പക്കാരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള നൈപുണ്യവികസന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.
കുടുംബശ്രീയുടെ സംഘടനാ സംവിധാനം അനുസരിച്ച് മൂന്നുവര്‍ഷം കൂടുമ്പോള്‍ തിരഞ്ഞെടുപ്പ് നടത്താറുണ്ട്. എസ്.സി- എസ്-എസ്ടി മേഖലകളിലുള്ളവര്‍ക്ക് അര്‍ഹമായി പ്രാധാന്യം ലഭിക്കുന്നതിനായി അവര്‍ക്കായി സംവരണവും കൂടി ഏര്‍പ്പെടുത്തിയാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടത്തിയത്. അങ്ങനെ നല്ലൊരു ശതമാനം സ്ത്രീകള്‍ തീരുമാനങ്ങളെടുക്കുന്ന കുടുംബശ്രീയുടെ സമിതികളിലേക്ക് വന്നിട്ടുണ്ട് എന്നതും വലിയൊരു മാറ്റമാണ്.
തുടക്കം മുതല്‍ കുടുംബശ്രീയൊടൊപ്പമുള്ളവരാണ് ഇപ്പോഴും ഈ പ്രസ്ഥാനത്തില്‍ അധികവും. പുതുതലമുറയില്‍ പെട്ട നിരവധി ആളുകള്‍ ഇപ്പോഴും ഈ സംവിധാനത്തിന് പുറത്താണ്. എന്നാണ് അവരെക്കൂടി ഉള്‍ക്കൊള്ളുന്നത്?
ചെറുപ്പക്കാരെക്കൂടി കുടുംബശ്രീയുടെ ഭാഗമാക്കാനാണ് ഓക്സിലറി യൂണിറ്റ് എന്ന സംവിധാനത്തിന് കഴിഞ്ഞവര്‍ഷം തുടക്കം കുറിച്ചത്. തുടക്കം മുതലുള്ളവരാണ് കൂടുംബശ്രീയുടെ സംഘങ്ങള്‍. കൊഴിഞ്ഞുപോക്ക് കുടുംബശ്രീയെ സംബന്ധിച്ച് കുറവാണ്.
നിലവിലെ ഭരണഘടന പ്രകാരം ഒരുകുടുംബത്തിലെ ഒരു സ്ത്രീയ്ക്ക് മാത്രമേ ഇതില്‍ അംഗമാകാന്‍ സാധിക്കു. അപ്പോള്‍ അവരുടെ മക്കള്‍, സഹോദരിമാര്‍, മരുമക്കള്‍ ഇവര്‍ക്ക് അതിലേക്ക് വരാന്‍ സാധിക്കില്ല. അതുകൊണ്ടാണ് 18 മുതല്‍ 40 വയസുവരെയുള്ള പുതു തലമുറയില്‍ പെട്ടവര്‍ക്ക് വേണ്ടി പുതിയ ഓക്സിലറി യൂണിറ്റ് ഗ്രൂപ്പ് ആരംഭിച്ചത്.
കുടുംബശ്രീയുടെ ഭാഗമല്ലാത്ത ഏതൊരു പെണ്‍കുട്ടിക്കും അതില്‍ അംഗമാകാം. പുതുതലമുറയുടെ ആവശ്യങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് അതിലൂടെ നമ്മള്‍ പ്രാവര്‍ത്തികമാക്കുന്നത്. ഇത്തരക്കാര്‍ക്ക് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും, പുതിയ സംരംഭങ്ങള്‍ തുടങ്ങാനുമുള്ള സഹായം ഇങ്ങനെ നല്‍കാന്‍ സാധിക്കും. മിക്കവരും ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെയുള്ളവരാണ്. എന്നാല്‍ പെട്ടെന്ന് അവര്‍ക്കൊരു ജോലിക്ക് വേണ്ടി അഭിമുഖങ്ങള്‍ക്ക് പോകാന്‍ സാധിക്കുന്നവരാകില്ല.
അതിനുള്ള പരിശീലനങ്ങള്‍ നല്‍കുക, എന്താണോ ആവശ്യം അതിനനുസരിച്ചുള്ള നൈപുണ്യ പരിശീലനങ്ങള്‍ ഉള്‍പ്പെടെ നല്‍കി അവരെ പ്രാപ്തരാക്കുന്ന പ്രവര്‍ത്തനങ്ങളും ഇതിലൂടെ നല്‍കും. ഇവരുട ്ഭിരുചികളും തിരഞ്ഞെടുപ്പുമൊക്കെ അനുസരിച്ചുള്ള പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്
Content Highlights: Kudumbashree makee new face for women
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..