തിരുവനന്തപുരം: കേരളമാകെ നടക്കുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍പിന്തുണ നല്‍കി കെ.ടി.ഡി.സി. സംസ്ഥാനത്ത് പലയിടങ്ങളിലും കുടുങ്ങിപ്പോയിട്ടുള്ള വിദേശികളും സ്വദേശികളുമായിട്ടുള്ള സഞ്ചാരികള്‍, വിവിധരാജ്യങ്ങള്‍ ഒഴിപ്പിക്കുവാന്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന സഞ്ചാരികള്‍ എന്നിവര്‍ക്ക് ടൂറിസം ഹെല്‍പ് ഡെസ്‌ക്, ജില്ലാ ഭരണാധികാരികള്‍ തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രതിരോധ പ്രോട്ടോക്കോള്‍ പാലിച്ച് താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ കെ.ടി.ഡി.സി.യുടെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നല്‍കിവരുന്നു.

ഇപ്രകാരമാണ് പാലക്കാട് മലമ്പുഴയിലുള്ള ഗാര്‍ഡന്‍ ഹൗസ്, കൊച്ചിയിലുള്ള ബോള്‍ഗാട്ടി പാലസ്, തണ്ണീര്‍മുക്കത്തുള്ള കുമരകം ഗേറ്റ് വേ, ആലപ്പുഴയിലുള്ള റിപ്പിള്‍ ലാന്‍ഡ്, കോവളത്തെ സമുദ്ര ഹോട്ടല്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചിട്ടുള്ളതും ഇപ്പോള്‍ ആളുകളെ പാര്‍പ്പിക്കുന്നതും. കെ.ടി.ഡി.സിയുടെ തലസ്ഥാനത്തെ ഹോട്ടലായ മസ്‌കറ്റ് ഹോട്ടല്‍ ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ്. 

ഓരോ സ്ഥാപനത്തിലെ മാനേജര്‍മാരും ജീവനക്കാരും സ്വമേധയാ ഉത്തരവാദിത്തം ഏറ്റെടുത്ത് സേവനത്തിനായി മുന്നോട്ടുവന്നിട്ടുണ്ട്. ജീവനക്കാര്‍ക്ക് സാമൂഹിക അകല്‍ച്ച ബാധകമാക്കിക്കൊണ്ട് ജോലി ചെയ്യുവാനുള്ള സാഹചര്യമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ കയ്യുറകള്‍, മുഖാവരണം, കൈ കഴുകാനുള്ള സോപ്പ് ലായനികള്‍, വൃത്തിയാക്കാന്‍ സാനിറ്റൈസറുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് പുറത്തുപോകാന്‍ കഴിയാത്ത സാഹചര്യമുള്ളതിനാല്‍ അവര്‍ക്ക് താമസസൗകര്യവും ഭക്ഷണവും അതത് ഹോട്ടലുകളില്‍ ഒരുക്കിയിട്ടുണ്ട്. ജീവനക്കാരുടെ മാര്‍ച്ച് മാസത്തിലെ ശമ്പളം 23-ാം തിയതി തന്നെ കെ.ടി.ഡി.സി. നൽകിയിട്ടുണ്ട്. 

content highlights: ktdc supports government's corona containment activities