പ്രതീകാത്മക ചിത്രം | Screengrab: Mathrubhumi News
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ബി.ടെക് പരീക്ഷ കോപ്പിയടിയുമായി ബന്ധപ്പെട്ട് വിദ്യാർഥികളിൽനിന്ന് പിടിച്ചെടുത്തത് 28 മൊബൈൽ ഫോണുകൾ. നാല് കോളേജുകളിൽനിന്നാണ് ഇത്രയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ഇൻവിജിലേറ്റർമാരെ തെറ്റിദ്ധരിപ്പിക്കാൻ ഒരു മൊബൈൽ ഫോൺ പുറത്തുവെച്ച് മറ്റൊരു ഫോണുമായാണ് വിദ്യാർഥികൾ പരീക്ഷാഹാളിലേക്ക് പ്രവേശിച്ചതെന്നും കണ്ടെത്തി.
ഒരു കോളേജിൽനിന്ന് മാത്രം 16 ഫോണുകളാണ് പിടിച്ചെടുത്തത്. മറ്റൊരു കോളേജിൽനിന്ന് 10 ഫോണുകളും വിദ്യാർഥികളിൽനിന്ന് പിടികൂടി. ഹൈടെക്ക് കോപ്പിയടിക്കായി ഒട്ടേറെ വാട്സാപ്പ് ഗ്രൂപ്പുകളാണ് പ്രവർത്തിച്ചിരുന്നത്. ഏകദേശം 75 മാർക്കിന്റെ ഉത്തരങ്ങൾ ഈ വാട്സാപ്പ് ഗ്രൂപ്പുകളിൽ വന്നതായും കണ്ടെത്തിയിട്ടുണ്ട്.
മൊബൈൽ ഫോണുമായി പരീക്ഷാഹാളിലേക്ക് കയറിയ വിദ്യാർഥികൾ ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് വാട്സാപ്പ് ഗ്രൂപ്പിൽ ഇടുന്നതാണ് കോപ്പിയടിയുടെ ആദ്യഘട്ടം. ചോദ്യപേപ്പർ അപ് ലോഡ് ചെയ്താൽ ഇതിന്റെ ഉത്തരങ്ങളും ഗ്രൂപ്പിലെത്തും. ഹൈടെക്ക് കോപ്പിയടി നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബി.ടെക് മൂന്നാം സെമസ്റ്റർ പരീക്ഷ സാങ്കേതിക സർവകലാശാല റദ്ദാക്കിയിരുന്നു. അതേസമയം, കോപ്പിയടി വിഷയത്തിൽ പോലീസിൽ പരാതി നൽകണമോ എന്നകാര്യത്തിൽ അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമെടുക്കും.
Content Highlights:ktu btech exam cheating 28 mobile phones seized from students
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..